Connect with us

National

ഏകദിന ഷോപ്പിംഗിന് ശ്രീശാന്ത് പൊടിച്ചത് രണ്ടരലക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: കോഴപ്പണം ശ്രീശാന്ത് ചെലവഴിച്ചത് പെണ്‍സുഹൃത്തിന് വേണ്ടി. ഒരു ദിവസം കൊണ്ട് മുംബൈയില്‍ ശ്രീശാന്ത് ചെലവഴിച്ചത് രണ്ടര ലക്ഷം രൂപയോളമാണെന്നും ഡല്‍ഹി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. 1.95 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങിയ ശ്രീശാന്ത് പെണ്‍സുഹൃത്തിന് 42000 രൂപയുടെ ആഢംബര മൊബൈലും സമ്മാനിച്ചു. ഈ ഷോപ്പിംഗെല്ലാം റൊക്കം പണം നല്‍കിയാണെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. പെണ്‍സുഹൃത്ത് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോലീസ് ബ്ലാക്‌ബെറി സീരീസിലെ വില കൂടിയ മൊബൈല്‍ കണ്ടെത്തി. വാതുവെപ്പിലൂടെ ലഭിച്ച പണം തന്നെയാണ് മൊബൈല്‍ വാങ്ങുവാന്‍ ശ്രീശാന്ത് ഉപയോഗിച്ചതെന്ന് പോലീസ് തറപ്പിച്ചു പറഞ്ഞു. മുംബൈയിലെ ഡിസല്‍ സ്റ്റോറില്‍ നിന്ന് ആഗോള ബ്രാന്‍ഡായ ഡെനിമിന്റെ വസ്ത്രങ്ങളാണ് ക്രിക്കറ്റ് താരം വാങ്ങിച്ചുകൂട്ടിയത്. ഈ വസ്ത്രങ്ങളെല്ലാം തൊണ്ടിയായി പോലീസ് കണ്ടെടുത്തു. തത്‌സമയ വാതുവെപ്പിലൂടെ ലഭിച്ച പണം കൊണ്ടാണ് ശ്രീശാന്ത് ഇതെല്ലാം വാങ്ങിയതെന്ന് തെളിയിക്കാനുള്ള രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും പോലീസ് അറിയിച്ചു. അതേ സമയം ശ്രീശാന്തിന്റെ പെണ്‍സുഹൃത്തിന് വാതുവെപ്പ് സംബന്ധമായി ഒന്നുമറിയില്ലെന്നും പോലീസ് വ്യക്തമാക്കി.
ഐ പി എല്‍ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ് നല്‍കിയ പരാതിയില്‍ വിശ്വാസ വഞ്ചനാ കുറ്റം (സെക്ഷന്‍ 409) ശ്രീശാന്ത്, ചാന്ദില, അങ്കിത് എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസ് ചുമത്തി. സെക്ഷന്‍ 420 (വഞ്ചന), 120-ബി (കുറ്റകരമായ ഗൂഢാലോചന) തുടങ്ങീ വകുപ്പുകള്‍ നേരത്തെ തന്നെ ചുമത്തിയിരുന്നു.
കളിക്കാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ വാതുവെപ്പ് സംഘവുമായി അജിത് ചാന്ദിലക്കുള്ള ബന്ധം സുവ്യക്തമായിരുന്നു. വാതുവെപ്പുകാരുമായി ഏറെക്കാലമായി ബന്ധമുള്ള ചാന്ദി അനായാസമായാണ് ഡീലുറപ്പിച്ചിരുന്നത്. ഈ മേഖലയില്‍ ഏറെ പരിചയ സമ്പത്ത് ചാന്ദിലക്ക് കൈവന്നിരുന്നു. അതേ സമയം, ശ്രീശാന്തും ചാന്ദിലയും തമ്മില്‍ ബന്ധപ്പെട്ടിരുന്നതിന് തെളിവില്ല. ഇവര്‍ തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയെന്ന് സംശയിക്കുന്നുവെങ്കിലും വിശ്വാസയോഗ്യമായ ടേപ്പുകളൊന്നും ലഭ്യമായിട്ടില്ല.
ജയ്പൂരിലെ മരിയറ്റ് ഹോട്ടലില്‍ ശ്രീശാന്തിനെ തെളിവെടുപ്പിന് കൊണ്ടു പോയ ഡല്‍ഹി പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചന.
രാജസ്ഥാന്‍ റോയല്‍സ് ചെയര്‍പേഴ്‌സന്‍ ബര്‍താകുര്‍ സ്‌പെഷന്‍ സെല്‍ ഒഫിഷ്യലുകളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറും സ്‌പെഷന്‍ സെല്‍ കേന്ദ്രത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താനെത്തി. മൂന്ന് കളിക്കാരും നാല് മുന്‍ രഞ്ജി കളിക്കാരും പതിനൊന്ന് വാതുവെപ്പുകാരുമുള്‍പ്പെടെ പതിനെട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ ഏറ്റവും പുതിയത് ബോളിവുഡ് നടന്‍ വിന്ദുവിന്റെ അറസ്റ്റാണ്. വരും ദിവസങ്ങളില്‍ ക്രിക്കറ്റ്-ബോളിവുഡ് മേഖലകളില്‍ നിന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

