ഐ പി എല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

Posted on: May 27, 2013 12:19 am | Last updated: May 27, 2013 at 9:44 am
SHARE

കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 23 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ആറാം ഐ പി എല്ലില്‍ കിരീടം ചൂടി. ആദ്യമായാണ് മുംബൈ ഐ പി എല്‍ ചാംമ്പ്യന്‍മാരാവുന്നത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് ചെന്നൈയെപ്പോലുള്ള ഒരു ടീമിന് എളുപ്പം എത്തിപ്പിടിക്കാവുന്ന ടോട്ടലാണ് നേടാനായത്. 148 റണ്‍സായിരുന്നു മുംബൈയുടെ സമ്പാദ്യം. എന്നാല്‍ കൃത്യതയോടെ ബോള്‍ ചെയ്ത മുംബൈ 20 ഓവറില്‍ 9 വിക്കറ്റിന് 125 റണ്‍സിന് ചെന്നൈയെ ഒതുക്കി. ധോണി (63) മാത്രമാണ് ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. മുംബൈക്ക് വേണ്ടി മലിംഗ, മിച്ചല്‍ ജോണ്‍സണ്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ കീറന്‍ പൊള്ളാര്‍ഡിന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് 148 റണ്‍സെടുത്തത്. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട മുംബൈയെ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മാന്യമായ സ്‌കോര്‍ നല്‍കിയത്. 32 പന്തിലാണ് പൊള്ളാര്‍ഡ് 60 റണ്‍സെടുത്തത്. ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റും ആല്‍ബി മോര്‍ക്കല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

 

ഈ സീസണിലെ മികച്ച യുവ താരത്തിനുള്ള സമ്മാനത്തിന് രാജസ്ഥാന്റെ മലയാളി താരം സഞ്ചു വി സാംസണ്‍ അര്‍ഹനായി. രാജസ്ഥാന്റെ ഷെയിന്‍ വാട്‌സനാണ് ടൂര്‍ണമെന്റിന്റെ താരം. മൈക്ക് ഹസിക്ക് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതിനുള്ള ഓറഞ്ച് ക്യാപ്പ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത കളിക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഡൈ്വന്‍ ബ്രാവോ നേടി.