മാരക രാസവസ്തുക്കള്‍ ഇല്ലാത്തത് എന്തിലാണ്?

Posted on: May 21, 2013 1:07 am | Last updated: May 21, 2013 at 1:07 am
SHARE

ക്യാന്‍സറിന് വഴിവെക്കുന്ന 1,4 ഡൈയോക്‌സൈന്‍, ഫോര്‍മാല്‍ ഡീഹൈഡ്, ഫ്ത്താലേറ്റുകള്‍, പാരാബനുകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മാരക വിഷങ്ങളാണ് സൗന്ദര്യ വര്‍ധക വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, കുട്ടികളുടെ ഉത്പന്നങ്ങള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ളത്. 1,4 ഡൈയോക്‌സൈന്‍ യൂറോപ്പില്‍ നിരോധിച്ചിരിക്കയാണ്. ഫോര്‍മാല്‍ ഡീഹൈഡ് ജപ്പാനിലും സ്വീഡനിലും നിരോധിച്ചിരിക്കുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങളിലും കുപ്പിവെള്ളത്തിലും സുലഭമായ ഡൈബ്യൂട്ടൈല്‍ ഫ്ത്താലേറ്റ്, ഡൈ ഈതൈല്‍ ഫ്ത്താലേറ്റ്, ഡൈ ഐസോണില്‍ ഫ്ത്താലേറ്റ് എന്നിവ അമേരിക്കയിലും യൂറോപ്പിലും ഇതിനകം നിരോധിച്ചുകഴിഞ്ഞു.
ഒരു കാലത്ത് ചൈനീസ് കളിക്കോപ്പുകള്‍ അമേരിക്ക പൂര്‍ണമായി നിരോധിച്ചിരുന്നു. കാരണം, ചൈന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാങ്ങിക്കൂട്ടിയ ഈ വേസ്റ്റ് (ഇലക്‌ട്രോണിക്) ഇവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് അമേരിക്ക സംശയിച്ചു. ഫ്ത്താലേറ്റുകളും ബിഡ്ഫീനോള്‍ എയും കുപ്പിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്തുന്നുണ്ടെന്ന സത്യം ലോകത്തെ നിരവധി സര്‍വകലാശാലകള്‍ നടത്തിയ ഗവേഷണങ്ങളില്‍ വ്യക്തമായതാണ്. കിഡ്‌നി, ഉത്പാദനേന്ദ്രിയങ്ങള്‍ എന്നിവക്ക് മാരക ക്ഷതമേല്‍പ്പിക്കാന്‍ ഇവക്ക് ആകുമെന്ന് ലോകം അംഗീകരിച്ച വസ്തുതകളാണ്. ബിഡ്ഫീനോള്‍ എ ആണ്‍കുട്ടികളില്‍ ഷണ്ഡതക്ക് വരെ കാരണമാകുന്നുണ്ട്. പെണ്‍കുട്ടികളില്‍ സ്തനാര്‍ബുതത്തിന് വഴിവെക്കുന്നുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
ഷാംപൂ, ലായിനി സോപ്പ്, ദുര്‍ഗന്ധനാശിനികള്‍, അലക്കാന്‍ ഉപയോഗിക്കുന്ന സോപ്പുകളും പൊടികളും, പല്ല് തേക്കുന്നതിന് ഉപയോഗിക്കുന്ന പേസ്റ്റ് എന്നിവയിലെല്ലാം 1, 4 ഡൈയോക്‌സൈന്‍ ചേര്‍ത്തിട്ടുണ്ട്. ഇത് നേരിട്ട് നമ്മുടെ രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നു. ശരീരത്തിലെ രക്ത ചംക്രമണത്തില്‍ എത്തിയാല്‍ നാഡീ വ്യവസ്ഥ താറുമാറാകുകയും കരള്‍, വൃക്ക എന്നിവയെ നശിപ്പിക്കുകയും ചെയ്യും. ഇത് മൂലം മരണം പോലും സംഭവിക്കാം. ഫോര്‍മാല്‍ ഡീഹൈഡ് പ്രത്യേകിച്ച് മണമോ നിറമോ ഇല്ലാത്ത ഗ്യാസാണ്. ഫോര്‍മാല്‍ ഡീ ഹൈഡ് ശ്വസിച്ചാല്‍ വലിവ്, ചുമ, കണ്ണില്‍ നിന്നു വെള്ളം വരവ്, ചൊറിച്ചില്‍, തൊലി തടിച്ചു പൊട്ടല്‍ എന്നിവക്ക് കാരണമാകും. ഫോര്‍മാല്‍ ഡീഹൈഡ് കുട്ടികളില്‍ ആസ്ത്മക്ക് കാരണമാകാറുണ്ട്. അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (യു എസ് ഇ പി എ)പറയുന്നത് ഫോര്‍മാല്‍ ഡീഹൈഡ് മൂക്ക്, ശ്വാസകോശം, തലച്ചോറ്, രക്തം എന്നിവയുടെ ക്യാന്‍സറിന് വഴിവെക്കുമെന്നാണ്. പ്രധാനപ്പെട്ട നാല് തരം ഫ്ത്താലേറ്റുകളും പ്ലാസ്റ്റിക്കുകളിലും സുഗന്ധ തൈലങ്ങളിലും സെന്റുകളിലും പെര്‍ഫ്യൂമുകളിലും ഉപയോഗിച്ചുവരുന്നു. കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങളിലെല്ലാം ഫ്ത്താലേറ്റുകള്‍ കണ്ടുവരുന്നുണ്ട്. ഷാംപൂകള്‍, പൗഡറുകള്‍, ബേബി ലോഷനുകള്‍ തുടങ്ങിയവയില്‍ ഫ്ത്താലേറ്റുകള്‍ ഉണ്ടെന്ന് അമേരിക്കന്‍ പീഡിയാട്രിക് അക്കാദമിയുടെ പഠനങ്ങള്‍ പറയുന്നു.
ഫ്ത്താലേറ്റുകള്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഈ മാരക രാസപദാര്‍ഥം പ്രത്യുത്പാദനക്ഷമതയെ സാരമായി ബാധിക്കും. ഹോര്‍മോണുകളുടെ ഉത്പാദനം, പ്രവര്‍ത്തനം എന്നിവയെ ഫ്ത്താലേറ്റുകള്‍ നിയന്ത്രിക്കുന്നു. ആണ്‍കുട്ടികളില്‍ അവ പ്രത്യുത്പാദനശേഷി ഉല്ലാതതാക്കും. പുരുഷ സ്‌പേമുകളുടെ എണ്ണം കുറക്കും. വൃഷണ ക്യാന്‍സര്‍ ഉണ്ടാക്കുകയും പുരുഷ ലിംഗത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതു കൂടാതെയാണ് ശ്വാസകോശം, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തടയുക കൂടി ചെയ്യുന്നത്. സുഗന്ധ വസ്തുക്കള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ആഹാരപദാഥങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയിലൂടെ പരാബെന്‍സ് എന്ന പ്രിസര്‍വേറ്റീവ് (സാധനങ്ങള്‍ കേട് കൂടാതിരിക്കുന്നതിനുള്ള രാസവസ്തു) ശരീരത്തിലെത്തുന്നു. പാരബന്‍ ഒരു മാരക രാസവസ്തുവാണ്. ഇത് തൊലിയിലൂടെയാണ് പ്രധാനമായും ശരീരത്തിനകത്ത് കയറുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നു. പ്രത്യുത്പാദനശേഷി കുറയല്‍, സ്തന ക്യാന്‍സര്‍, ആണുങ്ങളിലെ ഉത്പാദനേന്ദ്രിയങ്ങളുടെ വളര്‍ച്ചക്കുറവ് എന്നിവക്ക് കാരണമാകുന്നു.
മരണം പരത്തുന്ന കൃത്രിമ രാസവസ്തുക്കളെല്ലാം അപകടകാരികളാണ്. കുട്ടികളില്‍ കാണുന്ന, പ്രത്യേകിച്ച് ഒന്ന് മുതല്‍ 15 വരെ വയസ്സുള്ളവരില്‍ കണ്ടുവരുന്ന ക്യാന്‍സറുകള്‍ അവര്‍ പലപ്പോഴായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്ന് തന്നെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങളില്‍ 60 അതിമാരകമായ രാസവസ്തുക്കള്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ മാത്രം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ വസ്ത്രങ്ങള്‍, ചെരുപ്പ്, ശരീര ശുദ്ധിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, കാര്‍ സീറ്റുകള്‍, വിനോദ ഉത്പന്നങ്ങള്‍, അടിവസ്ത്രങ്ങള്‍, പാന്റ്‌സ്, സോക്‌സ്, തലയിണ, കിടക്ക, തലയിണ ഉറകള്‍, വായു നിറച്ച കിടക്കകള്‍, ചുണ്ടില്‍ പുരട്ടുന്ന ലേപനങ്ങള്‍, തലയില്‍ ധരിക്കുന്ന വസ്തുക്കള്‍, സുഗന്ധ വര്‍ധക വസ്തുക്കള്‍, സംഗീത കളിപ്പാട്ടങ്ങള്‍, കണ്ണിന്റെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, പഠനത്തിന് ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍, മുടിയില്‍ തേക്കുന്ന എണ്ണകള്‍, നിറങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയിലെല്ലാം അതിമാരകമായ രാസവസ്തുക്കളുടെ സാന്നിധ്യം വ്യക്തമായിരിക്കയാണ്. ക്യാന്‍സറിനും ശരീര അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്നതിനും കഴിവുള്ള കോബാള്‍ട്ട്, ആന്റിമണി, മൊളിബ്‌സഡിനം, ആര്‍സിക്, മെര്‍ക്കുറി തുടങ്ങിയ മാരക ഘന ലോഹങ്ങളുടെ അംശം ഇതിലെല്ലാം വളരെ കൂടുതലായുണ്ട്. അതില്‍ കോബാള്‍ട്ടിന്റെ സാന്നിധ്യമാണ് അത്യധികമായിട്ടുള്ളത്. വന്‍കിട ഉത്പന്ന നിര്‍മാതാക്കള്‍ വെളിപ്പെടുത്തുന്നത്, കുട്ടികളുടെ ഉത്പന്നങ്ങളിലും വസ്ത്ര ഉത്പന്നങ്ങളിലും കളിപ്പാട്ടങ്ങളിലും കിടക്കകളിലും ക്യാന്‍സറുണ്ടാക്കുന്നതും ഹോര്‍മോണ്‍ പ്രവര്‍ത്തനശേഷി ശോഷിപ്പിക്കുന്നതുമായ ഫ്ത്താലേറ്റിന്റെ അംശം കൂടുതലാണെന്നാണ്. ഗ്ലൈക്കോള്‍, മീഥൈല്‍ ഈഥൈല്‍ കീറ്റോണുകള്‍ എന്നിവയും സിലിക്കോണ്‍ പദാര്‍ഥങ്ങളില്‍ ഒക്ടാമീഥൈല്‍ സൈക്ലോട്ടെ ട്രാസിലോക്ലൈന്‍ എന്ന പദാര്‍ഥവും ഉണ്ടെന്നാണ്. മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന വെളിപ്പെടുത്തലുകളാണിവ.
