Connect with us

Gulf

ദുബൈയില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് തുടങ്ങും

Published

|

Last Updated

ദുബൈ: ഗള്‍ഫ് നാടുകളില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ഓഫ് ക്യാമ്പസ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫ. ഖാദര്‍ മങ്ങാട് പറഞ്ഞു. ഓഫ് ക്യാമ്പസുകളില്‍ പ്രഥമ പരിഗണന ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് കേമ്പസിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂനിവേഴ്‌സിറ്റിയുടെ നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍ നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ യൂനിവേഴ്‌സിറ്റികളോട് കിടപിടിക്കുന്നവ കേരളത്തിലില്ല. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ശൈശവാവസ്ഥയിലാണ്. യൂനിവേഴ്‌സിറ്റികളില്‍ നിന്നും പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നില്ല. ജോലി കിട്ടുന്നതുവരെയുള്ള ഇടത്താവളമായാണ് പലരും ഗവേഷണത്തെ കാണുന്നത്. റിസര്‍ച്ചിനോടുള്ള സമീപനം തന്നെ മാറണം-അദ്ദേഹം പറഞ്ഞു. സിറാജ് ലേഖകനുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഗള്‍ഫ് ക്യാമ്പസ് മുഖ്യ ചര്‍ച്ചയായിരുന്നു. ഗള്‍ഫ് കേമ്പസിന്റെ പ്രഥമ നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെന്നറിയുന്നു. ദുബൈയില്‍ ഓഫ് ക്യാമ്പസ് ആരംഭിച്ചുകഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനും മറ്റുമായി നാട്ടില്‍ പോകുന്ന ചെലവ് കുറക്കാന്‍ കഴിയുമെന്നും ഖാദര്‍ മങ്ങാട് പറഞ്ഞു. ദുബൈ ഓഫ് കേമ്പസില്‍ നിന്ന് നിരവധി ബിരുദാനന്ദര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഉടന്‍ തന്നെ യു എ ഇ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest