വെംബ്ലിയില്‍ ഇന്ന് ജര്‍മ്മന്‍ യുദ്ധം

Posted on: May 25, 2013 9:09 am | Last updated: May 25, 2013 at 9:09 am
SHARE

beroosiaവെംബ്ലി: പ്രഷ്യയുടെ പോരാട്ടവീര്യത്തിന്റെ പ്രൗഢസ്മരണകളുടെ ഫുട്‌ബോള്‍ അവശേഷിപ്പായ ബൊറൂസിയ ഡോര്‍ട്മുണ്ട്. ആധുനിക ജര്‍മനിയുടെ ചരിത്രം മാറ്റിയെഴുതിയ ബവേറിയന്‍ ദേശീയതയുടെ ഫുട്‌ബോള്‍ രൂപം ബയേണ്‍ മ്യൂണിക്ക്. ഈ രണ്ട് ക്ലബ്ബുകളും ജര്‍മനിയുടെ ചരിത്രം പേറുന്നവരാണ്. യൂറോപ്പിന്റെ പുതിയ ഫുട്‌ബോള്‍ രാജാവിനെ കണ്ടെത്താന്‍ ഇന്ന് രാത്രി ലണ്ടനിലെ വെംബ്ലിയില്‍ ഇവര്‍ ഏറ്റുമുട്ടുമ്പോള്‍ അത് മറ്റൊരു ചരിത്രമാകും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഇന്നേ വരെ ജര്‍മന്‍ ക്ലബ്ബുകള്‍ തമ്മില്‍ കലാശപ്പോരാട്ടമുണ്ടായിട്ടില്ല. സ്പാനിഷ് മേധാവിത്വത്തിന് അറുതി വരുത്തിയാണ് ജര്‍മനിയുടെ അഭിമാന സ്തംഭങ്ങളായ ബയേണ്‍മ്യൂണിക്കും ബൊറൂസിയ ഡോര്‍ട്മുണ്ടും കിരീടപ്പോരിന് യോഗ്യത നേടിയത്. സെമിഫൈനലില്‍ ബവേറിയന്‍ ക്ലബ്ബ് കാറ്റലന്‍സ് ക്ലബ്ബായ ബാഴ്‌സലോണയുടെ ജൈത്രയാത്ര അവസാനിപ്പിച്ചപ്പോള്‍ സ്പാനിഷ് ദേശീയതയുടെ പ്രതീകമായി നിലകൊണ്ട, ഒമ്പത് തവണ യൂറോപ്പ് കീഴടക്കിയ റയല്‍മാഡ്രിഡിനെ ബൊറൂസിയ ഡോര്‍ട്മുണ്ട് കെട്ടുകെട്ടിച്ചു.

Bayern-Munichs-Arjen-Robb-001ഇവരില്‍ ആര്?

