സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ല

Posted on: May 30, 2013 12:10 am | Last updated: May 30, 2013 at 12:10 am
SHARE

പാലക്കാട്: നാട്ടില്‍ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യത്തിന് ഫണ്ട് അനുവദിച്ചെങ്കിലും പലയിടത്തും വീട്ടുകാര്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി.
ഭൂരിഭാഗം സ്ഥലങ്ങളിലും വിതരണക്കാര്‍ റേഷന്‍ അളവിലാണ് വീട്ടുകാര്‍ക്ക് വെള്ളം നല്‍കുന്നത്. ചിലയിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ടാങ്കറിലുള്ള ജലവിതരണം. അത്തരം പ്രദേശങ്ങളിലും ചില വിതരണക്കാര്‍ നല്‍കുന്നത് അഞ്ചും ആറും കുടം വെള്ളമാണ്. കൂടുതല്‍ വെള്ളം ആവശ്യപ്പെട്ടാല്‍ വീട്ടുകാര്‍ക്ക് ചീത്തവിളിയായിരിക്കും ലഭിക്കുക. വിതരണക്കാരുടെ ഇത്തരം വിതരണരീതിക്കെതിരെ വീട്ടമ്മമാര്‍ തന്നെ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ധാരാളം ജലം നല്‍കിയില്ലെങ്കിലും ഒരു കുടുംബത്തിന് അത്യാവശ്യം ഉപയോഗിക്കാന്‍ വേണ്ട വെള്ളം പോലും നല്‍കാതെയാണ് പലയിടത്തും വിതരണക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
ചില സ്ഥലങ്ങളില്‍ പഞ്ചായത്ത് അംഗങ്ങള്‍ നേരിട്ട് കുടിവെള്ള വിതരണ വാഹനത്തില്‍ സഞ്ചരിച്ചാണ് വെള്ളം നല്‍കുന്നത്. ഇത്തരം സന്ദര്‍’ങ്ങളില്‍ നാട്ടുകാര്‍ക്ക് വലിയ പ്രശ്‌നമില്ലാതെ ജലം ലഭിക്കുന്നുണ്ട്. ജനപ്രതിനിധികള്‍ വാഹനത്തില്‍ ഇല്ലെങ്കില്‍ മറ്റ് ജീവനക്കാര്‍ വേണ്ടത്ര കുടിവെള്ളം നല്‍കുന്നില്ലെന്നാണ് പരാതി. നാടിന്റെ മുക്കിലും മൂലയും കുടിവെള്ളം എത്തിക്കാന്‍ സര്‍ക്കാര്‍ ഓരോ പഞ്ചായത്തിനും 50,000 രൂപ തോതില്‍ നല്‍കിയിട്ടുണ്ട്. ഇതിലും കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ രേഖകള്‍ ഹാജരാക്കിയാല്‍ അതും നല്‍കാമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതനുസരിച്ച് പഞ്ചായത്തുകള്‍ കുടിവെള്ളം എത്തിക്കാന്‍ നടപടിയെടുക്കുന്നുണ്ടെങ്കിലും പലയിടത്തും വിതരണക്കാരാണ് നല്‍കുന്ന വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ കുറച്ചുവീടുകള്‍ മാത്രമാണ് പഞ്ചായത്തിന്റെ ടാങ്കറിലുള്ള കുടിവെള്ള വിതരണത്തെ ആശ്രയിച്ചിരുന്നത്. വരള്‍ച്ച രൂക്ഷമായതോടെ ഓരോ ദിവസവും പഞ്ചായത്ത് എത്തിക്കുന്ന വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇതാണ് ചില വിതരണക്കാരെ പ്രകോപിപ്പിക്കുന്നത്. എല്ലാവര്‍ക്കും വെള്ളം എത്തിക്കണമെന്ന ന്യായം പറഞ്ഞാണ് വാഹനത്തിലുള്ളവര്‍ വീട്ടുകാര്‍ക്ക് പേരിനു കുടിവെള്ളം നല്‍കി പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും കണ്ണില്‍ പൊടിയിടുന്നത്. പരാതി വ്യാപകമായതോടെ പ്രശ്‌നത്തില്‍ ജനപ്രതിനിധികള്‍ സജീവമായി ഇടപെട്ടുതുടങ്ങിയിട്ടുണ്ട്.
കനാല്‍വെള്ളവും പുഴയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളും എത്താത്ത പഞ്ചായത്തുകള്‍ തിരഞ്ഞെടുത്ത് കൂടുതല്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. അതേ സമയം ജനങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കി സഹകരിക്കുന്ന വിതരണക്കാരും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here