Connect with us

Kerala

എന്‍ എസ് എസിനെതിരെ ലേഖനം; ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

Untitled-1

കോഴിക്കോട്: എന്‍ എസ് എസിനെയും ജി സുകുമാരന്‍ നായരെയും രൂക്ഷമായി വിമര്‍ശിച്ച് എഴുതിയ ലേഖനത്തിന് ചന്ദ്രിക ക്ഷമാപണം നടത്തി. പ്രതിഛായ എന്ന പംക്തിയിലായിരുന്നു ലേഖനം വന്നിരുന്നത്. ഇടതുപക്ഷ സഹയാത്രികനായ എ പി കുഞ്ഞാമുവാണ് ലേഖനം എഴുതിയത് എന്നാണ് ചന്ദ്രിക വിശദീകരണം നല്കിയത്. ഇതില്‍ ലീഗിന് പങ്കില്ല. ലീഗിനോ ചന്ദ്രികക്കോ എന്‍ എസ് എസിനോടോ സുകുമാരന്‍ നായരോടോ വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു. എന്നാല്‍ മറ്റു മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങള്‍ക്ക് സമുദായ നേതാക്കളെയും മറ്റും യഥേഷ്ടം പരിഹസിക്കാമെങ്കില്‍ ചന്ദ്രികക്ക് അത് പാടില്ലെന്ന് പറയുന്നത് മാധ്യമ ഫാസിസമാണെന്നും ചീഫ് എഡിറ്ററുടെ കുറിപ്പില്‍ പറയുന്നു.

അതേസമയം മാനഹാനിയുണ്ടാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു എന്ന് കാണിച്ച് ചന്ദ്രികക്കെതിരെ എന്‍ എസ് എസ് വക്കീല്‍ നോട്ടീസ് അയച്ചു. ചന്ദ്രിക പബ്ലിഷര്‍ പി കെ കെ ബാവ, എഡിറ്റര്‍ സി പി സെയ്തലവി എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍ പിള്ള വഴിയാണ് നോട്ടീസ് അയച്ചത്.

ചന്ദ്രികയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം

ചന്ദ്രിക ദിനപത്രത്തില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രതി/ഛായ എന്ന കോളത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെക്കുറിച്ചുണ്ടായ ചില പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ചന്ദ്രിക നല്‍കുന്ന വിശദീകരണം.

രണ്ടു വര്‍ഷത്തിലധികമായി ആഴ്ചയിലൊരിക്കല്‍ മുഖപ്രസംഗത്തിനു പകരം ചന്ദ്രിക പ്രസിദ്ധീകരിച്ചുവരുന്ന കോളമാണ് പ്രതി/ഛായ. ചന്ദ്രികയുടെ ഡസ്‌കില്‍ നിന്ന് സീനിയര്‍ പത്രപ്രവര്‍ത്തകരും ചില ദിവസങ്ങളില്‍ ഗസ്റ്റ് കോളമിസ്റ്റ് എന്ന നിലക്ക് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എ.പി കുഞ്ഞാമുവുമാണ് പ്രതി/ഛായ തയാറാക്കുന്നത്. ഒന്നിലധികം ആളുകള്‍ കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ട് എഴുതുന്ന ആളുടെ പേരു നല്‍കുന്ന പതിവില്ല. ഇത്തരം ആക്ഷേപഹാസ്യനിരീക്ഷണ പംക്തികളില്‍ ഒരു മലയാള പത്രവും എഴുതുന്ന ആളുടെ പേര് വെളിപ്പെടുത്താറില്ല. ചില പത്രങ്ങള്‍ ഒളിപ്പേരുകള്‍ ഉപയോഗിക്കാറുമുണ്ട്.

ചന്ദ്രികയില്‍, വിവാദവിഷയം എഴുതിയത് ശ്രീ കുഞ്ഞാമുവാണ്. ഇടതുപക്ഷ ചിന്തയും വീക്ഷണവുമുള്ള ഒട്ടേറെ പേര്‍ ദശാബ്ദങ്ങളായി ചന്ദ്രികയില്‍ എഴുതിവരുന്നുണ്ട്. മുഖ്യധാരാ പത്രം എന്ന നിലക്ക് ചന്ദ്രിക എല്ലാ വിഭാഗം ആളുകള്‍ക്കും ആശയ പ്രകാശനത്തിന് ഇടം നല്‍കാറുണ്ട്. പണ്ടുകാലത്തേ എഴുത്തുകാരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും ചന്ദ്രിക സ്വീകരിച്ചുവരുന്ന നിലപാടാണിത്.

ഇവിടെ വിവാദ ലേഖനമെഴുതിയ എ.പി കുഞ്ഞാമു, കാലിക രാഷ്ട്രീയ സംഭവ വിശകലനത്തില്‍ സ്വതസിദ്ധമായ ശൈലി ഉപയോഗിച്ചപ്പോള്‍ ചില അതിരുകടക്കലുകള്‍ വന്നതായി വ്യാഖ്യാനിക്കപ്പെട്ടു. ഇത് ഒരിക്കലും മുസ്‌ലിംലീഗിന്റെ അറിവോടെയോ നിര്‍ദ്ദേശത്തോടെയോ സംഭവിച്ച ഒന്നല്ല. മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് തുടങ്ങിയവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിംലീഗ് ചന്ദ്രികയോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.

ജി. സുകുമാരന്‍ നായരോടോ, അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍.എസ്.എസിനോടോ മുസ്‌ലിംലീഗിനോ, ചന്ദ്രികക്കോ വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാ സമുദായങ്ങളുമായും നേതാക്കളുമായും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്നത് പാര്‍ട്ടിയുടെയും ചന്ദ്രികയുടെയും നയവും നിലപാടുമാണ്. വേറെയൊരാള്‍ എഴുതിയ ഒരു കുറിപ്പിന്റെ പേരില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുംവിധം ചില മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് വൈരം കൂട്ടാന്‍ ശ്രമിച്ചത് ഖേദകരമാണ്.

ചന്ദ്രികയില്‍ അച്ചടിച്ചുവന്ന ഏതെങ്കിലും പ്രയോഗങ്ങള്‍ ശ്രീ സുകുമാരന്‍നായരെയോ എന്‍.എസ്.എസിനെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എക്കാലത്തും സാമുദായിക സൗഹൃദം ആഗ്രഹിക്കുന്ന ജനാധിപത്യവിശ്വാസികള്‍ എന്ന നിലക്ക് ഞങ്ങള്‍ക്കതില്‍ ഖേദമുണ്ട്.

അതേസമയം, ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ രാഷ്ട്രീയ നേതാക്കളെയും സമുദായ നേതാക്കളെയും കളിയാക്കാനും പരിഹസിക്കാനുമുള്ള “സ്വാതന്ത്ര്യം” യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ ചന്ദ്രികക്ക് അതൊട്ടും പാടില്ലെന്ന് ശഠിക്കുന്ന മാധ്യമ ഫാസിസത്തില്‍ ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.

Latest