Connect with us

Malappuram

പഞ്ചായത്തുകളെ മാലിന്യ മുക്തമാക്കാന്‍ തീരുമാനം

Published

|

Last Updated

എടപ്പാള്‍: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി പഞ്ചായത്തുകളെ മാനില്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ യോഗം എടപ്പാള്‍ വള്ളത്തോള്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു.
ഓരോ വാര്‍ഡ് കേന്ദ്രീകരിച്ച് ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കും. പഞ്ചായത്തുകളുമായി സഹകരിച്ച് സബ്‌സിഡിയോടുകൂടി ബയോഗ്യാസ് പ്ലന്റ് നിര്‍മിക്കുകയെന്നതാണ് ആദ്യഘട്ടം. ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍, നിശ്ചിത ഇടവേളകളില്‍ കോഴി-മത്സ്യം-മാംസം-പച്ചക്കറി കച്ചവടക്കാരുടെ സഹകരണത്തോടെ ലഭ്യമാക്കുകയെന്നതാണ് രണ്ടാം ഘട്ടം. പ്ലാന്റുകളില്‍ ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ഇതില്‍ നിന്ന് ലഭിക്കുന്ന സ്ലെറി കാര്‍ഷികാവശ്യങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് മൂന്നാം ഘട്ടത്തില്‍ ചെയ്യുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് കോഴി-മത്സ്യം-മാംസം-പച്ചക്കറി ഹോട്ടല്‍ കച്ചവടത്തിലൂടെ ഉണ്ടാകുന്ന മുഴുവന്‍ മാലിന്യങ്ങളുടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ ആരോഗ്യസ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ചുമതല നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയില്‍ നിര്‍ബന്ധമായും ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കണം. ഇതില്‍ 50 ശതമാനം സബ്‌സിഡി ശുചിത്വ മിഷന്‍ നല്‍കും. ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് 50 ശതമാനം സബ്‌സിഡി ടിഎസ്‌സിയും, 25 ശതമാനം സബ്‌സിഡി ബന്ധപ്പെട്ട പഞ്ചായത്തുകളും വഹിക്കും.
ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ക്കാവശ്യമായ പ്രൊജക്ട് 2013-14 പദ്ധതിയില്‍ പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. കൂടാതെ മണ്ണിര കമ്പോസ്റ്റുകളും നിര്‍മിക്കണം. കോഴി കച്ചവടക്കാര്‍, പച്ചക്കറി കച്ചവടക്കാര്‍, ഹോട്ടല്‍ വ്യാപാരികള്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കുക്കണം. കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

 

Latest