Connect with us

Kerala

വിവാദങ്ങളോട് വിടപറയാന്‍ സമയമായെന്ന് മുസ്‌ലീം ലീഗ്

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫില്‍ വിവാദങ്ങളോട് വിട പറയാന്‍ സമയമായെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. വിവാദങ്ങള്‍ യു ഡി എഫ് ഭരണത്തിന്റെ പ്രതിഛായയെ ബാധിച്ചുവെന്നും യു ഡി എഫ് ചെയ്യുന്ന നന്മകളെല്ലാം വിവാദങ്ങളില്‍ മുങ്ങിപ്പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് ഘടകകക്ഷികളുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഉപമുഖ്യമന്ത്രി പദം എന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ച സാങ്കല്‍പ്പികമായ കാര്യം മാത്രമാണ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ഇന്നത്തെ യു ഡി എഫ് യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും തീരുമാനം എടുക്കുകയാണെങ്കില്‍ എല്ലാ ഘടകക്ഷികളുമായും ആലോചിക്കുമെന്നുമാണ് മുഖ്യമന്ത്രിം മുമ്പും ഇപ്പോഴും വ്യക്തമാക്കിയത്.

ഉപമുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതുമുതല്‍ ഈ വിഷയത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കിയതാണ്. ഉപമുഖ്യമന്ത്രി പദം വേണോ വേണ്ടയോ എന്നാണ് ആദ്യം തീരുമാനിക്കേണ്ടത്. വേണമെങ്കില്‍ അത് ആര്‍ക്ക് നല്‍കണമെന്ന് ചര്‍ച്ച ചെയ്യണം. അങ്ങിനെയൊരു ചര്‍ച്ച വന്നാല്‍ ലീഗ് സ്വാഭാവികമായും ആവശ്യമുന്നയിക്കും. അതല്ലാതെ സാങ്കല്‍പ്പികമായ ഒരു കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണണമെന്ന് ലിഗ് സെക്രട്ടേറിയറ്റ് ആവശ്യമുന്നയിച്ചതായി ഇ ടി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പ്രവശേനവുമായി ബന്ധപ്പെട്ട് അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. എസ് എസ് എല്‍ സിക്ക് ശേഷം പലര്‍ക്കും തുടര്‍ പഠനം നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. ഇതിന്റെ തുടര്‍ കാര്യങ്ങള്‍ ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest