Connect with us

Gulf

നൈഫ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ്‌

Published

|

Last Updated

ദുബൈ: നഗരത്തിലെ ഏറ്റവും കൂടുതല്‍ കച്ചവട സ്ഥാപനങ്ങളും താമസക്കാരുമുള്ള നൈഫ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നൈഫ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ മുഅ്സിം. 46 കേസുകള്‍ മാത്രമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 54 ആയിരുന്നു. പെറ്റി കേസുകളുടെ എണ്ണത്തിലും 38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ചെക്ക് കേസുകള്‍ കഴിഞ്ഞ വര്‍ഷം 2,883 ആയിരുന്നത് ഈ വര്‍ഷം 1,771 ആയി ചുരുങ്ങി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ അധികവും മോഷണവുമായി ബന്ധപ്പെട്ടതാണ്. ബേങ്കുകളില്‍ നിന്നോ മറ്റു പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നോ പണം പിന്‍വലിക്കുന്നവരോ അവയില്‍ പണം നിക്ഷേപിക്കുന്നവരോ ആയ വ്യക്തികളെ കേന്ദ്രീകരിച്ച് മോഷണം, പിടിച്ചുപറി എന്നിവയില്‍ നിന്നും രക്ഷിക്കാന്‍ സഹായകമാകുന്ന ഹിമായ എന്ന പ്രത്യേക സുരക്ഷാ പദ്ധതി നൈഫ് പോലീസ് സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പരിസരം ഈ സംവിധാനത്തിലൂടെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന 63 മില്യണ്‍ ദിര്‍ഹം സംരക്ഷിക്കാന്‍ ഇക്കാലയളവില്‍ സംവിധാനം വഴി സാധിച്ചു.
തുടര്‍ച്ചയായ ബോധവത്കരണത്തിനു ശേഷവും ഇലക്ട്രോണിക്‌സ് സാധനങ്ങളുള്‍പ്പെടെ വിലപിടിപ്പുള്ള പലതും ചില സ്ഥാപനങ്ങളില്‍ അശ്രദ്ധമായി ഫുട്പാത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് മോഷ്ടാക്കള്‍ക്ക് സൗകര്യപ്രദമാകുന്നുണ്ട്. കേസുകളില്‍ ഇരയാകുന്നവരെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുകയും മേലില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാനാവശ്യമായ ബോധവത്കരണവും നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും നല്ല സേവനങ്ങള്‍ ഇരകള്‍ക്ക് നല്‍കിയ സ്‌റ്റേഷന്‍ എന്ന ദുബൈ പോലീസിന്റെ ബഹുമതി നൈഫ് പോലീസ് സ്റ്റേഷന്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ടെന്നും ഡയറക്ടര്‍ അബ്ദുല്ല അല്‍ മുഅ്‌സിം അറിയിച്ചു.

---- facebook comment plugin here -----