Connect with us

Kannur

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ദുരന്ത നിവാരണ മാതൃകയില്‍ കര്‍മ പദ്ധതി

Published

|

Last Updated

കണ്ണൂര്‍: രാജ്യത്ത് പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് ദുരന്തനിവാരണ മാതൃകയില്‍ കര്‍മ പദ്ധതി തയ്യാറാകുന്നു. ഏതെങ്കിലും വലിയ ദുരന്തങ്ങളുണ്ടായാല്‍ പ്രതിരോധിക്കുന്ന മാതൃകയിലാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനും കര്‍മപരിപാടിയൊരുങ്ങുന്നത്. വന്‍ തോതില്‍ മരണനിരക്കുയര്‍ത്തുന്ന രീതിയില്‍ പുതിയ ഇനം പകര്‍ച്ചരോഗങ്ങള്‍ വ്യാപിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആദ്യമായി ഇത്തരമൊരു നടപടിക്ക് ദുരന്ത നിവാരണ അതോറിറ്റി രൂപം കൊടുക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ക്ക് ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഒരോ സംസ്ഥാനത്തെയും കാലാവസ്ഥക്കും മറ്റുമനുസൃതമായാണ് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുക. ഏറ്റവും അടുത്ത കാലത്തുണ്ടായ എച്ച് വണ്‍ എന്‍ വണ്‍ പോലുള്ളവ ഇപ്പോള്‍ നിയന്ത്രിക്കപ്പെട്ടെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും ഇനിയും വരാനിടയുണ്ടെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് ഇവയെ പ്രതിരോധിക്കുകയെന്ന് “മോക് ഡ്രില്‍” ഉള്‍പ്പെടെ നടത്തി ജനങ്ങളെ ബോധവത്കരിക്കാനും കര്‍മപദ്ധതി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഏതെങ്കിലുമൊരിടത്ത് പുതിയ പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയാല്‍ അത് പെട്ടെന്നുതന്നെ മറ്റ് ദൂര സ്ഥലങ്ങളിലേക്കെത്താനുള്ള സാധ്യത ഏറെയുണ്ട്. ട്രെയിന്‍, ബസ്സ് തുടങ്ങിയവയിലെ യാത്രികരിലൂടെയും പക്ഷി, മൃഗാദികളിലൂടെയുമെല്ലാമാണ് വേഗത്തില്‍ ഇത്തരം രോഗങ്ങള്‍ പലപ്പോഴും പടരുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ ബോധവത്കരണം ഈ മേഖലയില്‍ വേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പകര്‍ച്ചവ്യാധി നിവാരണത്തിന് നടപടിയെടുക്കുന്നത്.
മഴ കടന്നുവരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ പകര്‍ച്ച വ്യാധികളേറെയും പടരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ പത്തിലധികം വിധത്തിലുള്ള പകര്‍ച്ചവ്യാധികള്‍ കാര്യമായിത്തന്നെ പടര്‍ന്നു പിടിച്ചതായി കാണാം. വൈറല്‍ പനി, മലമ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, ടൈഫോയ്ഡ്, വയറിളക്കം, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍, എ ബി സി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മഞ്ഞപ്പിത്തം എന്നിവയുടെ വ്യാപനമാണ് കൂടിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
2006-07 കാലത്ത് ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിച്ചത് ചിക്കുന്‍ഗുനിയ ആയിരുന്നു. പിന്നീട് എലിപ്പനി മാരകമായി പടര്‍ന്നു. 2010ലും 11ലുമെല്ലാം അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മലമ്പനിയുള്‍പ്പെടെയുള്ള രോഗങ്ങളും പടര്‍ന്നു തുടങ്ങി. 2012ലും ഇത് പലയിടത്തും വ്യാപകമായി കണ്ടുതുടങ്ങി. അതേസമയം, 2013ല്‍ കാലാവസ്ഥാ വ്യതിയാനം മൂലവും പലവിധ അസുഖങ്ങള്‍ പടര്‍ന്നു പിടിച്ചു. മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് തുടങ്ങിയവയും ഇക്കുറി വലിയ തോതില്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തു. വേനല്‍ക്കാലത്ത് തന്നെ വിവിധ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട പകര്‍ച്ച രോഗങ്ങള്‍ ശമിക്കാത്ത സാഹചര്യത്തില്‍ ഇക്കുറി കാലവര്‍ഷം കൂടിയെത്തുമ്പോള്‍ കനത്ത ആശങ്കയാണ് കേരളത്തിലെ ആരോഗ്യമേഖലക്കുള്ളത്. ഇക്കുറി കൊടും വരള്‍ച്ചയും ചൂടും അനുഭവപ്പെട്ട സാഹചര്യത്തില്‍ മഴക്കാലത്ത് മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗുരുതരമായ രീതിയില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടായേക്കുമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മുന്നറിയിപ്പുണ്ടായിട്ടുണ്ട്.
അതേ സമയം, ആരോഗ്യരംഗത്ത് ഏറെക്കുറെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് കേരളമാണെന്ന അംഗീകാരവും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ഡോ. അമര്‍സെറ്റല്‍ വ്യക്തമാക്കി.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest