Connect with us

Palakkad

ഗുണമേന്മയുളള വിദ്യാഭ്യാസത്തിന് നവീന പദ്ധതികളുമായി ഡയറ്റ്

Published

|

Last Updated

പാലക്കാട്:ഗുണമേന്മയുളള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഉറപ്പു വരുത്താന്‍ സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും ശക്തിപ്പെടുത്തുന്നതിന് ഡയറ്റ് രൂപകല്പന ചെയ്ത 74 വിദ്യാഭ്യാസ കര്‍മ പരിപാടികള്‍ക്ക് ജില്ലാ പ്രോഗ്രാം ഉപദേശക സമിതി അംഗീകാരം നല്‍കി. വിദ്യാഭ്യാസം ആസൂത്രണം, പരിശീലനങ്ങള്‍, പഠന സാമഗ്രികള്‍ വികസിപ്പിക്കല്‍, ഗവേഷണ പ്രവര്‍ത്തനം എന്നീ മേഖലകളിലായി 30 ലക്ഷം രൂപ വിനിയോഗിക്കും. 
ജില്ലയിലെ സവിശേഷമായ വിദ്യാഭ്യാസ – സാമൂഹിക സാഹചര്യം കണക്കിലെടുത്ത് 35 സവിശേഷ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് ഡയറ്റ് 2013-14 വര്‍ഷത്തെ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. അധ്യാപക പരിശീലനത്തില്‍ വിദൂര വിദ്യാഭ്യാസ മാതൃക പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. വിദ്യാലയത്തെ കേന്ദ്രീകരിച്ചുളള ഐ.ടി. പരിശീലന പരിപാടിക്ക് ഡയറ്റ് നേരിട്ട് നേതൃത്വം നല്‍കും. തുടര്‍ വിദ്യാഭ്യാസം, സേവനകാല അധ്യാപക ശാക്തീകരണം, പ്രഥമ അധ്യാപകരുടെ സ്‌കൂള്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പ്രത്യേക ഗവേഷണ പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ നടപ്പാക്കും.
ഡയറ്റ് ഉപദേശക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ പദ്ധതികള്‍ തമ്മിലും ഏകോപനം സാധ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഓരോ പദ്ധതികളും അതിന്റെ ഗുണഭോക്താക്കളെ കേന്ദ്രീകരിച്ച് സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. എല്ലാ ഏജന്‍സികളും ഒത്തൊരുമിച്ചാല്‍ നേട്ടങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക്, അംഗങ്ങളായ അബ്ദു റഹ്മാന്‍ മാസ്റ്റര്‍, പി.എസ്. അബ്ദുള്‍ ഖാദര്‍, പി. കദീജ പങ്കെടുത്തു. ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ. രാമചന്ദ്രന്‍ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗീത, എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ശ്രീകല ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപക സംഘടനാ പ്രതിനിധികള്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാക്ഷരതാ മിഷന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് ഹരിശ്രീ വിജയശ്രീ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു.
ഡയറ്റ് ഫാക്കല്‍റ്റി ആസൂത്രണ വിഭാഗം സീനിയര്‍ ലക്ചറര്‍ സേതുമാധവന്‍ സ്വാഗതവും ഫാക്കല്‍റ്റി അംഗം ഷഹീദലി നന്ദിയും പറഞ്ഞു.