Connect with us

Malappuram

പൈപ്പ് പൊട്ടി; മലയോരത്ത് കുടിവെള്ള വിതരണം മുടങ്ങി

Published

|

Last Updated

കാളികാവ്: മലയോര പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തിന് വേണ്ടി സ്ഥാപിച്ച മധുമല കുടിവെള്ള പദ്ധതിയിലെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം പൂര്‍ണമായി മുടങ്ങി. കാളികാവ്, ചോക്കാട്, വണ്ടൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളത്തിന് മധുമല പദ്ധതിയെ ആശ്രയിക്കുന്നവര്‍ പ്രയാസത്തിലായി. അഞ്ചച്ചവിടി പൂച്ചപ്പൊയില്‍ റോഡിലാണ് പൈപ്പ് പൊട്ടി ജല വിതരണം പൂര്‍ണമായി മുടങ്ങിയത്.
പൈപ്പ് ലൈനില്‍ നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ചോര്‍ന്ന് പാഴാകുന്നത്. രണ്ട്മാസത്തിനിടെ മധുമല പൈപ്പ് ലൈനില്‍ അന്‍പതിലേറെ സ്ഥലങ്ങളില്‍ പൊട്ടിയിരുന്നു. ഏതാനും ദിവസമായി ജല സംഭരണിക്കടുത്ത സ്ഥലത്തെ പ്രധാന ലൈനില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിക്കാത്തതാണ് പൈപ്പ് പൊട്ടാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് ഗുണഭോക്താക്കള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് പൈപ്പ് ലൈനില്‍ അറ്റക്കുറ്റപ്പണി നടത്താന്‍ ജല വകുപ്പ് നടപടി തുടങ്ങിയത്. അഞ്ചച്ചവിടി പൂച്ചപ്പൊയില്‍ റോഡിന്റെ ജംഗ്ഷനില്‍ ആഴ്ചകളായി ഉണ്ടായ ചോര്‍ച്ച ഇപ്പോഴും തുടരുകയാണ്.
വെള്ളം വിതരണം തുടങ്ങിയാല്‍ ഇവിടെയുണ്ടാകുന്ന ചോര്‍ച്ച കാരണം അഞ്ചച്ചവിടി അങ്ങാടിയിലൂടെ വെള്ളം ഒഴുകുന്നത് പതിവാണ്. പലതവണ നാട്ടുകാര്‍ അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും ശാശ്വതമായ പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.
പൈപ്പ് ലൈനില്‍ വെള്ളം വിതരണം പൂര്‍ണമായി നിര്‍ത്തിയതോടെ മധുമല കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ഗുണ നിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതിനാലാണ് വെള്ളം വിതരണം തുടങ്ങിയാല്‍ ഉടനെ നിരവധി സ്ഥാലങ്ങളില്‍ പൊട്ടലും, ചോര്‍ച്ചയും നടക്കുന്നത്.
മധുമല കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളേയും, ചിലവഴിക്കുന്ന പണത്തെ സംബന്ധിച്ചും, 12 കോടിയിലധികം മുതല്‍ മുടക്കി സ്ഥാപിച്ച ഇത്രയും വലിയ പദ്ധതി നാട്ടുകാര്‍ക്ക് ഗുണമില്ലാതെ പോകുന്നതിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചോരുമ്പോഴും ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

 

Latest