റൊണാള്‍ഡീഞ്ഞോ തിളങ്ങി; മിനെയ്‌റോക്ക് ജയം

Posted on: May 14, 2013 6:00 am | Last updated: May 14, 2013 at 7:09 am

റിയോഡിജനീറോ: മിനെയ്‌റോ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ പാദത്തില്‍ റൊണാള്‍ഡീഞ്ഞോയുടെ മികവില്‍ അത്‌ലറ്റികോ മിനെയ്‌റോ 3-0ന് ക്രുസെയ്‌റോയെ തകര്‍ത്തു. രണ്ട് ഗോളുകള്‍ക്ക് അവസരമൊരുക്കിയ റൊണാള്‍ഡീഞ്ഞോ കളം നിറഞ്ഞു. എവര്‍ട്ടന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും മുന്‍ സ്‌ട്രൈക്കര്‍ ജോ പതിനഞ്ചാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. ഡിയഗോ ടര്‍ഡെലിയും മാര്‍കോസ് റോചയും രണ്ടാം പകുതിയില്‍ സ്‌കോറിംഗ് പൂര്‍ത്തിയാക്കി.

തുടക്കത്തില്‍ തന്നെ എതിര്‍ ഗോള്‍മുഖത്തേക്ക് ഡിഫന്‍ഡര്‍മാരെ വകഞ്ഞുമാറ്റി ഷോട്ടുതിര്‍ത്ത റൊണാള്‍ഡീഞ്ഞോ തന്റെ ഫോം അറിയിച്ചു. തുടരെ, ക്രോസ് ബോളുകളും ത്രൂ പാസുകളും നല്‍കി റൊണാള്‍ഡീഞ്ഞോ ക്രുസെയ്‌റോ പ്രതിരോധനിരക്ക് തലവേദനയായി. പക്ഷേ, പതിനഞ്ചാം മിനുട്ടില്‍ ജോ നേടിയ ഗോളില്‍ ആദ്യ പകുതിയിലെ ശ്രമങ്ങള്‍ ഒതുങ്ങി.
ആദ്യ പകുതി അത്രമാത്രം ആവേശകരവും അക്രമാസക്തവുമായിരുന്നു. ഏഴ് പേരാണ് മഞ്ഞക്കാര്‍ഡ് കണ്ടത്. രണ്ടാം പകുതിയില്‍ ക്രുസെയ്‌റോയുടെ ആള്‍ ബലം പത്തിലേക്ക് ചുരുങ്ങി. റൊണാള്‍ഡീഞ്ഞോയെ വീഴ്ത്തിയതിന് ബ്രൂണോ റോഡ്രിഗോയ്ക്കാണ് റെഡ് കാര്‍ഡ് കണ്ടത്. റൊണാള്‍ഡീഞ്ഞോ ആ വീഴ്ചയിലൊന്നും തളര്‍ന്നില്ല. തകര്‍പ്പന്‍ ക്രോസ് ബോളില്‍ ഡിയഗോ ടര്‍ഡെലിക്ക് ഗോളൊരുക്കി (2-0). മൂന്നാം ഗോള്‍ എഴുപത്തെട്ടാം മിനുട്ടില്‍. ജോയുടെ ഹെഡര്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചത് മാര്‍കോസ് റോച വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ റഫറി ലൂയിസ് ഫഌവിയോ ഡി ഒലിവേര പരുക്കേറ്റ് കയറി.ബ്രസീല്‍ ഫുട്‌ബോള്‍ സീസണിന് കിക്കോഫ് കുറിക്കുന്ന ആഭ്യന്തര ചാമ്പ്യന്‍ഷിപ്പുകളിലൊന്നാണ് മിനെയ്‌റോ. ബയാനോ, പോളിസ്റ്റ ചാമ്പ്യന്‍ഷിപ്പുകളും നടക്കുന്നു.
ബയാനോ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ പാദം വിക്‌ടോറിയ 7-3ന് ബഹിയയെ തോല്‍പ്പിച്ചു.
പോളിസ്റ്റ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യപാദത്തില്‍ കോറിന്ത്യന്‍സ് 2-1ന് സാന്റോസിനെയും കീഴടക്കി.