മാധ്യമ ധാര്‍ഷ്ട്യത്തിന്റെ 51 വെട്ടുകള്‍

Posted on: May 24, 2013 6:00 am | Last updated: May 23, 2013 at 10:06 pm
SHARE

‘പ്രസ്താവനകളെ ദുര്‍വ്യാഖ്യാനം ചെയ്തു തലക്കെട്ടുകളാക്കി ഉപദ്രവം ഉണ്ടാക്കരു’തെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫിന് പറയേണ്ടിവന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ പറയാന്‍ വക്താക്കളും നേതാക്കളും ഉണ്ടെന്നും അക്കാര്യം മാധ്യമങ്ങള്‍ എറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം തറപ്പിച്ചുതന്നെ വ്യക്തമാക്കി. ചുരുക്കത്തില്‍ മാധ്യമ വേട്ട അനാശാസ്യമാണെന്ന് എല്ലാ വിഭാഗം നേതാക്കള്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. ഇതേ കാര്യമാണ് തനതായ ശൈലിയില്‍ പിണറായി വിജയനും പറഞ്ഞുകൊണ്ടിരിക്കുന്നത്.
മാധ്യമങ്ങള്‍ ചില വ്യക്തികളെ ഇകഴ്ത്താനും മറ്റു ചിലരെ വാഴ്ത്തപ്പെട്ടവരാക്കാനും കരുതിക്കൂട്ടി നടത്തുന്ന പ്രചാരവേലകള്‍ ഒരു സിന്‍ഡിക്കേറ്റിന്റെ സ്വഭാവത്തോടുകൂടിയായിരിക്കുന്നത് തീരെ ആശാസ്യമല്ലെന്ന പിണറായി വിജയന്റെ നിലപാടിലേക്ക് തന്നെയാണ്, കോണ്‍ഗ്രസ്, യു ഡി എഫ് നേതൃത്വവും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് മാധ്യമങ്ങള്‍ നടത്തിവരുന്ന വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് എത്തിച്ചേര്‍ന്നിരിക്കുന്നത്. മാധ്യമങ്ങളെ പിണറായി വിജയന്‍ കുറ്റപ്പെടുത്തിയാല്‍ അത് കമ്യൂണിസ്റ്റ് ധാര്‍ഷ്ട്യവും മറ്റുള്ളവര്‍ കുറ്റപ്പെടുത്തിയാല്‍ അത് ജനാധിപത്യ പരിപാലനവും ആണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. മാധ്യമങ്ങള്‍ അവയുടെ വില്‍പ്പനത്തോത് ഉയര്‍ത്തുന്നതിന് വേണ്ടി വിവാദ വിഭവങ്ങള്‍ ചമയ്‌ച്ചൊരുക്കുന്നതില്‍ ചന്തസാമര്‍ഥ്യം കാണിക്കാന്‍ അമിത താത്പര്യമെടുക്കുന്നത് പത്രധര്‍മത്തിന്റെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. വാര്‍ത്ത, സോപ്പും ലൈംഗികോദ്ദീപന ഗുളികകളും പോലൊരു വിപണ ചരക്കല്ലെന്നെങ്കിലും മാധ്യമങ്ങള്‍ തിരിച്ചറിയണം.
പക്ഷേ, മാധ്യമങ്ങളെ ഈ രീതിയില്‍ വിശകലന വിധേയമാക്കുന്നത് മാധ്യമങ്ങള്‍ക്ക് താത്പര്യമുള്ള കാര്യമല്ല. അങ്ങനെ ചെയ്യുന്നവരെ അവര്‍ മനഃപൂര്‍വം തമസ്‌കരിക്കാന്‍ ശ്രമിക്കും. മുമ്പ്, സ്വന്തം ഉടമക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം ഡോ. സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനകളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കാതിരിക്കാന്‍ മലയാളത്തിലെ പ്രമുഖ പത്രം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്റെ രാഷ്ട്രീയ നിലപാടിന് വിരുദ്ധമായ ലേഖനം ദേശാഭിമാനി പത്രത്തില്‍ എഴുതിയതിനാണ് സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ പ്രഭാവര്‍മയുടെ കവിതകളുടെ പ്രസിദ്ധീകരണം തടഞ്ഞതെന്നും ഓര്‍ക്കുക. ഇതിനാലൊക്കെ തന്നെ മാധ്യമങ്ങള്‍ക്കെതിരെ വല്ലതും പറഞ്ഞാല്‍ തമസ്‌കരിക്കപ്പെടുമോ എന്ന ഭീതി സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ക്കുണ്ട്.
തങ്ങള്‍ തെറ്റ് പറ്റാത്തവരല്ലെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും പറയാനുള്ള സ്വയംവിമര്‍ശത്തിന്റെ ജനാധിപത്യം തെല്ലെങ്കിലും രാഷ്ട്രീയ നേതാക്കളില്‍ അവശേഷിക്കുന്നുണ്ട്. എന്നാല്‍, യാതൊരു തെറ്റും പറ്റാത്തവരെന്ന മട്ടും ഭാവവും, ഇനി എന്തെങ്കിലും തെറ്റ് പറ്റിയെന്നു വ്യക്തമായാലും അത് സമ്മതിക്കാനോ തിരുത്താനോ ഉള്ള സന്നദ്ധതയില്ലായ്മയും ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് മാധ്യമ രംഗത്താണ്. മരിക്കാത്ത ഒരാള്‍ മരിച്ചെന്ന് ചരമകോളത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ട് അതുപോലും തിരുത്താന്‍ തയ്യാറാകാത്ത പത്രാധിപന്മാരും പത്രവുമുള്ള നാടാണ് കേരളം. തെറ്റ് പറ്റാതിരിക്കലല്ല പറ്റിയ തെറ്റ് തിരുത്താതിരിക്കലാണ് ധാര്‍ഷ്ട്യമെങ്കില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ളിടത്തോളം ധാര്‍ഷ്ട്യം മറ്റൊരു ജനാധിപത്യ സ്ഥാപനത്തിനുമില്ലെന്ന് പറയേണ്ടിവരും. അതിലേക്കൊരു തെളിവ് മാത്രം തത്കാലം ചൂണ്ടിക്കാട്ടാം.
അരുംകൊലയാളികള്‍, ടി പി ചന്ദ്രശേഖരന്റെ മുഖത്ത് മാത്രം മാരകമായ 51 വെട്ടുകള്‍ ഏല്‍പ്പിച്ചു എന്നായിരുന്നു പത്രമാധ്യമങ്ങള്‍ പേര്‍ത്തും പേര്‍ത്തും പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. 51 വെട്ടുണ്ടാക്കിയ സഹതാപ തരംഗത്തെ മുതലാക്കാന്‍ ചില കവികള്‍ വെട്ടുവഴിക്കവിതകള്‍ എഴുതുകയും അതൊക്കെ ചൂടോടെ അച്ചടിച്ചു പുസ്തകമാക്കി പ്രസാധകര്‍ വിറ്റഴിക്കുകയും ചെയ്തു.
എന്‍ഡോസള്‍ഫാന്‍ കവിതകള്‍ക്ക് ലഭിച്ചതിനെക്കാള്‍ ഇരട്ടി വില്‍പ്പനയാണ് വെട്ടുവഴിക്കവിതകള്‍ക്ക് ലഭിച്ചതും. എന്നാല്‍, 51 വെട്ടെന്ന മാധ്യമ പ്രചാരണം തീര്‍ത്തും തെറ്റായിരുന്നു എന്നാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കോടതി വിചാരണയിലൂടെ പുറത്തുവന്ന വസ്തുതകള്‍ തെളിയിച്ചത്. ടി പി ചന്ദ്രശേഖരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ രേഖാസഹിതം കോടതി മുമ്പാകെ ഹാജരായി നല്‍കിയ മൊഴിയില്‍ പറയുന്നത് ടി പി ചന്ദ്രശേഖരന്റെ ശരീരത്തില്‍ ആകപ്പാടെ കാണപ്പെട്ടത് 27 മുറിവുകള്‍ മാത്രമാണെന്നാണ്. എന്നുവെച്ചാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്ന 51ല്‍ നിന്ന് 24 എണ്ണം കുറവുണ്ട് എന്നര്‍ഥം. മാത്രമല്ല, 27 മുറിവുകള്‍ മുഖത്ത് മാത്രമല്ലെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. എന്നാല്‍, വസ്തുതാപരമായി പറ്റിയ തെറ്റ് തിരുത്താന്‍ ഒരു അച്ചടി – ദൃശ്യമാധ്യമവും യാതൊരു താത്പര്യവും കാണിച്ചില്ല. വാര്‍ത്തകളിലും ചര്‍ച്ചകളിലും 51 വെട്ടെന്ന വസ്തുതാപരമായ തെറ്റ് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. – ഇതാണ് മാധ്യമ ധാര്‍ഷ്ട്യം.
ഒരു നുണ ആവര്‍ത്തിച്ചുപറഞ്ഞാല്‍ അത് സത്യമെന്ന് ജനങ്ങള്‍ ധരിച്ചുകൊള്ളും എന്ന ഗീബല്‍സിന്റെ പ്രചാരണ തന്ത്രമാണ് നമ്മുടെ മാധ്യമങ്ങളെ ഭരിക്കുന്ന പത്രധര്‍മം എന്നാണ് 51 വെട്ട് എന്ന വസ്തുതാപരമായ പിശകിനു നല്‍കിയ അമിത പ്രചാരത്തിന്റെ പത്തിലൊരംശം പ്രാധാന്യം പോലും 27 വെട്ടുകള്‍ എന്ന വസ്തുതാപരമായ ശരി ജനങ്ങളില്‍ എത്തിക്കാന്‍ ചെയ്യാത്ത മുഖ്യധാരാ മാധ്യമങ്ങളുടെ ധാര്‍ഷ്ട്യം തെളിയിക്കുന്നത്. അതിനാല്‍ ഒരു ജനാധിപത്യമാനവനും ഗീബല്‍സിന് നല്‍കുന്നതിനെക്കാള്‍ ആദരവ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നല്‍കാനാകില്ല. അതിനുള്ള അര്‍ഹത അവര്‍ നേടണമെങ്കില്‍ തെറ്റ് പ്രചരിപ്പിക്കുന്നതിന് കാണിക്കുന്ന അതേ ആവേശം, പ്രചരിപ്പിച്ചിരുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് പ്രചരിപ്പിക്കുന്നതിനും അവര്‍ കാണിക്കണം. ചുരുക്കത്തില്‍ രാഷ്ട്രീയ നേതാക്കളുടെ ധാര്‍ഷ്ട്യം മാത്രമല്ല തെറ്റ് തിരുത്താന്‍ തയ്യാറാകാത്ത മാധ്യമങ്ങളുടെ ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധമാണ്. ഇത് തിരിച്ചറിയാനുള്ള പൗരബോധമാണ് വോട്ടര്‍മാരും വായനക്കാരും കാഴ്ചക്കാരും ഒക്കെയായ പൗരന്മാര്‍ക്ക് ഉണ്ടാകേണ്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here