ഈ ചോദ്യത്തിനുള്ള ഉത്തരം എളുപ്പമല്ല. ജുപ് ഹെയിന്‍കസ് എന്ന പരിചയസമ്പന്നനായ കോച്ച് തന്ത്രമൊരുക്കുന്ന ബയേണ്‍മ്യൂണിക്കിനാണ് ഫുട്‌ബോള്‍ ലോകം വലിയ സാധ്യത കല്പിക്കുന്നത്. എന്നാല്‍, ബയേണിന്റെ കരുത്തിനെ ചോദ്യം ചെയ്തു കൊണ്ട് കഴിഞ്ഞ രണ്ട് സീസണിലും അവര്‍ക്ക് മേല്‍ ജയം നേടിയ ബൊറൂസിയ ജര്‍മനിയില്‍ ചാമ്പ്യന്‍മാരായിരുന്നു. ഇത്തവണ, പക്ഷേ ബയേണിന് മുന്‍തൂക്കമുണ്ട്. സീസണിന്റെ തുടക്കത്തില്‍ ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ബയേണ്‍ 2-1ന് ഡോര്‍ട്മുണ്ടിനെ തോല്‍പ്പിച്ചിരുന്നു. ബുണ്ടസ് ലിഗയിലെ രണ്ട് പാദവും 1-1 മാര്‍ജിനില്‍ തുല്യത പാലിച്ചു. ജര്‍മന്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും ബയേണ്‍ ആര്യന്‍ റോബന്റെ ഏകഗോളിന് ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി. ബയേണ്‍ ഇത്തവണ ജര്‍മന്‍ ബുണ്ടസ് ലീഗ ജേതാക്കളായത് ബൊറൂസിയയെ 25 പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ്. ഇത് റെക്കോര്‍ഡാണ്. തീര്‍ന്നില്ല ബയേണിന്റെ സീസണിലെ റെക്കോര്‍ഡ് പ്രകടനം. 21 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ ജയം, കൂടുതല്‍ ജയം (29), കൂടുതല്‍ എവേ ജയം (15), കൂടുതല്‍ പോയിന്റ് (91) ഇങ്ങനെ ബവേറിയന്‍ ക്ലബ്ബ് ചരിത്രം സൃഷ്ടിച്ചു. 34 ലീഗ് മത്സരങ്ങളില്‍ ആകെ വഴങ്ങിയത് പതിനെട്ട് ഗോളുകളാണെന്നത് മറ്റൊരു റെക്കോര്‍ഡ്.
യൂറോപ്പിലും ഏകപക്ഷീയമായ ജയങ്ങളാണ് ക്വാര്‍ട്ടറിലും സെമിയിലും ബയേണ്‍ നേടിയത്. ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ജുവെന്റസിനെ ഇരുപാദത്തിലുമായി 4-0നും സെമിയില്‍ ബാഴ്‌സയെ ഇരുപാദത്തിലുമായി 7-0ന് തകര്‍ത്തു. നാല് മത്സരങ്ങളില്‍ നിന്ന് 11-0 !
റയലിനെതിരെ നാലു ഗോളുകള്‍ നേടിയ ലെവന്‍ഡോസ്‌കിയാണ് ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ചാട്ടൂളി. ബയേണിന്റെ മുന്‍ നിരയില്‍ മരിയോ ഗോമസ്, മാന്‍ഡുകിച്, തോമസ് മുള്ളര്‍ എന്നീ ഗോള്‍ മെഷീനുകളുണ്ട്. ഒരു സ്‌ട്രൈക്കര്‍ മാത്രമാണെങ്കില്‍ മാന്‍ഡുകിചിന് നറുക്ക് വീഴും. രണ്ട് സ്‌ട്രൈക്കറെ നിരത്തിയുള്ള ആക്രമണമാണ് ഹെയിന്‍കസ് പദ്ധതിയിടുന്നതെങ്കില്‍ മുള്ളറും ഗോമസും ഇടംപിടിക്കും.ബയേണ്‍ അഞ്ചാം യൂറോപ്യന്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. 1997 ല്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായതാണ് ബൊറൂസിയയുടെ യൂറോപ്പിലെ മേല്‍വിലാസം.
1980 ലെ യുവേഫ കപ്പ് ഫൈനല്‍ ജര്‍മന്‍ ക്ലബ്ബുകള്‍ തമ്മിലുള്ളതായിരുന്നു. എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ടും ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചും. ഇരുപാദ ഫൈനല്‍ 3-3 ആയപ്പോള്‍ എവേ ഗോള്‍ ബലത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ജേതാക്കളായി.

