Connect with us

Editorial

പുകയില ഉത്പന്നങ്ങളുടെ നിരോധം കാര്യക്ഷമമാക്കണം

Published

|

Last Updated

siraj copy

നിയമം കാറ്റില്‍ പറത്തി സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാണെന്ന പരാതി ശരി വെക്കുന്നതാണ് “ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്” പഠന റിപ്പോര്‍ട്ട്. സ്‌കൂളുകളുടെ ചുറ്റുവട്ടത്തുള്ള ഭൂരിഭാഗം കടകളിലും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തുകയുണ്ടായി. “കോപ്ട” (സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ട്) പ്രകാരം സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് മാത്രമല്ല, ഏവര്‍ക്കും കാണത്തക്ക വിധത്തില്‍ നിരോധന ഉത്തരവ് എഴുതിയ ബോര്‍ഡുകള്‍ സ്‌കൂള്‍ പരിസരത്ത് സ്ഥാപിക്കണമെന്നും നിയമമുണ്ട്. ഇതും പാലിക്കപ്പെടുന്നില്ലെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
മാരകമായ ആരോഗ്യ പ്രശ്‌നങ്ങളുളവാക്കുന്നതാണ് പുകയില ഉത്പന്നങ്ങള്‍. വിദ്യാലയ പരിസരങ്ങളില്‍ ഇവയുടെ വില്‍പ്പന പാടേ നിരോധിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വില്‍ക്കരുതെന്നും ചട്ടമുണ്ട്. നിരോധനം ഇപ്പോള്‍ കടലാസിലൊതുങ്ങിയ മട്ടാണ്. പാന്‍പരാഗ് ഉത്പന്നങ്ങളുടെ നിരോധനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നിരോധത്തിന്റെ ആദ്യനാളുകളില്‍ 95 ശതമാനം കടകളിലും ഇവയുടെ വില്‍പ്പന നിര്‍ത്തിവെച്ചെങ്കിലും ഏറെ താമസിയാതെ മിക്ക കടകളിലും വീണ്ടും സ്ഥാനം പിടിക്കാന്‍ തുടങ്ങി. കടകളുടെ മുമ്പില്‍ തൂങ്ങിക്കിടന്നിരുന്ന പാന്‍പരാഗ് ഉത്പന്നങ്ങളുടെ പാക്കറ്റുകള്‍ ഉള്‍ഭാഗത്തേക്ക് വലിഞ്ഞുവെന്നത് മാത്രമാണ് നിരോധനത്തിന് മുമ്പും പിന്‍പും തമ്മില്‍ കാണാവുന്ന അന്തരം. സ്‌കൂള്‍ പരിസരത്തെ കടകളിലും പാന്‍പരാഗ് ഉത്പന്നങ്ങള്‍ യഥേഷ്ടം ലഭ്യമാണ്.
ഇതിനേക്കാള്‍ ഗുരുതരമാണ് സ്‌കൂളുകളെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഉത്പന്നങ്ങളുടെ വില്‍പന. വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റുകള്‍ സജീവമാണ് നഗര, ഗ്രാമ വ്യത്യാസമന്യെ പല പ്രദേശങ്ങളിലും. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം കൂടി വരുന്നതില്‍ ഇത്തരം റാക്കറ്റുകള്‍ക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. പോലീസ് വകുപ്പിന്റെ കീഴിലുള്ള “അവര്‍ റസ്‌പോസിബിലിറ്റി ടു ചില്‍ഡ്രന്‍” (ആര്‍ ഒ സി) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠനറി പ്പോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വര്‍ധിക്കുന്നതായും പത്ത് ശതമാനം വിദ്യാര്‍ഥികളെങ്കിലും ലഹരി വസ്തുക്കളുടെ അടിമകളാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ പോലും മദ്യപാന ശീലം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ദുശ്ശീലങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ അകറ്റുകയും അവര്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളിലേക്ക് വഴുതാതെ സംരക്ഷിക്കുകയുമാണ് ഇത്തരം നിരോധങ്ങളുടെ ലക്ഷ്യം. അത് അട്ടിമറിക്കാനുള്ള സാമൂഹിക ദ്രോഹികളുടെ നീക്കത്തിനെതിരെ ശക്തമായി നടപടി ഉണ്ടാകണം. അധികൃതര്‍ക്കൊപ്പം സമൂഹവും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെയും പാന്‍പരാഗ് പോലുള്ള മറ്റു നിരോധിത വസ്തുക്കളുടെയും വില്‍പന ശ്രദ്ധയില്‍ പെട്ടാല്‍ അതിനെതിരെ പ്രതികരിക്കാനും ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താനും പൊതുജനത്തിനും ബാധ്യതയുണ്ട്. അധാര്‍മിക, സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നു നമ്മുടെ പൂര്‍വികര്‍. അത് നഷ്ടമായതാണ് സമകാലീന കേരളത്തിന്റെ ഒരു ദുര്യോഗം.