Connect with us

International

ഇറാഖില്‍ സ്‌ഫോടന പരമ്പര; 70 മരണം

Published

|

Last Updated

ബഗ്ദാദ്: ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്ന ഇറാഖിലെ വിഭാഗീയ ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായി. രാജ്യത്ത് ആഴ്ചകളായി തുടരുന്ന രക്ത രൂഷിത ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ മധ്യ, കിഴക്കന്‍ ഇറാഖില്‍ കനത്ത ബോംബ് സ്‌ഫോടനങ്ങള്‍ അരങ്ങേറി. ആക്രമണങ്ങളില്‍70 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മരണ സംഖ്യ നൂറ് കവിഞ്ഞിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ന്യുനപക്ഷ വിഭാഗമായ സുന്നികളുടെ ശക്തികേന്ദ്രങ്ങളിലാണ് സ്‌ഫോടനം നടന്നതെങ്കില്‍ ഇന്നലെ ശിയാ കേന്ദ്രങ്ങളിലായിരുന്നു ആക്രമണങ്ങള്‍. ബഗ്ദാദ്, ബസ്‌റ, സമാറാ എന്നി നഗരങ്ങളില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നു. ആക്രമണങ്ങളില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ നിരവധി പേരുടെ നില ഗരുതരമാണെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബഗ്ദാദിലെ പ്രധാന ശിയാ കേന്ദ്രങ്ങളിലൊന്നായ ശഅബിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബസ്‌റാ നഗരത്തിലെ ബസ് സ്റ്റേഷനുകളിലും റെസ്റ്റോറന്റുകളിലും സ്‌ഫോടനങ്ങളുണ്ടായി.
അതിനിടെ, ശനിയാഴ്ച അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പത്ത് പോലീസുകാരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പശ്ചിമ അന്‍ബാര്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോലീസുകാരെയാണ് ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാഖിലെ ശിയാ സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് സുന്നി വിഭാഗം നടത്തിയ പ്രക്ഷോഭമാണ് കനത്ത ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഭൂരിപക്ഷ വിഭാഗമായ ശിയാക്കള്‍ പ്രക്ഷോഭകര്‍ക്ക് നേരെ ആക്രമണം നടത്തിയതോടെ ഏറ്റുമുട്ടല്‍ രാജ്യവ്യാപകമാകുകയായിരുന്നു. ഏറ്റുമുട്ടല്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൂടുതല്‍ രൂക്ഷമാകുകയും ചെയ്തു. ഇരുനൂറിലധികമാളുകളാണ് ഔദ്യോഗിക കണക്കനുസരിച്ച് അഞ്ച് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്രയും രൂക്ഷമായ വിഭാഗീയ ആക്രമണങ്ങള്‍ ഇതാദ്യമായാണ് നടക്കുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകില്ലെന്ന ആരോപണവും ശക്തമാണ്.

Latest