ഫോണ്‍ ചോര്‍ത്തല്‍: സമഗ്ര അന്വേഷണം വേണം- കോടിയേരി

Posted on: May 25, 2013 8:13 pm | Last updated: May 26, 2013 at 1:44 am
SHARE

തിരുവനന്തപുരം: നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെയല്ലാതെ ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ തന്റെ അനുമതിയോടെയല്ലെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ നിയമനടപടി ആവശ്യമാണ്. ആരോപണവിധേയനായ ഇന്റലിജന്‍സ് എ ഡി ജി പിക്കെതിരെ അന്വേഷണം നടത്താന്‍ ഐ ജിയെ നിയോഗിച്ചത് അപഹാസ്യമാണ്.
കലക്ടര്‍ ചെയ്ത കുറ്റത്തിന് അന്വേഷണം നടത്താന്‍ തഹസീല്‍ദാറെ ഏല്‍പ്പിക്കുന്നതുപോലെയാണിത്. ഇന്റലിജന്‍സ് എ ഡി ജി പിക്കു നേരെയാണ് ഫോണ്‍ ചോര്‍ത്തി എന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. എ ഡി ജി പിക്കെതിരായ അന്വേഷണത്തിന് ഐ ജിയെ നിയോഗിച്ചാല്‍ എങ്ങനെ ശരിയാകുമെന്നും കോടിയേരി ചോദിച്ചു. കേരള മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്റെ(കെ എം സി എസ് യു)46-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. കോണ്‍ഗ്രസ് എ ഗ്രൂപ്പ് നിലനില്‍ക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പിന്‍ബലത്തിലാണ് എന്നതിനാലാണ് ആഭ്യന്തരം ഐ ഗ്രൂപ്പിന് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നടത്തിയത് പോലീസിനെ ഉപയോഗിച്ചാണ്. ആഭ്യന്തരം ഉപയോഗിച്ചാണ് രാഷ്ട്രീയ എതിരാളികളെ മുഖ്യമന്ത്രി നേരിടുന്നത്. സംസ്ഥാന പോലീസ് അസോസിയേഷന്‍ ഇന്ന് സര്‍വീസ് സംഘടന എന്ന രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനവും രാഷ്ട്രീയവത്കരിച്ചു. പുന:സംഘടന നടന്നാലും ഇല്ലെങ്കിലും ഭരണ മുന്നണിക്ക് ഒരുമിച്ചു മുന്നോട്ടുപോകാന്‍ ഇനി സാധിക്കില്ല.
അധികാരികളെ ഉപയോഗിച്ച് പ്രതിയോഗികളെ പിടികൂടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്. മന്ത്രിമാരാകാന്‍ അര്‍ഹതയുള്ളവരെ പുറത്തിരുത്തി ജാതിമത സംഘടനകള്‍ പറയുന്നതനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജാതിമത സംഘടനകള്‍ വരച്ച വരയില്‍ നിന്നാല്‍ മാത്രമേ ഭരണം നടത്താനാകൂ എന്നതാണ് സര്‍ക്കാറിന്റെ അവസ്ഥ. ജാതി സംഘടനകള്‍ തന്നെ പറയുന്നത് സര്‍ക്കാര്‍ ഭൂരിപക്ഷത്തിനെതിരെന്നാണ്. എന്‍ എസ് എസ് തള്ളിപ്പറഞ്ഞാല്‍ കെ പി സി സി പ്രസിഡന്റിന് മറ്റു മാര്‍ഗങ്ങളില്ലാതെ അലയേണ്ടി വരുമെന്നതാണ് അവസ്ഥ. മുഖ്യമന്ത്രിക്കടുത്ത് ഇരിക്കാമെന്നല്ലാതെ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് ഒരു ഗുണവുമില്ലെന്ന് അറിയാവുന്നത് ലീഗിന് മാത്രമാണ്. താക്കോല്‍ സ്ഥാനം കയ്യില്‍ കിട്ടണമെന്നതാണ് എന്‍ എസ് എസിന്റെ ആവശ്യം. കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here