Connect with us

National

ക്രിക്കറ്റ് വാതുവെപ്പ്: ശ്രീശാന്ത് അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി:ഐ പി എല്‍ ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അടക്കം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ അറസ്റ്റില്‍. ഏഴ് വാതുവെപ്പുകാരും ശ്രിശാന്തിനൊപ്പം അറസ്്റ്റിലായിട്ടുണ്ട്. അങ്കിത് ചവാന്‍, അജിത് ചാന്ദ്‌ലിയ  എന്നിവരാണ് അറസ്റ്റിലായ മറ്റു താരങ്ങള്‍. മുംബൈയില്‍ നിന്ന് ഡെല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് അറ്സ്റ്റ് ചെയ്തത്.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കളിക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീശാന്താണ് വാതുവെപ്പിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മുംബൈയിലെ നരിമാന്‍ പോയിന്റില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്പിന്നാലെ, മുംബൈ ഇന്ത്യന്‍സിനെതിരെ വാംങ്കഡേയ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തിയ ശ്രീശാന്തിനെയും മറ്റു താരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വാതുവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രണ്ടു പേരും അറസ്റ്റിലായി. 90 മൊബൈല്‍ ഫോണുകളും 60,000 രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുള്ളവരിലേക്ക് അന്വേഷണം നീണ്ടത്.  താരങ്ങളുടെ ഫോണ്‍ കോളുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

താരങ്ങളുടെ അറസ്റ്റ് ഞെട്ടിപ്പിച്ചുവെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് പ്രതികരിച്ചു. ബി സി സി ഐയുമായി ഉടന്‍ ബന്ധപ്പെട്ട് വിഷയം ചര്‍ച്ച ചെയ്യും. അന്വേഷണവുമായി എല്ലാ നിലക്കും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മകനെ ആരോ കുടുക്കിയതാണെന്ന് ശ്രീശാന്തിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം തെളിയിക്കപ്പെടുന്നത് വരെ ശ്രിശാന്ത് നിഷ്‌കളങ്കനാണെന്ന് ശശി തരൂരും പ്രതികരിച്ചു.

Latest