നികുതി വെട്ടിപ്പ്: സ്വര്‍ണക്കയറ്റുമതി സ്ഥാപനത്തിനെതിരെ കേസ്

Posted on: May 14, 2013 4:41 pm | Last updated: May 14, 2013 at 4:41 pm

RAJESH EXPORTSകൊച്ചി: സ്വര്‍ണ കയറ്റുമതിയുടെ മറവില്‍ 90 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ രാജേഷ് എക്‌സ്‌പോര്‍ട്ട് കമ്പനിക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) കേസെടുത്തു. കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടി. സ്വര്‍ണം ഇറക്കുമതി ചെയ്ത് ആഭരണങ്ങളാക്കി കയറ്റുമതി ചെയ്യാന്‍ മാത്രം ലൈസന്‍സുള്ള കമ്പനി കൊച്ചി ശാഖ വഴി സ്വര്‍ണം ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചാതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് രാജേഷ് എക്‌സ്‌പോര്‍ട്‌സിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി കമ്പനിയാണ് രാജേഷ് എക്‌സ്‌പോര്‍ട്‌സ്. കൊച്ചിയിലെ സെസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വന്‍ തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കമ്പനിക്ക് നികുതി നല്‍കേണ്ടതില്ല. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം ആഭരണങ്ങളാക്കി കയറ്റുമതി ചെയ്യാന്‍ മാത്രമാണ് കമ്പനിക്ക് അനുമതിയുള്ളത്. ഇത് ലംഘിച്ച് നികുതിയില്ലാതെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം ആഭ്യന്തര വിപണിയില്‍ വിറ്റ് വന്‍ വെട്ടിപ്പാണ് കമ്പനി നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേരെ ഡി ആര്‍ ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാസത്തില്‍ മൂന്നര ടണ്‍ സ്വര്‍ണമാണ് രാജേഷ് എക്‌സ്‌പോര്‍ട്‌സ് ഇറക്കുമതി ചെയ്യുന്നത്. നെടുമ്പാശ്ശേരി വിമാനത്താവകളത്തില്‍ എത്തിച്ച പുതിയ സ്‌റ്റോക്കായ 85 കിലോ സ്വര്‍ണം ഡി ആര്‍ ഐ പിടിച്ചെടുത്തിട്ടുണ്ട്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു കഴിഞ്ഞമാസം 30നു കമ്പനിയുടെ കൊച്ചി ശാഖ അടച്ചുപൂട്ടണമെന്ന് കേന്ദ്രം ഉത്തവിട്ടിരുന്നു. എന്നാല്‍ കമ്പനി തുടര്‍ന്നും പ്രവര്‍ത്തിച്ചതിനാലാണു ഡിആര്‍ഐ നടപടി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജേഷ് എക്‌സ്‌പോര്‍ട്ട് പ്രതിവര്‍ഷം 20,000 കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമാണ്. കമ്പനിയുടെ എം ഡി പ്രശാന്ത് ഒളിവിലാണ്.

ALSO READ  ഇരുപതിനായിരം കോടി നികുതി: വോഡാഫോണിന് അനുകൂലമായി അന്താരാഷ്ട്ര കോടതി വിധി