Connect with us

Gulf

സ്മാര്‍ട്ട് ഗവണ്‍മെന്റ്: ദുബൈ പോലീസ് തയാര്‍

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച സ്മാര്‍ട്ട് ഗവണ്‍മെന്റ് പദ്ധതിയെ ദുബൈ പോലീസ് ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നും അത്തരമൊരു മാറ്റത്തിന് എല്ലാ അര്‍ഥത്തിലും സന്നദ്ധവുമാണെന്നും ദുബൈ പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ദുബൈ പോലീസ് പൂര്‍ണമായും ഈ സൗകര്യങ്ങളിലേക്ക് മാറും.
ഇത്തരമൊരു മുന്നേറ്റത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 12 വര്‍ഷമായി ദുബൈ പോലീസില്‍ നടന്നുവരികയാണ്. 2001ല്‍ രൂപവത്കരിക്കപ്പെട്ട ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഇലക്ട്രോണിക് സര്‍വീസസ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ലഭ്യമായ പരമാവധി സാങ്കേതിക വിദ്യകള്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇക്കാര്യത്തില്‍ ദുബൈ പോലീസിന് എല്ലാ പിന്തുണയും നല്‍കിവരുന്നുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു. സ്മാര്‍ട്ട് ഗവണ്‍മെന്റിലേക്കുള്ള മാറ്റം പ്രധാനമായും പോലീസും പൊതുജനങ്ങളും തമ്മിലുള്ള സമ്പര്‍ക്കവുമായി ബന്ധപ്പെട്ടതാണ്. അപേക്ഷകളും നിര്‍ദേശങ്ങളും പരാതികളും പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുക, അവര്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടിയും പരിഹാരങ്ങളും പ്രതിവിധികളും നിര്‍ദേശിക്കുക എന്നിവ അതില്‍ ചിലതാണ്.
സമൂഹത്തിന്റെ മുഴുവന്‍ തുറകളിലുമുള്ളവര്‍ ആശയ വിനിമയത്തിനും മറ്റും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ സേവനങ്ങളൊക്കെ ആര്‍ക്കും എവിടെ നിന്നും ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ലഭിക്കാവുന്ന മാറ്റമാണ് സ്മാര്‍ട്ട് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. അതും പരമാവധി വേഗത്തില്‍. ഇതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും പരിജ്ഞാനങ്ങളും ദുബൈ പോലീസ് ഇതിനകം സ്വായത്തമാക്കിയിട്ടുണ്ട്. ഇതില്‍ ചിലതൊക്കെ നേരത്തെ തന്നെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ബാക്കി സര്‍വീസുകള്‍ കൂടി അടുത്ത രണ്ടു വര്‍ഷത്തിനകം ഉറപ്പുവരുത്തും. അതിനാവശ്യമായ തയാറെടുപ്പുകളും പരിശീലന പരിപാടികളും തുടങ്ങിയതായും ദുബൈ പോലീസ് മേധാവി അറിയിച്ചു.