ആറ് മാസമായ കുട്ടിയെ വില്‍ക്കാന്‍ ശ്രമം

Posted on: May 14, 2013 7:46 pm | Last updated: May 14, 2013 at 7:46 pm
SHARE

ദുബൈ: അവിഹിത ബന്ധത്തിലുണ്ടായ പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഏഷ്യന്‍ വംശജ പോലീസ് പിടിയിലായി. വീട്ടു വേലക്കാരിയാണ് പിടിക്ക പ്പെട്ട സ്ത്രീ. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ: 2011ല്‍ സ്‌പോണ്‍സറുടെ കൂടെ ജോലിക്ക് നില്‍ക്കാതെ പുറത്തുചാടിയ 22കാരിയായ വേലക്കാരി പണം സമ്പാദിക്കാന്‍ തനിക്ക് ലഭിച്ച കൂട്ടുകാരിയോടൊപ്പം ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യത്യസ്ത രാജ്യക്കാരെ ഉപഭോക്താക്കളായി സ്വീകരിക്കുന്നതിനിടെ സ്വന്തം നാട്ടുകാരനും സ്‌പോണ്‍സറില്‍ നിന്ന് ഓടിപ്പോയതുമായ ഒരാള്‍, ഈ തൊഴില്‍ നിര്‍ത്തിയാല്‍ ആവശ്യമായ പരിരക്ഷയും സൗകര്യങ്ങളും തരാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, പ്രതി അയാളുടെ കൂടെ താമസം തുടങ്ങി. ആയിടക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അയാളെ അറിയിച്ചപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചെങ്കിലും പ്രതി വിസമ്മതിച്ചു. ഏതാനും നാളുകള്‍ക്ക് ശേഷം, കൂടെ കഴിഞ്ഞിരുന്ന വ്യക്തി നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് അപ്രത്യക്ഷമാവുകയായിരുന്നു. ജീവിതാവശ്യങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളൊന്നും മുന്നില്‍ കാണാത്ത പ്രതി ഏഴുമാസം ഗര്‍ഭിണിയായിരുന്നിട്ടും ലൈംഗികവൃത്തിക്ക് വീണ്ടും ഏര്‍പ്പെടുകയായിരുന്നു.
തന്റെ നാട്ടുകാരിയുടെ സഹായത്തോടെ പ്രസവം കഴിഞ്ഞ ശേഷം അത്യാവശ്യ ചെലവുകള്‍ നടത്താനും ശേഷം നാടുവിടാനും, ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രസവ സമയത്ത് സഹായിച്ച നാട്ടുകാരിയെ തന്നെ കുഞ്ഞിനെ വാങ്ങാന്‍ ആവശ്യക്കാരെ കണ്ടെത്താന്‍ ഏല്‍പിച്ചു.
വിവരം ലഭിച്ച പോലീസ്, വനിതാ പോലീസിന്റെ സഹായത്തോടെ ഭാര്യാ ഭര്‍ത്താക്കന്‍മാരെന്ന വ്യാജേന പ്രതിയെ സമീപിക്കുകയും 6000 ദിര്‍ഹമിന് കച്ചവടം ഉറപ്പിച്ച് ദുബൈയിലെ ഒരു ഷോപ്പിംഗ് മാളിന്റെ കാര്‍ പാര്‍ക്കിംഗിലേക്ക് കുട്ടിയുമായി എത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ സ്ത്രീയെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. പ്രതി കുറ്റസമ്മതം നടത്തിയതായും കേസിന്റെ വിചാരണ ഈ മാസം 26ലേക്ക് വെച്ചതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here