നാടകമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 8:39 am
SHARE

തൃശൂര്‍: കേരള സംഗീതനാടക അക്കാദമിയുടെ 2012ലെ പ്രൊഫഷനല്‍ നാടകമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. മികച്ച നാടകത്തിനുള്ള 30,000 രൂപയും ശില്‍പ്പവും മലപ്പുറം സിഗ്നല്‍സ് വള്ളുവനാടിന്റെ രാധേയനായ കര്‍ണ്ണന്‍ എന്ന നാടകം കരസ്ഥമക്കിയതായി ജൂറി ചെയര്‍മാന്‍ എം ആര്‍ ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജേഷ് ഇരുളമാണ് സംവിധായകന്‍. രണ്ടാമത്തെ നാടകത്തിനുള്ള പുരസ്‌കാരം തൃശൂര്‍ മണപ്പുറം കാര്‍ത്തികയുടെ കുറിയേടത്ത് താത്രിയും മലപ്പുറം കോഴിക്കോട് ഹിറ്റ്‌സിന്റെ പരകായപ്രവേശവും പങ്കിട്ടു. ഇരു സമിതികള്‍ക്കും 10,000 രൂപയും ശില്‍പ്പവും പ്രശംസാപത്രവും ലഭിക്കും. മികച്ച സംവിധായകനായി കുറിയേടത്ത് താത്രിയുടെ സംവിധായകന്‍ മനോജ് നാരായണനും മികച്ച നടനായി മുരുകേഷ് കാക്കൂര്‍(കുറിയേടത്ത് താത്രി), നടിയായി കലാമണ്ഡലം സന്ധ്യ മുരുകേഷ്(കുറിയേടത്ത് താത്രി) തിരഞ്ഞെടുക്കപ്പെട്ടു. സമഗ്രസംഭാവനക്കുള്ള പുരസ്‌കാരത്തിന് എന്‍ എന്‍ ഇളയത് അര്‍ഹനായി. 30,000രൂപയും ശില്‍പ്പവും പ്രശംസാപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.