Connect with us

Kozhikode

കുടുംബശ്രീ മേളക്ക് ഇന്ന് സമാപ്തി

Published

|

Last Updated

കോഴിക്കോട്: പത്ത് ദിവസം നീണ്ട കുടുംബശ്രീയുടെ മഹാമേളക്ക് ഇന്ന് തിരശ്ശീല വീഴും. സംസ്ഥാന കുടുംബശ്രീയുടെ 15-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്വപ്‌ന നഗരിയില്‍ നടന്നുവന്ന മേള ചരിത്രമായെന്ന് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ജനപങ്കാളിത്തവും വില്‍പ്പനയും കൊണ്ട് മുന്‍കാല മേളകളെക്കാള്‍ മുമ്പിലാണ് ഈ മേളയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമാപനം ഇന്ന് വൈകുന്നേരം സ്വപ്‌ന നഗരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പത്ത് മന്ത്രിമാരും 26 എം എല്‍ എമാരും പങ്കെടുക്കും. കേരളത്തനിമ വിളിച്ചോതിക്കൊണ്ട് നടന്ന വിപണന മേളയും ഭക്ഷ്യ വിപണന മേളയും വാര്‍ഷികാഘോഷത്തിന്റെ മുഖ്യ ആകര്‍ഷകമായിരുന്നു. തലശ്ശേരി ബിരിയാണിയും കോഴിക്കോടന്‍ പുട്ടുകളും കല്ലുമ്മക്കായ വിഭവങ്ങളുമായി കുടുംബശ്രീ അടുക്കള കോഴിക്കോട്ടുകാരുടെ വയറു നിറച്ചു.
വിവിധ സി ഡി എസുകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ നിര്‍മിച്ച ഉത്പന്നങ്ങളടക്കം അണിനിരത്തിയ വിപണനമേളയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം മൈക്രോ എന്റര്‍പ്രൈസസ് കോര്‍പറേഷന്‍, ന്യൂട്രിമിക്‌സ്, ഹോം ഷോപ്പ്, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവരും മേളയില്‍ തരംഗമായി.
ഇരുമ്പുപകരണങ്ങളും പാത്രങ്ങളും സ്വയം നിര്‍മിച്ചാണ് പാലക്കാട്ട് നിന്ന് അര്‍ച്ചന കടുംബശ്രീ എത്തിയത്. ഫ്രൂട്ട് ജാം, സര്‍ബത്ത് തുടങ്ങിയ വിഭവങ്ങളുമായെത്തിയ കണ്ണൂര്‍ തേജസ് കുടുംബശ്രീ, അരിപപ്പടം, അരി കൊണ്ടാട്ടം, ഉള്ളികൊണ്ടാട്ടം, താമരത്തണ്ട്, ചുണ്ടങ്ങ തുടങ്ങിയ പരീക്ഷണ വിഭവങ്ങളുമായെത്തിയ പാലക്കാട് ചെമ്പൈ സമ്മര്‍ കുടുംബശ്രീ, കോളസ്‌ട്രോള്‍, പ്രമേഹം തടയാനുള്ള മരുന്ന്, കുഴിനഖ നിവാരിണിയായ വിര്‍ജിന്‍ ഓയില്‍ , മുടിയെണ്ണ എന്നിവയുമായെത്തിയ കായണ്ണ യോഗസിദ്ധ കുടുംബശ്രീ തുടങ്ങിയവ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കുടുംബശ്രീ വാര്‍ഷികാഘോഷത്തിന് തിരശീല വീഴുന്നതോടെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്ന് കോഴിക്കോടിനോട് യാത്ര പറയും.

Latest