കുഞ്ഞി മുഹമ്മദ്ഹാജി യാത്രയായത് വീര ചരിതങ്ങളുടെ ഓര്‍മകള്‍ ബാക്കിയാക്കി

Posted on: May 27, 2013 7:45 am | Last updated: May 27, 2013 at 7:45 am
SHARE

തിരൂരങ്ങാടി: തെന്നല തറയില്‍ കഴിഞ്ഞ ദിവസം നിര്യാതനായ ഇല്ലിക്കല്‍ തോണ്ടാലി കുഞ്ഞി മുഹമ്മദ് ഹാജിയുടെ വിയോഗത്തോടെ നഷ്ടമായത് അനുഭവ സമ്പത്തും വിജ്ഞാനവും മേളിച്ച കാരണവരെയാണ്. സമസ്ത കേരള സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നല ടി അബൂഹനീഫല്‍ ഫൈസിയുടെ പിതാവായ കുഞ്ഞിമുഹമ്മദ് ഹാജി പുതു തലമുറക്ക് ഒട്ടേറെ ഓര്‍മകള്‍ ബാക്കിവെച്ചാണ് വിടപറഞ്ഞത്. മലബാര്‍ ലഹള, പഴയകാല കല്യാണങ്ങള്‍, വിവാഹത്തിലെ വടപ്പാട്ട്, വഅഌ പരമ്പര, കൃഷി തുടങ്ങീ ഒട്ടനേകം കാര്യങ്ങളില്‍അദ്ദേഹം അനുഭവങ്ങള്‍ പങ്ക് വെച്ചിരുന്നു. പഴയകാല ഖിസ്സപ്പാട്ട്, വട്ടപ്പാട്ട് സംഘങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന് മഹാകവി മോയീന്‍കുട്ടി വൈദ്യരുടെ ബദ്ര്‍ ഖിസ്സപ്പാട്ട് അര്‍ഥ സഹിതം മുഴുവനും മനഃപാഠമായിരുന്നു.
പലര്‍ക്കും അത് അദ്ദേഹം പാടിപ്പറഞ്ഞ് കൊടുക്കാറുണ്ട്. പരിസരങ്ങളിലെ ഒട്ടുമിക്ക മത പ്രഭാഷണങ്ങളിലും ദിക്ര്‍ ദുആ മജ്‌ലിസിലും ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. പഴയകാല കര്‍ഷകന്‍ കൂടിയായ ഹാജി തന്റെ 1.20 ഏക്കര്‍ വരുന്ന വയലില്‍ പുഞ്ചകൃഷി നടത്തിയിരുന്നു. ഈ അടുത്തകാലത്ത് വരെ ഇദ്ദേഹം ജോലിക്കാരോടൊപ്പം സജീവമായി ജോലി ചെയ്തിരുന്നു. മയ്യിത്ത് തെന്നല തറയില്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. തിരൂര്‍കാട് കുഞ്ഞുട്ടിതങ്ങള്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ അബിദ്, വി പി എം ഫൈസി വില്യാപള്ളി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, താനാളൂര്‍ അബ്ദുമുസ്‌ലിയാര്‍, പ്രൊഫ: എ കെ അബ്ദുല്‍ഹമീദ്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ക്ലാരി ബാവ മുസ്‌ലിയാര്‍, അബ്ദുഹാജി വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here