കമ്പളക്കാട് ആനേരിമുക്കത്ത് സംഘര്‍ഷം: 10 പേര്‍ക്ക് പരുക്ക്

Posted on: May 30, 2013 12:19 am | Last updated: May 30, 2013 at 12:19 am
SHARE

കല്‍പ്പറ്റ: കമ്പളക്കാട് ആനേരിമുക്കത്ത് ബുധനാഴ്ച രാവിലെ 10 മണിയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു.പട്ടികവര്‍ഗത്തിലെ കുറിച്യ സമുദായംഗമായ പുത്തമറ്റം രാജന്‍ ആനേരിമുക്കത്ത് തനിക്ക് കൈവശരേഖ ലഭിച്ച ഒരേക്കര്‍ ഭൂമിയില്‍ നേരത്തേ കെട്ടിയിരുന്ന കുടില്‍ ടിന്‍ഷീറ്റ് മേഞ്ഞ് വാസയോഗ്യമാക്കുന്നത് പ്രദേശവാസികളില്‍ ചിലര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. രാജന്‍, കുടുംബാഗങ്ങളായ അംബിക, രാജപ്പന്‍, അച്ചപ്പന്‍, രാഗി, രാഹുല്‍, പ്രദേശവാസികളായ എം.നിസാര്‍, ടി.കെ.സെയ്ത്, വി.കെ.ജലീല്‍, എ.കബീര്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ കല്‍പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാജന് പട്ടയം അനുവദിച്ച ഭൂമി കമ്പളക്കാടും സമീപങ്ങളിലുമുള്ളവര്‍ വര്‍ഷങ്ങളായി കളിസ്ഥലമായി ഉപയോഗിച്ചുവരുന്നതാണ്. ഈ ഭൂമി കളിസ്ഥലമായി നിലനിര്‍ത്താനും രാജന് പകരം സ്ഥലം നല്‍കാനും കോട്ടത്തറ പഞ്ചായത്ത് അധികൃതരടക്കം നീക്കം നടത്തിയിരുന്നു. കൈവശരേഖ ലഭിച്ച ഭൂമി കളിസ്ഥലമായി ഉപയോഗിക്കുന്നതിനു വിട്ടുകൊടുക്കാനും പകരം ഭൂമി സ്വീകരിക്കാനുമുള്ള സന്നദ്ധത രാജന്‍ പഞ്ചായത്ത് അധികാരികളെ അറിയിക്കുകയുമുണ്ടായി. എന്നാല്‍ പകരം ഭൂമി കണ്ടെത്തി നല്‍കുന്നത് വൈകിയ സാഹചര്യത്തില്‍ രാജന്‍ കഴിഞ്ഞമാസം ആനേരി മുക്കത്തെ ഭൂമിയില്‍ കുടില്‍കെട്ടി. ഇന്നലെ രാവിലെ കുടുംബാംഗങ്ങളുടെ സഹായത്തോടെ കുടില്‍ വാസയോഗ്യമാക്കുന്നതിനിടെയാണ് പ്രദേശവാസികളുമായി പ്രശ്‌നം ഉണ്ടായത്. അറുപതോളം പേരടങ്ങുന്ന സംഘം കല്ലെറിഞ്ഞും വാക്കത്തിക്കു വെട്ടിയും മര്‍ദിച്ചും തന്നെയും കുടുംബാംഗങ്ങളെയും പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് കല്‍പറ്റ ഗവ. ആശുപത്രിയില്‍ ചികിത്സയിലുള്ള രാജന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 53 പേര്‍ക്കെതിരെ കേസെടുത്ത കമ്പളക്കാട് പോലീസ് പ്രദേശവാസികളായ പി.ടി.അബ്ദുള്‍സലാം, എ.സിദ്ദീഖ്, സി.മുനീര്‍, ഹാരിസ് മാടായി എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്.