സീപ്ലെയിന്‍: ആരോപണങ്ങള്‍ വെറുതെ

Posted on: May 31, 2013 6:01 am | Last updated: May 31, 2013 at 8:38 am
SHARE

സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലക്കാകെ പ്രതീക്ഷയും പ്രചോദനവുമേകുന്ന പുതുമയാര്‍ന്ന സീപ്ലെയിന്‍ സര്‍വീസിന് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. ഈ സര്‍വീസ് വിദേശീയ സഞ്ചാരികളെ എന്ന പോലെ ആഭ്യന്തര വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.
ഇന്ത്യയിലാദ്യമായി ടൂറിസം മേഖലയില്‍ സീപ്ലെയിനുകള്‍ ചിറകുവിടര്‍ത്തുന്നത് കേരളത്തിലാണ്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ വായു മാര്‍ഗം ബന്ധിപ്പിക്കുന്നതിനോടൊപ്പം, യാത്രയിലുടനീളം കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വിദിക്കാനും സീപ്ലെയിന്‍ അവസരമൊരുക്കും. സംസ്ഥാനത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ തമ്മില്‍ യോജിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റ് യാത്രക്കാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താനാകും.
കേരളത്തിന്റെ പ്രകൃതി സമ്പത്താണ് വിനോദ സഞ്ചാര മേഖലയില്‍ നമ്മുടെ കരുത്ത്. അത് കരുതലോടെ, ആസൂത്രിതമായി വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ വിനോദസഞ്ചാര മേഖലയിലൂടെ സംസ്ഥാനത്തിനാകെ വിസ്മയാവഹമായ നേട്ടങ്ങള്‍ കൈവരുത്താനാകും. ഇതിലേക്ക് നമ്മുടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കുകയും അവ സന്ദര്‍ശകര്‍ക്ക് ആവോളം ആസ്വദിക്കാനുള്ള അവസരം സൃഷ്ടിക്കുകയും ചേയ്യേണ്ടതുണ്ട്. നൂതന പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്നത് ഇവിടെ അനിവാര്യമായിത്തീരുന്നു. നമ്മുടെ സുലഭമായ ജലസമ്പത്ത് വിനോദ സഞ്ചാര മേഖലക്കു വേണ്ടി പ്രയോജനപ്പെടുത്തുമ്പോള്‍ നമ്മുടെ മത്സ്യസമ്പത്തും പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ തൊഴിലും സംരക്ഷിക്കുക എന്നത് പ്രധാനമാണ്. വിനോദ സഞ്ചാര മേഖലയിലെ ഒരു നൂതന ഉല്പന്നമെന്ന നിലയില്‍ ‘സീപ്ലെയിന്‍’ സര്‍വീസ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ഈ കരുതലിനു മുന്‍തൂക്കം നല്‍കി.
വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യവത്തായത് സമയമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ കാഴ്ചകളും വിനോദങ്ങളും പങ്കിടുക. ഇവിടെയാണ് സീപ്ലെയിന്‍ പ്രസക്തമാകുന്നത്. റോഡ് ഗതാഗതം വഴി ഉണ്ടാകാവുന്ന സമയനഷ്ടം പരമാവധി ഒഴിവാക്കുക; യാത്ര ആവോളം ആസ്വാദ്യകരമാക്കുക, ഇതു രണ്ടും വിനോദ സഞ്ചാരിയെ ആകര്‍ഷിക്കാന്‍ പോന്ന സുപ്രധാന ഘടകങ്ങളാണ്.
കേരളത്തിന്റെ ഭൂപ്രകൃതിയും ജല സമ്പത്തും ഈ പദ്ധതിക്ക് അനുകൂലവും നിര്‍ദോഷവുമാകുമ്പോള്‍ മുന്നിലുള്ള അവസരം ഉപയോഗപ്പെടുത്തുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണ്.
