സ്വാശ്രയ എന്‍ജിനീയറിംഗ് തീരുമാനമായില്ല; ഇന്ന് വീണ്ടും ചര്‍ച്ച

Posted on: May 29, 2013 8:03 am | Last updated: May 29, 2013 at 10:05 am

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിംഗ് കോഴ്‌സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് അസോസിയേഷനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള യോഗ്യതയില്‍ ഇളവ് വേണമെന്ന നിലപാടില്‍ മാനേജ്‌മെന്റുകള്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാറിന് നയപരമായ തീരുമാനം സ്വീകരിക്കേണ്ടതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്ന് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തശേഷം യോഗ്യതയില്‍ ഇളവ് വരുത്തുന്നകാര്യത്തില്‍ തീരുമാനമറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മാനേജ്‌മെന്റ് അസോസിയേഷനുമായി മുഖ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തും.
പ്രവേശനത്തിനുള്ള യോഗ്യതാ മാര്‍ക്ക് 45 ശതമാനമായി നിജപ്പെടുത്തണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. നിലവില്‍ ഇത് 50 ശതമാനമാണ്. അഖിലേന്ത്യാതലത്തില്‍ യോഗ്യതാ മാര്‍ക്ക് 45 ശതമാനമാണെന്നും അതിനാല്‍ കേരളത്തിലും ഈ മാനദണ്ഡം വേണമെന്നും മാനേജ്‌മെന്റുകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 50 ശതമാനം മാര്‍ക്ക് യോഗ്യതയായതിനാല്‍ കോളജുകളില്‍ വേണ്ടത്ര കുട്ടികളെ കിട്ടാത്തതാണ് ഇളവ് തേടാന്‍ മാനേജ്‌മെന്റുകളെ പ്രേരിപ്പിക്കുന്നത്. 12,000 ത്തോളം എന്‍ജിനീയറിംഗ് സീറ്റുകള്‍ കഴിഞ്ഞവ ര്‍ഷം മാത്രം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് കണക്ക്.
യോഗ്യതയില്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയുമെന്ന്് മാനേജ്‌മെന്റുകള്‍ കരുതുന്നു. അതേസമയം, ഫീസ് വര്‍ധന വേണമെന്ന് മാനേജ്‌മെന്റുകള്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടില്ലെന്നാണ് സൂചന. മെറിറ്റ് സീറ്റില്‍ രണ്ട് തട്ടികളിലായാണ് നിലവിലെ ഫീസ് ഘടന. 45,000 മുതല്‍ 65,000 രൂപ വരെയാണ് നിലവിലെ ഫീസ്. ഇത് 75,000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. മെറിറ്റില്‍ പ്രവേശനം ലഭിക്കുന്ന ബിപി എല്‍ വിഭാഗത്തില്‍ന ിന്നുള്ളവര്‍ക്ക് ഫീസിളവ് നല്‍കുന്നുണ്ട്.
വിദ്യാഭ്യാസമന്ത്രി പി കെ അബ്്ദുര്‍റബ്ബ്, സ്വാശ്രയ എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എ യൂനുസ് കുഞ്ഞ്, സെക്രട്ടറി അഡ്വ. ടി കെ വിജയന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.