Connect with us

Sports

ഐ പി എല്‍ : ശ്രീനിവാസന്‍ രാജി വെക്കണമെന്ന് കായിക മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന് മേല്‍ രാജി സമ്മര്‍ദം ശക്തമായി. ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, വൈസ് പ്രസിഡന്റ് അരുണ്‍ ജെയ്റ്റ്‌ലി, ജ്യോതിരാജ് സിന്ധ്യ തുടങ്ങിയവര്‍ ശ്രീനിവാസന്‍ രാജിവെക്കണണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രാലയവും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. വാതുവെപ്പ് കേസില്‍ ബി സി സി ഐ അന്വേഷണം നടക്കുന്നതിനാല്‍ ധാര്‍മികതയുടെ പേരില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വാതുവെപ്പ് നിയമവിധേയമാക്കുന്നതിനെ മന്ത്രാലയം പിന്തുണക്കുന്നുവെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാതുവെപ്പ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമ മന്ത്രാലയത്തിനോ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്കോ നിര്‍ദേശം നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. എല്ലാ കായിക ഇനങ്ങളിലും തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുളള നിയമം കൊണ്ടുവരുന്നതിനെ മന്ത്രാലയം അനുകൂലിക്കുന്നു. വാതുവെപ്പിനെതിരെ സമഗ്രമായ നിയമനിര്‍മാണത്തിന് നിയമമന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കായിക മന്ത്രാലയം വ്യക്തമാക്കി. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒയുമായ ഗുരുനാഥ് മെയ്യപ്പനെ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ശ്രീനിവാസന്റെ രാജിക്ക് സമ്മര്‍ദമേറിയത്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബി സി സി ഐ പ്രസിഡന്റ് ശ്രീനിവാസന്‍ വ്യക്തമാക്കി.
മെയ്യപ്പെനതിരായ ആരോപണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചത് ബി സി സി ഐ ആണെങ്കിലും സമിതിയില്‍ താന്‍ അംഗമല്ല. സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയുമില്ലെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.