lewandoskiപരിശീലകര്‍ തമ്മിലുള്ള പോരാട്ടം

രണ്ട് ഫുട്‌ബോള്‍ സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടല്‍ എന്നതിലുപരി വ്യത്യസ്ത ശൈലിയിലും ജനറേഷനിലുമുള്ള പരിശീലകരുടെ കൊമ്പുകോര്‍ക്കല്‍ കൂടിയാകും ഇന്നത്തെ ഫൈനല്‍. ബയേണ്‍ മ്യൂണിക് കോച്ച് ജുപ് ഹെയിന്‍കസിന് അറുപത്തെട്ട് വയസായി. ബൊറൂസിയ ഡോട്മുണ്ട് കോച്ച് യുര്‍ഗന്‍ ക്ലോപ് കോച്ചിംഗ് കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ -45 വയസ് പ്രായം. രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഹെയിന്‍കസ് ലക്ഷ്യമിടുന്നത്. യുര്‍ഗന്‍ ക്ലോപിനിത് ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. ഹെയിന്‍കസ് ശാന്തശീലനാണ്. സൈഡ് ബെഞ്ചിലിരുന്ന് പൊട്ടിത്തെറിക്കാനറിയില്ല. രോഷവും നിരാശയും നിറയുമ്പോള്‍ ബയേണ്‍ കോച്ചിന്റെ മുഖം ബള്‍ബ് കത്തും പോലെ ചുവക്കും. അതുകൊണ്ടു തന്നെ ഒസ്‌റാം എന്നാണ് ഓമനപ്പേര്. ജര്‍മന്‍ ബള്‍ബ് നിര്‍മാതാക്കളാണ് ഒസ്‌റാം. ബൊറൂസിയ കോച്ച് യുര്‍ഗന്‍ ക്ലോപിന്റെ സ്വഭാവം വ്യത്യസ്തമാണ്. സൈഡ് ബെഞ്ചില്‍ ഇരിക്കപ്പൊറുതിയില്ലാത്ത മനുഷ്യന്‍. തിരമാല കണക്കെ മുഖത്ത് വൈകാരിക ഭാവങ്ങള്‍ വന്നും പോയും ഇരിക്കും. നിറഞ്ഞു തൂകുന്ന മുടിയിഴകള്‍ ഒതുക്കിക്കൊണ്ട് യുര്‍ഗന്‍ ക്ലോപ് സദാ ചിന്താകുലനായിരിക്കും.
ജുപ് ഹെയിന്‍കസിനെ സംബന്ധിച്ച് വെംബ്ലിയിലെ ഫൈനല്‍ കരിയറിന്റെ അന്ത്യമാണ്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഹെയിന്‍കസ് മറ്റ് യുറോപ്യന്‍ ലീഗിലേക്കും ഇല്ലെന്ന് ഏറെക്കുറെ വ്യക്തമാക്കിയിട്ടുണ്ട്. യുര്‍ഗന്‍ ക്ലോപ് തുടങ്ങിയിട്ടേയുള്ളൂ. വെംബ്ലിയിലെ ഫൈനല്‍ കരിയറിലെ പ്രധാന സംഭവമാണ്. 2005 ല്‍ കടക്കെണിയില്‍ മുങ്ങിത്താഴ്ന്ന ബൊറൂസിയ ഡോട്മുണ്ടിനെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയതിന് പിറകില്‍ യുര്‍ഗന്‍ ക്ലോപിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യമാണ്. സാമ്പത്തിക ബാധ്യത വരാത്ത വിധം ചെറിയ തുകക്ക് കളിക്കാരെ ടീമിലെത്തിച്ചും ഉള്ള വിഭവങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയും ക്ലോപ് വിപ്ലവം സൃഷ്ടിച്ചു. 2011, 2012 ബുണ്ടസ് ലീഗ കിരീടം നേടി ബൊറുസിയ ഡോട്മുണ്ട് ജര്‍മന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായി.
1970 കളില്‍ ലോകഫുട്‌ബോള്‍ വാണ ജര്‍മന്‍ ടീമിലെ അംഗമാണ് ജുപ് ഹെയിന്‍കസ്. അച്ചടക്കം, കഠിനാധ്വാനം തുടങ്ങീ തത്വസംഹിതകളിലധിഷ്ഠിതമായി വളര്‍ന്നു വന്ന ഫുട്‌ബോള്‍ പ്രതിഭ. 1972 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും 1974 ലോകകപ്പും നേടിയ ലോകോത്തര സ്‌ട്രൈക്കറായിരുന്നു ഹെയിന്‍കസ്. ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിന്റെ എക്കാലത്തേയും മികച്ച കളിക്കാരിലൊരാള്‍. അവിടെ തന്നെ പരിശീലകന്റെ കുപ്പായത്തിലും അരങ്ങേറ്റം. 1987 ല്‍ ബയേണ്‍ മ്യൂണിക്കില്‍.