സംസ്ഥാനത്ത് പുതുതായി തുടക്കം കുറിക്കുന്ന ഏതൊരു പദ്ധതിയിലുമെന്ന പോലെ സീപ്ലെയിന്‍ സര്‍വീസിനെക്കുറിച്ചും ചില വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയും ഭിന്നാഭിപ്രായങ്ങളും ഉടലെടുത്തിട്ടുണ്ട്. സാമൂഹികാവബോധത്തിലും സാക്ഷരതയിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തെപ്പോലൊരു സമൂഹത്തില്‍ ഇത് സ്വാഭാവികവുമാണ്. ഏതു വിഷയവും വിശകലനം ചെയ്തു മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കേരളീയ സമൂഹത്തിന്റെ പൊതു സ്വഭാവമാണ് ഇവിടെയും പ്രകടമാകുന്നത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പവന്‍ഹന്‍സ് ഹെലികോപ്‌ടേഴ്‌സ് നടത്തിയ സാദ്ധ്യതാ പഠനത്തിന്റേയും തുടര്‍ന്ന് തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നൂതന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഇതിനു പുറമെ ഇതിനകം സീപ്ലെയിന്‍ സര്‍വീസ് നടത്തുന്ന മാലിദ്വീപ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ചു. മത്സ്യബന്ധനം, മലിനീകരണം, പരിസ്ഥിതി ആഘാതം തുടങ്ങിയുള്ള ഒരുവിധ ആശങ്കക്കും വകയില്ലാത്തതാണ് സീപ്ലെയിന്‍ സര്‍വീസെന്ന് സാദ്ധ്യതാ പഠന റിപ്പോര്‍ട്ടും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ വിശാലമായ ജലാശയങ്ങളുടെ വളരെ ചെറിയൊരു ഭാഗത്ത് (വ്യക്തമായി പറഞ്ഞാല്‍ ഒരു കിലോമീറ്റര്‍ നീളവും 250 മീറ്റര്‍ വീതിയും 1.2 മീറ്റര്‍ ആഴവുമുള്ള) സജ്ജമാക്കുന്ന വാട്ടര്‍ ഡ്രോമുകളാണ് സീപ്ലെയിന്‍ പറന്നുയരുന്നതിനും താഴ്ന്നിറങ്ങുന്നതിനും ആകെ ആവശ്യമായി വരുന്നത്. സ്ഥിരമോ താത്ക്കാലികമോ ആയ ഒരു നിര്‍മാണ പ്രവത്തനവും ഇതിനാവശ്യമില്ല. ഫ്‌ളോട്ടിംഗ് ബോയ ഉപയോഗിച്ച് വാട്ടര്‍ ഡ്രോം പ്രദേശം വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നത്. ടെര്‍മിനല്‍ ഒരുക്കുന്നത് പ്രത്യേകം സജ്ജമാക്കുന്ന ഹൗസ് ബോട്ടിലായതിനാല്‍ ജലാശയത്തിന്റെ ആവാസ വ്യവസ്ഥയില്‍ മാറ്റങ്ങളൊന്നും ആവശ്യമായി വരുന്നില്ല. വാട്ടര്‍ ഡ്രോമില്‍ താഴ്ന്നിറങ്ങുന്ന വിമാനങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേക സ്പീഡ് ബോട്ടുകളിലാണ് കരയിലെത്തിക്കുന്നത്. അതു കൊണ്ടുതന്നെ ജലാശയം മണ്ണിട്ടുനികത്തുന്നതുപോലുള്ള പരിസ്ഥിതി വിരോധിയായ പ്രക്രിയകള്‍ ആവശ്യമായി വരുന്നില്ല. വാട്ടര്‍ ഡ്രോമുകള്‍ക്കായി വേര്‍തിരിക്കുന്നത് പതിവായി മത്സ്യബന്ധനത്തിന് ഉപയോഗിക്കാത്തതും വലകള്‍ സ്ഥാപിച്ചിട്ടില്ലാത്തതുമായ ജലാശയ ഭാഗങ്ങളാണ്. അതുകൊണ്ടു തന്നെ, മത്സ്യബന്ധനത്തിന് സീപ്ലെയിന്‍ പദ്ധതി ഒരുവിധ ഭീഷണിയും ഉയര്‍ത്തില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സര്‍വോപരി, ഒഴിവാക്കാനാകാത്തതും അംഗുലീപരിമിതവുമായ കേന്ദ്രങ്ങളില്‍ മാത്രമാണ് വാട്ടര്‍ഡ്രോമുകള്‍ സജ്ജമാക്കുന്നതെന്നതും ശ്രദ്ധേയമാണ്. സീപ്ലെയിന്‍ സര്‍വീസ് നടത്തുന്ന രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണിവരെയുള്ള സമയം ഒഴിവാക്കി വാട്ടര്‍ ഡ്രോമിനായി വേര്‍തിരിച്ചിട്ടുള്ള മേഖലയിലും മത്സ്യബന്ധനം നടത്താന്‍ തടസ്സമില്ല.