ഇവയില്‍ രാസപദാര്‍ഥങ്ങളും ദീര്‍ഘകാലം ശരീരത്തില്‍ നിലനില്‍ക്കുന്നവയും കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ പ്രത്യുത്പാദനശേഷി ഇല്ലാതാക്കുകയും അന്തര്‍ഗ്രന്ഥി സ്രാവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയും ക്യാന്‍സറിന് വഴി വെക്കുകയും ചെയ്യുന്നവയാണ്. മനുഷ്യരക്തത്തിലും മുലപ്പാലിലും മൂത്രത്തിലും മറ്റ് ശരീര കോശങ്ങളിലും ഇത്തരം രാസപദാര്‍ഥങ്ങളുടെ തോത് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിത്യോപയോഗ സാധനങ്ങള്‍, കുടിവെള്ള കുപ്പികള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ നിരവധി വസ്തുക്കളിലൂടെ മാരക രാസവസ്തുക്കള്‍ മനഷ്യ ശരീരത്തില്‍ എത്തുന്നുണ്ട്. വീടുകളിലും മാര്‍ക്കറ്റുകളിലും ആശുപത്രികളിലും വരെ അപകടകാരികളായ രാസ പദാര്‍ഥങ്ങളുടെ തോത് വര്‍ധിച്ചിരിക്കുന്നു. ടിന്നിലടച്ച പാല്‍, പാല്‍പ്പൊടി, ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലൂടെയും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിത്യോപയോഗ വസ്തുക്കള്‍ എന്നിവയിലൂടെയും മാരക രാസപദാര്‍ഥങ്ങള്‍ ശരീരത്തിലെത്താവുന്നതാണ്. ക്യാന്‍സര്‍, ട്യൂമര്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താളം തെറ്റല്‍ തുടങ്ങി, അപകടങ്ങകരങ്ങളായ രാസപദാര്‍ഥങ്ങള്‍ വരുത്തിവെക്കുന്ന വിപത്തുകള്‍ നിരവധിയാണ്. ടാല്‍ക്കം പൗഡര്‍, ക്രീമുകള്‍, വസനാ ഓയിലുകള്‍, സ്‌പ്രേകള്‍, തൂവാല തുടങ്ങിയ നിരവധി വസ്തുക്കളിലും വിനാശകാരികളായ രാസ പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്.
‘കണ്ണീരിന് വിട, കണ്ണുകള്‍ക്ക് ശുദ്ധ ജലം പോെല’ എന്ന പരസ്യം നല്‍കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കിയ ബേബി ഷാംപൂ മാരക വിഷം അടങ്ങിയതാണെന്ന് 2011ലെ കണ്ടെത്തല്‍. അമേരിക്ക, ആസ്‌ത്രേലിയ, കാനഡ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ 2011 ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ വിതരണം ചെയ്ത ബേബി ഷാംപൂവില്‍ ക്വാട്ടേര്‍ണിയം 15 എന്ന, ജൈവവസ്തുക്കള്‍ കേടുവരാതെ സൂക്ഷിക്കുന്ന, ഒരു രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍, അതേ കാലഘട്ടത്തില്‍ ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ്, നോര്‍വെ, ദക്ഷിണ ആഫ്രിക്ക, സ്വീഡന്‍, യു കെ എന്നിവിടങ്ങളില്‍ വിതരണം ചെയ്ത കുട്ടികളുടെ ഷാംപൂവില്‍ ഇതുണ്ടായിരുന്നില്ലതാനും. ക്വാട്ടേര്‍ണിയം 15 പദാര്‍ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള ഒരു രാസപദാര്‍ഥമാണ്. അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയങ്ങളെ ചെറുക്കാന്‍ ക്വാട്ടേര്‍ണിയം 15 ഫോര്‍മാല്‍ഡിഹൈഡിനെ പുറത്തുവിടും. ശവശരീരം കേട് കൂടാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തുവിലെ പ്രധാന ഘടകവും ഫോര്‍മാല്‍ ഡീഹൈഡാണ്.
