ഡേവിഡ് ബെക്കാം ബൂട്ടഴിക്കുന്നു

Posted on: May 17, 2013 9:21 am | Last updated: May 17, 2013 at 9:34 am
SHARE

David Beckham debut pleases Paris Saint-Germain fans - video

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം 20 വര്‍ഷത്തെ കരിയറിന് ശേഷം ഫുട്ബാളില്‍ നിന്ന് വിരമിക്കുന്നു. ഈ സീസണ്‍ അവസാനത്തോടെ വിരമിക്കുമെന്ന് ബെക്കാം അറിയിച്ചു. ഇംഗ്ലീഷ് ഫുട്ബാള്‍ കണ്ട് ഏറ്റവും സെലിബ്രിറ്റിയായ ഫുട്ബാളറാണ് ബെക്കാം. 115 മത്സരങ്ങളാണ് രാജ്യത്തിന് വേണ്ടി ബെക്കാം കളിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എ സി മിലാന്‍, റയല്‍ മാഡ്രിഡ്, പാരിസ് സെന്റ് ജര്‍മന്‍, ലോസ് ആഞ്ചല്‍സ് ഗ്യാലക്‌സി എന്നീ ക്ലബുകള്‍ക്കുവേണ്ടിയും ബെക്കാം കളിച്ചിട്ടുണ്ട്. ആറു തവണ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ടീമിലും ഒരു ചാംമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീമിലും ബെക്കാം അംഗമാണ്.

beckham-madrid
ബെക്കാം റയല്‍മാഡ്രഡിന് വേണ്ടി ഫ്രീകിക്കെടുക്കുന്നു

ജനുവരിയില്‍ പാരിസ് സെന്റ് ജര്‍മന് വേണ്ടി 5 മാസത്തെ കരാര്‍ ഒപ്പിട്ടിരുന്നു ബെക്കാം. എന്നാല്‍ തനിക്ക വിരമിക്കാന്‍ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് ബെക്കാം അറിയിക്കുകയായിരുന്നു. 1991ല്‍ ട്രെയിനിയായാണ് ബെക്കാം മാഞ്ചസ്റ്ററില്‍ എത്തിയത്. തുടര്‍ന്ന് 1993ല്‍ ക്ലബുമായി കരാര്‍ ഒപ്പിട്ടു.394 മത്സരങ്ങളാണ് ബെക്കാം മാഞ്ചസ്റ്ററിന് വേണ്ടി കളിച്ചത്. പോപ് ഗായിക വിക്ടോറിയ അഡംസിനെ 1999ല്‍ ബെക്കാം വിവാഹം ചെയ്തു.
2003ല്‍ ക്ലബ് ഫുട്ബാളിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് വന്നു ബെക്കാം. അതോടെ ബെക്കാം ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരമായി മാറി.
പിന്നീട് 2007ല്‍ അമേരിക്കന്‍ ലീഗിലെ ലോസാഞ്ചല്‍സ് ഗ്യാലക്‌സിയില്‍ ചേര്‍ന്നു.

അതിനുശേഷം ലോണ്‍ അടിസ്ഥാനത്തില്‍ എസി മിലാനിലേക്കും അവിടുന്ന് ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജര്‍മനിലേക്കും മാറുകയായിരുന്നു ബെക്കാം.
1996ല്‍ മോള്‍ഡോവക്കെതിരെയാണ് ബെക്കാം ആദ്യമായി ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞത്. 2000 മുതല്‍ 2006 വരെ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനുമായിരുന്നു ബെക്കാം.
ലോകഫുട്ബാളില്‍ പ്ലേമേക്കര്‍ എന്ന പൊസിഷനില്‍ സിദാന്‍, റിക്വല്‍മി, ലൂയി ഫിഗോ, റൊണാള്‍ഡാഞ്ഞോ തുടങ്ങിയവരുടെ കൂടെ പ്രമുഖനായ കളിക്കാരനായ ബെക്കാം ലോകത്തിലെ ഏറ്റവും നല്ല ഫ്രീകിക്ക് വിദഗ്ധരില്‍ ഒരാളാണ്.
ലണ്ടനില്‍ 2012 ല്‍ നടന്ന ഒളിംപിക്‌സ് വിജയിപ്പിക്കാന്‍ ബെക്കാം മുന്നിലുണ്ടായിരുന്നു.