സീപ്ലെയിന്‍ ഒരുവിധ പരിസ്ഥിതി ആഘാതവും സൃഷ്ടിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. വിമാനം പറന്നുയരാനും താഴ്ന്നിറങ്ങാനും മാത്രമാണ് വാട്ടര്‍ ഡ്രോമുകള്‍ ഉപയോഗപ്പെടുത്തുന്നത്. വിമാനത്തിന്റെ എഞ്ചിന്‍, പ്രോപ്പല്ലറുകള്‍ തുടങ്ങി പ്രധാന ഭാഗങ്ങളൊന്നും ജലവുമായി സ്പര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു ബോട്ട് ജലാശയത്തി ലുണ്ടാകുന്നത്രയും പ്രകമ്പനങ്ങളോ ഓളങ്ങളോ മലിനീകരണമോ സീപ്ലെയില്‍ ഉണ്ടാക്കുന്നില്ല. ഒരു സ്പീഡ് ബോട്ട് ഉണ്ടാകുന്നതിലും കുറഞ്ഞ ഓളങ്ങളേ സീപ്ലെയിന്‍ മൂലം ഉണ്ടാകുന്നുള്ളൂ. വിമാനം പറന്നുയരുമ്പോള്‍ മാത്രമാണ് നേരിയ ശബ്ദം ഉണ്ടാവുക. അതും 75 ഡെസിബെല്‍ മാത്രം. ഇത് ഒരു സ്പീഡ് ബോട്ടുണ്ടാക്കുന്ന ശബ്ദത്തിലും താഴെയാണെന്ന് പറയേണ്ടതില്ലല്ലോ (85 ഡെസിബെല്‍ ആണ് സ്പീഡ് ബോട്ടിന്റെ ശബ്ദം) ചുരുക്കത്തില്‍ സീപ്ലെയിന്‍ ജലാശയത്തിന്റെ ആവാസ വ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും ഒരുതരത്തിലും ബാധിക്കുന്നില്ലെന്നാണ് വിദഗ്ധാഭിപ്രായം.
ഇന്ധനം നിറക്കല്‍, അറ്റകുറ്റപ്പണികള്‍ എന്നിവ സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലാണ് നിര്‍വഹിക്കുക. അതുകൊണ്ടുതന്നെ സീപ്ലെയിന്‍ ജലമലിനീകരണം ഒരുവിധത്തിലും ഉണ്ടാക്കുന്നില്ല. സര്‍വോപരി, സീപ്ലെയിനുകളില്‍ ടോയ്‌ലെറ്റ് സംവിധാനമില്ല. ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്യാനും സംവിധാനമില്ല. അതുമൂലം സീവേജ്-ടോയ്‌ലെറ്റ്- കെമിക്കല്‍, ഓയില്‍ തുടങ്ങി ഒരുവിധ മാലിന്യവും ജലാശയത്തില്‍ നിക്ഷേപിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സവിശേഷതകളാണ് നിലവില്‍ സീപ്ലെയിന്‍ സര്‍വീസ് നടത്തിവരുന്ന രാജ്യങ്ങളിലെ ലോകപ്രസിദ്ധ വന്യമൃഗ സങ്കേതങ്ങളില്‍ പോലും സുരക്ഷിതവും പരിസ്ഥിതിസൗഹൃദവും പുലര്‍ത്തുന്ന സീപ്ലെയിന്‍ സര്‍വീസുകള്‍ അനുവദിച്ചിട്ടുള്ളതിനു കാരണം.