കേരളത്തില്‍ മത്സ്യം കേട് കൂടാതിരിക്കാന്‍ ഐസില്‍ ഫോര്‍മാല്‍ഡിഹൈഡ് വ്യാപകമായി ചേര്‍ക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഐസ് പ്ലാന്റുകളില്‍ ഈയടുത്ത കാലത്ത് നടന്ന റെയ്ഡില്‍ ഒട്ടനവധി ഐസ് പ്ലാന്റുകള്‍ അധികാരികള്‍ പൂട്ടിക്കുകയുണ്ടായി. അവയെല്ലാം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഫോര്‍മാല്‍ഡി ഹൈഡ് ചേര്‍ത്ത ഐസ് പൊടിച്ചിട്ടാല്‍ മത്സ്യം എത്ര ദിവസം വേണമെങ്കിലും കേട് കൂടാതിരിക്കും. രാവിലെ വില്‍പ്പനക്ക് വെച്ച മത്സ്യം രാത്രിയായാലും ‘ഫ്രഷ്’ ആയി ഇരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഈ രാസവസ്തുവാണ് കുട്ടികള്‍ക്കുള്ള ഷാംപൂവില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ചേര്‍ത്തിരിക്കുന്നത്. മിക്കവാറും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഫോര്‍മാല്‍ഡി ഹൈഡ് അടങ്ങിയ ക്വാട്ടേര്‍ണിയം 15 ചേര്‍ത്തിരുന്നത്. മിക്കവാറും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഫോര്‍മാല്‍ഡി ഹൈഡ് അടങ്ങിയ ക്വാട്ടേര്‍ണിയം 15 ചേര്‍ക്കുന്നുണ്ടെന്നതാണ് വാസ്തവം. ക്യാന്‍സര്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള ഒരു രാസപദാര്‍ഥമാണ് ഫോര്‍മാല്‍ഡി ഹൈഡ്. രക്താര്‍ബുദത്തെ കുറിച്ച് അമേരിക്കന്‍ മനുഷ്യ ആരോഗ്യ സേവന വകുപ്പ്, ലോകാരോഗ്യ സംഘടന തുടങ്ങിയ നിരവധി അന്താരാഷ്ട്ര ഗവേഷണ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ ഫോര്‍മാല്‍ ഡീഹൈഡ് വഴി ലുക്കീമിയ (രക്താര്‍ബൂദം) ഉണ്ടാക്കുന്നു എന്ന് സ്ഥിരീരകരിച്ചിട്ടുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപൂവിന്റെ പുതിയ ഉത്പന്നത്തില്‍ ഫോര്‍മാല്‍ ഡിഹൈഡ് ഇല്ലെന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്. അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ വിതരണം ചെയ്യുന്ന കുട്ടികളുടെ ഉത്പന്നങ്ങളിലെ രാസവസ്തുക്കള്‍ എന്തൊക്കെയാണെന്ന് നിയമപ്രകാരം ഉത്പാദകര്‍ തന്നെ വെളിപ്പെടുത്തേണ്ടതായിട്ടുണ്ട്. ലോകം മാരകവസ്തുക്കളുടെ സാന്നിധ്യം കുട്ടികളുടെ ഉത്പന്നത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കിയത് ഈ നിയമം മൂലമാണ്.
എന്ത് കണ്ടാലും വാങ്ങിക്കൂട്ടുന്ന മലയാളികള്‍ക്ക് ഈ അറിവ് ഒരു മുന്നറിയിപ്പാണ്. നമുക്ക് ചുറ്റും ആശുപത്രികള്‍ വര്‍ധിച്ചതും പുതിയ പുതിയ രോഗികള്‍ വിശേഷിച്ചും ക്യാന്‍സര്‍ രോഗികള്‍ വര്‍ധിച്ചതും പഠനവിധേയമാക്കേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വഴിയും മാരക രാസവസ്തുക്കള്‍ ശരീരത്തിലെത്തുന്നുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. നിരപരാധികളായ സാധാരണക്കാര്‍ ക്യാന്‍സറിനും മറ്റ് അസുഖങ്ങള്‍ക്കും അടിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നിയമനിര്‍മാണം നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here