തുടരെ രണ്ട് ലീഗ് കിരീട ജയത്തോടെ ഹെയിന്‍കസ് ബവേറിയന്‍മാരുടെ ക്ലബ്ബില്‍ സൂപ്പര്‍ ഹിറ്റായി. ബയേണ്‍ മ്യൂണിക്ക് വിട്ടതിന് ശേഷം ഒരു ദശാബ്ദം സ്പാനിഷ് ഫുട്‌ബോളിന്റെ ഭാഗമായി. 1998 ല്‍ റയല്‍മാഡ്രിഡിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം. 2009 ല്‍ ബയേണില്‍ താത്കാലിക കോച്ചായി വന്ന ഹെയിന്‍കസിന്റെ മൂന്നാം വരവ് കഴിഞ്ഞ സീസണിലായിരുന്നു. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയോട് സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടത് ഹെയിന്‍കസിനും ബയേണിനും ഒരു പോലെ ഞെട്ടിക്കുന്നതായി. ഇത്തവണ ലീഗ് കിരീടം തിരിച്ചുപിടിച്ച ബയേണ്‍ ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളിലെത്തി. മൂന്ന് കിരീടങ്ങള്‍ എന്ന സ്വപ്‌ന നേട്ടത്തിനരികിലാണ് ബയേണ്‍. ജൂണ്‍ ഒന്നിനാണ് ജര്‍മന്‍ കപ്പ് ഫൈനല്‍. പ്രശസ്തരായ കളിക്കാരെ മാനേജ് ചെയ്യുന്നതില്‍ മാസ്റ്ററാണ് ഹെയിന്‍കസ്. ചെല്‍സിയോടേറ്റ തോല്‍വിക്ക് ശേഷം ഡാന്റെ (സെന്‍ട്രല്‍ ഡിഫന്‍ഡര്‍), ജാവി മാര്‍ട്ടിനെസ് (ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍), മരിയോ മാന്‍ഡുകിച് (സ്‌ട്രൈക്കര്‍) എന്നിവരെ കാശെറിഞ്ഞ് ടീമിലെത്തിച്ചു. ആര്യന്‍ റോബന്‍, മരിയോ ഗോമസ് എന്നീ സൂപ്പര്‍ താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ ഇടം കിട്ടാത്ത അവസ്ഥയായി ബയേണില്‍. റൊട്ടേഷന്‍ സമ്പ്രദായം വിജയകരമായി നടപ്പിലാക്കി ബയേണിന്റെ കരുത്തിന് സ്ഥിരത നല്‍കാനായിരുന്നു ഹെയിന്‍കസ് ശ്രദ്ധിച്ചത്.
യുവനിരയില്‍ ആവോളം ആത്മവിശ്വാസം കുത്തിനിറച്ചാണ് യുര്‍ഗന്‍ ക്ലോപ് ഇത്തവണ യൂറോപ്പിലും വിപ്ലവം സൃഷ്ടിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയത് ഒരു പരാജയം പോലും നേരിടാതെയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് ക്ലബ്ബ് മലാഗക്കെതിരെ സ്റ്റോപ്പേജ്‌ടൈമില്‍ രണ്ട് ഗോളടിച്ചുള്ള തിരിച്ചുവരവ് ശ്രദ്ധേയം.
സെമിഫൈനലില്‍ കോടീശ്വര ക്ലബ്ബായ റയലിനെ അവരുടെ തട്ടകത്തില്‍ 1-4ന് തകര്‍ത്തത് മറ്റൊരു തകര്‍പ്പന്‍ പ്രകടനം. കളിക്കാരുമായി സൗഹൃദത്തില്‍ കഴിയുന്ന ക്ലോപിന്റെ രീതിയാണ് ടീമിന്റെ ഊര്‍ജം. നൂറി സാഹിന്‍, ഷിന്‍ജി കഗാവ എന്നീ പ്രധാന താരങ്ങള്‍ കഴിഞ്ഞ സീസണില്‍ ക്ലബ്ബ് വിട്ടപ്പോള്‍ ക്ലോപ് കുലുങ്ങിയില്ല. ഇകായ് ഗുന്‍ഡോഗന്‍ എന്ന അറിയപ്പെടാത്ത താരത്തെയും മാര്‍കോ റയസിനെയും വാങ്ങി. രണ്ട് പേരും ഇന്ന് യൂറോപ്പിലെ വിലയേറിയ കളിക്കാരായി മാറിയിരിക്കുന്നു.
ടെന്‍ ആക്ഷന്‍, ടെന്‍ സ്‌പോര്‍ട്‌സ്
ചാനലുകളില്‍ രാത്രി 11.30 മുതല്‍
സാധ്യതാ ലൈനപ്പ്

ബൊറൂസിയ ഡോര്‍ട്മുണ്ട് : വീഡെന്‍ഫെല്ലര്‍ (ഗോളി), പിസെക്, സുബോടിച്, ഹമ്മല്‍സ്, ഷെല്‍മര്‍, ഗുന്‍ഡോഗന്‍, ബെന്‍ഡര്‍, ഇസികോസ്‌കി, റ്യൂസ്, ഗ്രോക്രിറ്റസ്, ലെവന്‍ഡോസ്‌കി.

ബയേണ്‍ മ്യൂണിക് : ഫിലിപ് ലാം, ബ്യുയ്റ്റന്‍, ഡാന്റെ, അലാബ, മാര്‍ട്ടിനെസ്, ഷൈ്വന്‍സ്റ്റിഗര്‍, റോബന്‍, മുള്ളര്‍, റിബറി, മാന്‍ഡുകിച്.

LEAVE A REPLY

Please enter your comment!
Please enter your name here