കൊല്ലത്തെ അഷ്ടമുടി, ആലപ്പുഴയിലെ പുന്നമട, കുമരകത്തിനു സമീപം തണ്ണീര്‍മുക്കം, കൊച്ചിയിലെ ബോള്‍ഗാട്ടി, ബേക്കലിലെ കോട്ടപ്പുറം എന്നിവിടങ്ങളില്‍ മത്സ്യബന്ധത്തിന് ഉപയോഗിക്കാത്ത ഭാഗങ്ങളിലാണ് വാട്ടര്‍ ഡ്രോമുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതിനു പുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുമായും സീപ്ലെയിന്‍ സര്‍വീസ് ബന്ധിപ്പിച്ചിരിക്കുന്നു. കരയിലും വെള്ളത്തിലും ഒരു പോലെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന അംഫീബിയന്‍ വിമാനങ്ങളാണ് ഇവിടെ സര്‍വീസ് നടത്തുക. സംസ്ഥാന സര്‍ക്കാര്‍, സീപ്ലെയിന്‍ സര്‍വീസിന്റെ കാര്യത്തില്‍ ‘ഓപ്പണ്‍ സ്‌കൈ’ നയമാണ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ പ്രകാരമുള്ള യോഗ്യത തെളിയിച്ച് അനുമതി നേടുന്ന ഏജന്‍സികള്‍ക്ക് സര്‍വീസ് നടത്താനാകും. ഇതിനായി വാട്ടര്‍ ഡ്രോമുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാറാണ് ഒരുക്കുക. സുരക്ഷാ സംവിധാനത്തിന്റെ ചുമതല കേരളാ പോലീസിനും.
സര്‍ക്കാര്‍ ഒരുക്കുന്ന വാട്ടര്‍ ഡ്രോമുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കുന്നതിന് സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ നിര്‍ദ്ദിഷ്ട ഫീസ് നല്‍കണം. സുരക്ഷാ സംവിധാനങ്ങള്‍ ടെര്‍മിനലിന്റെ സ്ഥാനത്തു സജ്ജമാക്കുന്ന ഹൗസ് ബോട്ടിലായിരിക്കും ഏര്‍പ്പെടുത്തുക. കേരളാ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനമാണ് ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. യോഗ്യത നേടി ആദ്യം സര്‍വീസിനെത്തുന്ന ഏജന്‍സികള്‍ക്ക് ‘ഏര്‍ളിബേര്‍ഡ്’ ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. എമര്‍ജിംഗ് കേരളാ ഇനിഷേറ്റീവില്‍ സംസ്ഥാന ടൂറിസം വകുപ്പ് അവതരിപ്പിച്ച പദ്ധതികളില്‍, ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രാവര്‍ത്തികമാകുന്ന ആദ്യ പദ്ധതിയാണിതെന്നതില്‍ നമുക്ക് അഭിമാനിക്കാം.
മറ്റു വിമാനങ്ങളെപ്പോലെ അധികം ഉയരത്തിലല്ലാതെ മേഘപാളികള്‍ക്കു താഴെകൂടിയാണ് സീപ്ലെയിനുകള്‍ പറക്കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ നിസ്തുലമായ പ്രകൃതി സൗന്ദര്യത്തിന്റെ ആകാശക്കാഴ്ചകള്‍ ആവോളം ആസ്വദിച്ചുകൊണ്ടുള്ള യാത്രകളാവും സീപ്ലെയിനുകള്‍ അതിഥികള്‍ക്കായി കാത്തുെവച്ചിട്ടുള്ളത്. വൈവിധ്യങ്ങളുടെ രംഗവേദിയായ നമ്മുടെ കൊച്ചുകേരളത്തിലെ വിനോദസഞ്ചാരം ഇനി സീപ്ലെയിന്‍ യാത്രകളിലൂടെ മറ്റൊരു വിജയഗാഥ കൂടി രചിക്കുമെന്നു തന്നെ നമുക്ക് വിശ്വസിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here