 

ഏഴ് മിനുട്ടില്‍ കോടികള്‍ മറിഞ്ഞു;
സഹതാരങ്ങള്‍ ഒത്തുകളിക്കുന്നത് ശ്രീശാന്തിന് അറിയില്ലായിരുന്നു

ന്യൂഡല്‍ഹി: ശ്രീശാന്ത് ഒത്തുകളിച്ച ഓവറില്‍ വാതുവെപ്പുകാരന്‍ ചന്ദ്രേഷ് പട്ടേല്‍ വാരിയത് രണ്ടരക്കോടി. ഇതിന് വേണ്ടി വന്നതാകട്ടെ ഏഴ് മിനുട്ട് മാത്രം. ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിവരം പുറത്തുവിട്ടത്. മെയ് ഒമ്പതിന് നടന്ന വാതുവെപ്പിന് ശേഷം കളിക്കാര്‍ക്ക് വന്‍ പാര്‍ട്ടി തന്നെയാണ് സംഘമൊരുക്കിയത്. മുംബൈയിലെ അന്ധേരി ഈസ്റ്റിലായിരുന്നു ചന്ദ്രേഷ് പട്ടേല്‍ താമസിച്ചിരുന്നത്. മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനാണ് ചന്ദ്രേഷ് പട്ടേലെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിലെ മറ്റു കളിക്കാര്‍ വാതുവെപ്പിലുള്‍പ്പെട്ടതായി ശ്രീശാന്തിന് അറിയില്ലായിരുന്നുവെന്നും നീരജ് കുമാര്‍. താന്‍ മാത്രമാണ് ഒത്തുകളിക്കുന്നത് എന്ന ധാരണയായിരുന്നു ശ്രീശാന്തിന്. സുഹൃത്തായ ജിജു ജനാര്‍ദനാണ് മലയാളി ക്രിക്കറ്ററെ വാതുവെപ്പിന് പ്രേരിപ്പിച്ചത്.
അജിത് ചാന്ദിലയും അങ്കിത് ചവാനും മറ്റൊരു വാതുവെപ്പ് സംഘത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അങ്കിത് ചവാനെ ഉപയോഗിച്ചത് ചാന്ദില വഴിയാണ്. ചാന്ദിലയെ അമിത് സിംഗും.
പിടികിട്ടാപ്പുള്ളിയായ അധോലോകനായകന്‍ ദാവൂഡ് ഇബ്രാഹിമും, ടൈഗന്‍ മേമനും ഐ പി എല്‍ വാതുവെപ്പില്‍ നേരിട്ട് ഇടപെട്ടതിന് തെളിവില്ലെന്ന് നീരജ് കുമാര്‍ പറഞ്ഞു. പിടിയിലായ വാതുവെപ്പുകാരെ ഉപയോഗിച്ച് വിദേശ ഫോണ്‍സംഭാഷണങ്ങളില്‍ ഉപയോഗിച്ച കോഡ്ഭാഷകള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ പോലീസ്. വിദേശബന്ധം വാതുവെപ്പിന് പിറകിലുണ്ടെങ്കിലും ദാവൂദിലേക്കെത്താനുള്ള തെളിവുകള്‍ ഇനിയും ലഭ്യമായിട്ടില്ല.

