സഹകരണ മേഖലയെ തൊട്ടുകളിക്കാന്‍ ആരെയും അനുവദിക്കില്ല: മന്ത്രി ബാലകൃഷ്ണന്‍

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 8:35 am
SHARE

വടകര: സഹകരണ മേഖലയെ തൊട്ടുകളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ഏറാമല സര്‍വീസ് സഹകരണ ബേങ്കിന്റെ കോക്കനട്ട് കോംപ്ലക്‌സ് പ്രൊജക്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇതൊരു ജനകീയ പ്രസ്ഥാനമാണ്. സഹകരണ മേഖലയെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ കുത്തകകള്‍ക്ക് കാര്‍ഷിക ലോണുകള്‍ നല്‍കാന്‍ അനുവാദം നല്‍കാനുള്ള നീക്കം സഹകരണ മേഖലയെ തകര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം കൃഷിമന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു.
സംസ്ഥാനത്ത് അറുനൂറോളം കൃഷിഭവനുകളില്‍ കൂടി പച്ചത്തേങ്ങ സംഭരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷികമേഖലയിലെ തൊഴില്‍പരിശീലനത്തിനായി ഏറാമല സര്‍വീസ് സഹകരണ ബേങ്കിന് ആഗ്രോ സര്‍വീസ് സെന്റര്‍ അനുവദിച്ചതായി മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. 25 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന ഈ സ്ഥാപനത്തെ വടകര ബ്ലോക്കിലെ മാതൃകാ കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുനിയില്‍ രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ വി കെ ശോഭന ലോഗോ പ്രകാശനം ചെയ്തു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത്, കോട്ടയില്‍ രാധാകൃഷ്ണന്‍, എം കെ ഭാസ്‌കരന്‍, രത്‌നപ്രകാശ്, കെ പി രാജഗോപാലന്‍, സി അബ്ദുല്‍ മുജീബ്, പാറക്കല്‍ അബ്ദുല്ല, പി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, എന്‍ വേണു, പി രാമകൃഷ്ണന്‍ മാസ്റ്റര്‍, വള്ളിക്കാട്ടില്‍ നാണു, ടി കെ വാസുമാസ്റ്റര്‍, കൂര്‍ക്കയില്‍ ശശി, വി കെ സന്തോഷ്‌കുമാര്‍, അനിത മൊട്ടേമ്മല്‍, കെ പി ബിനു, സഫിയ ചാത്തോത്ത് പ്രസംഗിച്ചു. ക്രസന്റ് അബ്ദുല്ല സ്വാഗതവും സി കെ ബിജു നന്ദിയും പറഞ്ഞു.