Connect with us

Malappuram

കൊണ്ടോട്ടി താലൂക്ക് രൂപവത്കരണം; വിജ്ഞാപനമായി

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച കൊണ്ടോട്ടിയടക്കമുള്ള 12 താലൂക്കുകളുടെയും രൂപീകരണം യാഥാര്‍ഥ്യമാകുന്നു. സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ രൂപീകരിച്ച് ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം റവന്യൂ സെക്രട്ടറി ടി ഒ സൂരജ് ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനബജറ്റിന് മറുപടി പറഞ്ഞ് ധനകാര്യമന്ത്രി കെ എം മാണി ഫെബ്രുവരി 20നാണ് നിയമസഭയില്‍ സംസ്ഥാനത്ത് പുതിയ താലൂക്കുകള്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, കോന്നി, കാട്ടാക്കട, വര്‍ക്കല, പുനലൂര്‍ എന്നിവയാണ് പുതിയ താലൂക്കുകള്‍. താലൂക്കുകള്‍ രൂപവത്കരിക്കുന്നതിനുള്ള പ്രാരംഭ ചെലവിലേക്ക് ഓരോ താലൂക്കിനും മൂന്ന് കോടി രൂപ വീതവും അനുവദിച്ചിരുന്നു. ധനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് താലൂക്ക് രൂപവത്കരണത്തിന് മന്ത്രിസഭ അനുമതി നല്‍കുകയും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ താലൂക്ക് രൂപവത്കരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണുണ്ടായത്.
പുതുതായി രൂപവത്കരിക്കുന്ന താലൂക്കുകളില്‍ ഉള്‍പ്പെടുത്തേണ്ട വില്ലേജുകള്‍, താലൂക്ക് ആസ്ഥാനം എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ലഭ്യമാക്കുന്ന മുറക്ക് ഇതിന്റെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലൂടെ താലൂക്കുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുവാന്‍ കഴിയും. സംസ്ഥാനത്ത് പുതിയ താലൂക്കുകള്‍ രൂപവത്കരിക്കുന്ന പ്രഖ്യാപനം ചില അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയെങ്കിലും കൊണ്ടോട്ടി താലൂക്ക് ഏകമനസോടെ സ്വാഗതം ചെയ്യപ്പെട്ടതായി മുഹമ്മദുണ്ണിഹാജി പറഞ്ഞു.
ജില്ലയില്‍ കൊണ്ടോട്ടി മാത്രമാണ് പുതിയ താലൂക്ക്. ഏറനാട്, തിരൂരങ്ങാടി താലൂക്കുകളില്‍ നിന്നുള്ള 12 വില്ലേജുകള്‍ ചേര്‍ന്നാണ് കൊണ്ടോട്ടി ആസ്ഥാനമായി പുതിയ താലൂക്ക് രൂപവത്കരിക്കുന്നത്. പുതുതായിരൂപവത്കരിക്കുന്ന കൊണ്ടോട്ടി താലൂക്കില്‍ ഉള്‍പ്പെടുന്ന വില്ലേജ്, ജനസംഖ്യ, ഭൂവിസ്തൃതി എന്നീ ക്രമത്തില്‍.
നെടിയിരുപ്പ് 30250, 2009.269 ഹെക്ടര്‍, പുളിക്കല്‍ 40,000, 2817.096 ഹെക്ടര്‍, ചെറുകാവ് 25,767-1451.34 ഹെക്ടര്‍, കൊണ്ടോട്ടി 28413-1065.94 ഹെക്ടര്‍, വാഴക്കാട് 35762, 23.78 കിലോമീറ്റര്‍, മൊറയൂര്‍ 29369,2452.86 ഹെക്ടര്‍, ചീക്കോട് 30250,2009.26 ഹെക്ടര്‍, വാഴയൂര്‍ 32486,2361.29 ഹെക്ടര്‍, കുഴിമണ്ണ 36427,2710.87 ഹെക്ടര്‍, മുതുവല്ലൂര്‍ 36427,2710.87 ഹെക്ടര്‍, ചേലേമ്പ്ര 34023,1581.80 ഹെക്ടര്‍, പള്ളിക്കല്‍ 46814,2596.28 ഹെക്ടര്‍ ആകെ 4,033,04 ജനസംഖ്യയും 23285.612 ഹെക്ടര്‍ ഭൂവിസ്തൃതിയുള്ളതുമായിരിക്കും കൊണ്ടോട്ടി താലൂക്കെന്ന് മുഹമ്മദുണ്ണിഹാജി അറിയിച്ചു. ഇതില്‍ ചേലേമ്പ്ര, പള്ളിക്കല്‍ എന്നിവ തിരൂരങ്ങാടി താലൂക്കിലും ബാക്കി നിലവില്‍ ഏറനാട് താലൂക്കുകളിലും ഉള്‍പ്പെട്ടതാണ്. കൊണ്ടോട്ടി മണ്ഡലം മുഴുവനും വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ട് വില്ലേജുകളും, ഏറനാട്, മലപ്പുറം മണ്ഡലങ്ങളിലെ ഓരോ വില്ലേജും ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട കൊണ്ടോട്ടി താലൂക്ക്.

Latest