ഒപ്പമുണ്ടായിരുന്നത് ബംഗളുരു പെണ്‍കുട്ടികള്‍

ബാംഗളൂര്‍: ശ്രീശാന്തിനൊപ്പം പിടികൂടി പെണ്‍കുട്ടികള്‍ ബാംഗളൂര്‍ സ്വദേശികളാണെന്ന് മുംബൈ പോലീസ്. അറസ്റ്റിലാകുമ്പോള്‍ മറാഠി നടിയാണ് ഒപ്പമുണ്ടായിരുന്നതെന്ന അഭ്യൂഹത്തിന് ഇതോടെ വിരാമമായി. ബംഗളുരു റിച്ചാര്‍ഡ്‌സ് ടൗണ്‍ സ്വദേശിയാണ് പെണ്‍കുട്ടികളിലൊരാള്‍. റിച്ച്മൗണ്ട് ടൗണില്‍നിന്നുള്ളതാണ് രണ്ടാമത്തെ പെണ്‍കുട്ടി.
ശ്രീശാന്തിന് കൂട്ട് നല്‍കുന്നതിനൊപ്പം ക്രിക്കറ്റ് താരത്തിന്റെ നീക്കങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കാനും പെണ്‍കുട്ടികളെ ചുമതലപ്പെടുത്തിയിരുന്നതായാണ് സംശയിക്കുന്നത്. ഇത്തരം പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് ക്രിക്കറ്റ് താരങ്ങളെ വ്യാപകമായി വീഴ്ത്തുന്നതെന്നും സൂചന ലഭിച്ചു. ഈ പെണ്‍കുട്ടികള്‍ അഭിസാരികകള്‍ ആയിരിക്കില്ല. അതേ സമയം ക്രിക്കറ്റിനോടും ക്രിക്കറ്റ് താരങ്ങളോടും അമിതമായ ആരാധനയുള്ളവരായിരിക്കും.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ വിദഗ്ധരെ ഉപയോഗിച്ചാണ് ഇത്തരം പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം കുറച്ചു ദിവസം ചെലവഴിക്കാം എന്ന വാഗ്ദാനത്തിലാണ് ഈ പെണ്‍കുട്ടികള്‍ ആകൃഷ്ടരാകുന്നത്. ഇവര്‍ക്ക് ചിലപ്പോള്‍ പണം പോലും നല്‍കാറില്ല.
എന്നാല്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ റൂമും ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പബിലും മറ്റും പോകുന്നതിനുള്ള സൗകര്യങ്ങളും താരങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവസരവും വാതുവെപ്പ് സംഘം ഒരുക്കി നല്‍കും. എന്നാല്‍, വാതുവെപ്പുകാരെ വെല്ലുന്ന തരത്തില്‍ ക്രിക്കറ്റ് താരങ്ങളുടെ പണംപിടുങ്ങുന്നവരും പെണ്‍കൂട്ടികളുടെ കൂട്ടത്തിലുണ്ടെന്ന് പോലീസ് പറയുന്നു.

മറാഠി നടിക്ക് ശ്രീശാന്തിനെ അറിയില്ല; ചാനലിനെതിരെ മാനനഷ്ടക്കേസ്‌

മുംബൈ: ക്രിക്കറ്റ് കോഴക്കേസില്‍ ശ്രീശാന്ത് പിടിയിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് മറാത്തി നടി ക്രാന്തി റെട്കര്‍ ചാനലിനെതിരേ മാനനഷ്ടക്കേസ് കൊടുക്കുന്നു.
നോയിഡ ആസ്ഥാനമായുള്ള ചാനലുമായി താന്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്കു തെറ്റുപറ്റിയതായി അവര്‍ പറഞ്ഞെന്നും എന്നാല്‍ താന്‍ വിട്ടുകൊടുക്കില്ലെന്നും കേസുമായി മുന്നോട്ടുപോകുകയാണെന്നും ക്രാന്തി പറഞ്ഞു. തനിക്ക് ക്രിക്കറ്റില്‍ കമ്പമില്ലെന്നും ശ്രീശാന്തിനെ പരിചയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒത്തുകളിയെപ്പറ്റി എനിക്ക് ഒരു വിവരവുമില്ല . വാര്‍ത്തകള്‍ കൊടുക്കുന്നതിനു മുമ്പ് യാഥാര്‍ഥ്യമെന്തെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടിയിരുന്നു. വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു.
നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ചാനലാണ് ശ്രീശാന്തിനൊപ്പം പിടിയിലായ നടി താനാണെന്ന് ആദ്യം വാര്‍ത്ത പ്രചരിപ്പിച്ചതെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. ഇവര്‍ തന്നെ വിളിച്ച് ക്ഷമാപണം നടത്തിയിരുന്നു, പക്ഷേ നിയമനടപടിയുമായി താന്‍ മുന്നോട്ടു തന്നെ പോകുമെന്നും ക്രാന്തി റെഡ്കര്‍ അറിയിച്ചു.