Connect with us

Kerala

പരിഹാരം തേടി മുഖ്യമന്ത്രി ഡല്‍ഹിക്ക്

Published

|

Last Updated

തിരുവനന്തപുരം:രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ ചൊല്ലി ഉടലെടുത്ത പുനഃസംഘടനാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്. ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ അനന്തമായി നീങ്ങുന്നതിനിടെ പുതിയ അവകാശവാദമുന്നയിച്ച് മുസ്‌ലിം ലീഗ് രംഗത്ത് വന്നതോടെയാണ് തര്‍ക്കപരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുഖ്യമന്ത്രി സമയം ചോദിച്ചു.

സോണിയാ ഗാന്ധി, രാഷ്ട്രീയ ഉപദേഷ്ടാവ് അഹ്മദ് പട്ടേല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി എന്നിവരുമായി വരുന്ന ചൊവ്വാഴ്ച ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. കേരളത്തില്‍ പ്രശ്‌നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്.
കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി പദം നല്‍കി പ്രശ്‌നം പരിഹരിക്കാമെന്ന ഏകദേശ ധാരണ വന്ന ഘട്ടത്തിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിട്ടുള്ളത്. ഉപമുഖ്യമന്ത്രി പദത്തില്‍ അവകാശം ഉന്നയിക്കില്ലെന്ന് പി കെ കുഞ്ഞാലികുട്ടി നേരത്തെ പറഞ്ഞിരുന്നതില്‍ നിന്ന് മാറി കോണ്‍ഗ്രസിന്റെ ഏകപക്ഷീയ തീരുമാനത്തിനത്തിനെതിരെ നിലപാട് മാറ്റിയതോടെയാണ് ചിത്രം മാറിയത്.
ഉപമുഖ്യമന്ത്രിക്കാര്യത്തില്‍ ധാരണ ഉണ്ടായിട്ടും എ, ഐ തര്‍ക്കങ്ങളുടെ ചിത്രം പുറത്തു വരാതിരിക്കാന്‍ ഇക്കാര്യം യു ഡി എഫില്‍ ചര്‍ച്ച ചെയ്തില്ലെന്നും ഉപമുഖ്യമന്ത്രി സ്ഥാനം മാധ്യമ സൃഷ്ടിയാണെന്നുമുള്ള നിലപാടാണ് യു ഡി എഫ് നേതൃത്വം കൈക്കൊണ്ടത്. എന്നാല്‍ യു ഡി എഫില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയം തീരുമാനം വന്നതിനെതിരെ ഘടകകക്ഷികള്‍ രംഗത്തെത്തിയതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്.
ഇതിനിടെ ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചിത്രം മാറിമറിഞ്ഞതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. ഉപമുഖ്യമന്ത്രി പദം വേണമെന്ന മുന്നണിയിലെ രണ്ടാം കക്ഷിയായ ലീഗ് നിലപാടില്‍ വിട്ടുവീഴ്ചയില്ലാത്ത സാഹചര്യത്തില്‍ പെട്ടെന്നൊരു ചര്‍ച്ചകൊണ്ട് ഫലമുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസിലും മുന്നണിയിലും വിവാദങ്ങള്‍ ഒഴിയാത്ത സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഡല്‍ഹിയിലേക്ക് യാത്ര നടത്തി പ്രശ്‌നം പരിഹരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഉപമുഖ്യമന്ത്രി പദവിയെ ചൊല്ലി മുന്നണിയിലുണ്ടായ വിവാദങ്ങളില്‍ എ, ഐ വിഭാഗങ്ങള്‍ ഒരുപോലെ അസ്വസ്ഥരാണ്. ഉപമുഖ്യമന്ത്രി പദമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് മുഖ്യമന്ത്രിയാണെന്ന് ഐ നേതാക്കള്‍ പറയുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടികത്തും ഘടക കക്ഷികളെയും വിശ്വാസത്തിലെടുക്കേണ്ടതും ഹൈക്കമാന്‍ഡിന് മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ച് പരിഹാരം കാണേണ്ടതും മുഖ്യമന്ത്രി തന്നെയാണെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്്.
വിവാദങ്ങളില്‍ കക്ഷിചേരാനോ അനുനയ ചര്‍ച്ചകള്‍ക്കോ രമേശ് ചെന്നിത്തല പോകേണ്ടതില്ലെന്നും ഐ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദവി മുന്നണിക്കകത്ത് കൊടുങ്കാറ്റുണ്ടാക്കിയ പശ്ചാത്തലം മുന്നില്‍ക്കണ്ട് നിലപാട് മയപ്പെടുത്താനാണ് ഐ ഗ്രൂപ്പ് നിലപാട്. മാത്രമല്ല, ഉപമുഖ്യമന്ത്രി പദത്തോട് ഹൈക്കമാന്‍ഡിനും താത്പര്യം കുറവാണ്. ഈ പശ്ചാത്തലത്തില്‍ ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കിലും ആഭ്യന്തരം കിട്ടിയേ തീരുവെന്ന നിലപാടിന് ഐ ഗ്രൂപ്പ് ശക്തികൂട്ടും.
എന്നാല്‍, ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കില്ലെന്ന മുന്‍ നിലപാടില്‍ എ വിഭാഗം ഉറച്ച് നില്‍ക്കും. സമവായമെന്ന നിലയില്‍ പോലും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ്് നിലപാട്. പകരം റവന്യൂ വകുപ്പിനൊപ്പം മറ്റു രണ്ടോ മൂന്നോ വകുപ്പുകള്‍ നല്‍കാമെന്ന പുതിയ ഫോര്‍മുലക്ക് എ ഗ്രൂപ്പ് രൂപം നല്‍കിയിട്ടുണ്ട്.

Latest