ജയിലില്‍ ശ്രീ ശാന്തന്‍

Posted on: May 30, 2013 8:44 am | Last updated: May 30, 2013 at 8:44 am
SHARE

Sreesanth-cryingന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ ആദ്യ ദിവസം ശ്രീശാന്തിന് ജീവിതം വലിയൊരു പരീക്ഷണ വേദിയാണെന്ന തിരിച്ചറിവ് സമ്മാനിച്ചിട്ടുണ്ടാകണം. സുഖലോലുപതകളില്‍ നിന്ന് മര്‍ത്യന് സംഭവിക്കുന്ന പതനം എത്ര ഭീകരമെന്ന് ജീവിതത്തിലെ ആദ്യ ജയില്‍ ദിനം ശ്രീശാന്തിനെ ബോധ്യപ്പെടുത്തി. വിചാരണ തടവുകാരെ പാര്‍പ്പിക്കുന്ന ഒന്നാം നമ്പര്‍ സെല്ലിലാണ് വാതുവെപ്പ് കേസില്‍ പിടിയിലായ മലയാളി ക്രിക്കറ്റ് താരം. 
ഇവിടെ പ്രത്യേക പരിഗണനകളൊന്നും ശ്രീശാന്തിന് ലഭിച്ചില്ല. മറ്റ് തടവുകാര്‍ ഉപയോഗിക്കുന്ന ബാത്‌റൂമും കക്കൂസും തന്നെയാണ് ക്രിക്കറ്റ് താരത്തിന്. പുറത്തു നിന്നുള്ള പ്രത്യേക ഭക്ഷണമില്ല. ശീതീകരിച്ച മുറികളില്ല, ശുദ്ധീകരിച്ച കുപ്പിവെള്ളവും നിഷിദ്ധം. ഡല്‍ഹി പോലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ ശ്രീശാന്തിന് എ സി മുറി അനുവദിച്ചിരുന്നു. ഭക്ഷണം പുറമെ നിന്ന് കൊണ്ടു വരുവാന്‍ സമ്മതമുണ്ടായിരുന്നു. മിനറല്‍ വാട്ടറേ കുടിക്കുമായിരുന്നുള്ളൂ.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പക്ഷേ, ശ്രീശാന്ത് തന്റെ വീഴ്ചകള്‍ക്കുള്ള ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ജയിലില്‍ ശ്രീശാന്ത് ശാന്തനായിരുന്നുവെന്ന് ജയില്‍ വാര്‍ഡന്‍ പറഞ്ഞു. സെല്ലില്‍ തന്നെ കഴിയണമെന്ന നിര്‍ബന്ധമില്ലാത്തതിനാല്‍ ജയില്‍ പരിസരം ചുറ്റിക്കാണാനാണ് ശ്രീ കുറച്ചു സമയം വിനിയോഗിച്ചത്.
വൈകിട്ട് ഏഴു മണി വരെ സെല്ലിനു പുറത്തിറങ്ങി നടക്കാനും ടിവി കാണാനും സൗകര്യമുണ്‌ടെന്നും വ്യായാമം ചെയ്യാനും ജയിലില്‍ സൗകര്യങ്ങളുണ്‌ടെന്നും ജയില്‍ വാര്‍ഡന്‍ പറഞ്ഞു.
ശ്രീശാന്തിനെ കാണാന്‍ തിഹാര്‍ ജയിലിലെത്തിയ സഹോദരന്‍ ദീപുവും സുഹൃത്തുക്കളും നിരാശരായി. ജയിലിലെ സന്ദര്‍ശക സമയം കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ശ്രീയെ കാണാന്‍ സാധിച്ചില്ല. 12 ദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്ന ശ്രീയെ ചൊവ്വാഴ്ചയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ശ്രീശാന്തിനുള്ള വസ്ത്രങ്ങളുമായാണ് സഹോദരനും സുഹൃത്തുക്കളുമെത്തിയത്. മൂന്നു മണിയോടെയാണ് ബാംഗളൂരില്‍ നിന്ന് ഇവര്‍ ജയിലിലെത്തിയത്. അപ്പോഴേക്കും സന്ദര്‍ശന സമയം കഴിഞ്ഞിരുന്നു. ജയിലിന് പുറത്ത് കുറച്ചുനേരം ചെലവിട്ട ശേഷം ഇവര്‍ മടങ്ങി.