വധശിക്ഷ വേണ്ട: സി പി എം

Posted on: May 13, 2013 9:50 pm | Last updated: May 13, 2013 at 11:51 pm
SHARE

INDIA-POLITICS-LEFT-KARATന്യൂഡല്‍ഹി: കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന് സി പി എം. അത്യപൂര്‍വമായ കുറ്റകൃത്യങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ തടവ് നല്‍കാമെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ടു ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതിയിലും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം. ഗുജറാത്ത് വംശഹത്യയില്‍ മോഡിയുടെ പങ്കിന് വ്യക്തമായ തെളിവ് ലഭിച്ച സാഹചര്യത്തില്‍ നരേന്ദ്ര മോഡിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

ആരോപണവിധേയരായ രണ്ട് മന്ത്രിമാരെ രാജി വെപ്പിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. മന്ത്രിമാരുടെ രാജി കൊണ്ട് പ്രശ്‌നം തീരില്ല. കല്‍ക്കരി കേസില്‍ സി ബി ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് തിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകാന്‍ കഴിയില്ല. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണ് കല്‍ക്കരി മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. റിപ്പോര്‍ട്ട് തിരുത്താന്‍ പി എം ഒയിലെ ഒരു ജോയിന്റ് സെക്രട്ടറി ഇടപെട്ടതായി വ്യക്തമായിട്ടുണ്ട്.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിയുടെ പങ്കിന് കൂടുതല്‍ തെളിവ് ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മോഡി അന്വേഷണം നേരിടണം. സിഖ് കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണം. ഒഴിവാക്കിയ കോടതി വിധിക്കെതിരെ സി ബി ഐ അപ്പീല്‍ നല്‍കണം.
ബംഗാളില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസും മമതയും ശ്രമിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച സമയത്ത് തന്നെ നടത്തണം. ഭക്ഷ്യസുരക്ഷ, ഭൂമി ഏറ്റെടുക്കല്‍ ബില്ലുകള്‍ ഭേദഗതികളോടെ മാത്രമേ അംഗീകരിക്കാനാകൂ. കേന്ദ്ര ബജറ്റില്‍ പെട്രോളിയം ഉത്പന്നങ്ങളുടെയും വളത്തിന്റെയും സബ്‌സിഡി എടുത്തുകളഞ്ഞത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
ദേശീയ ജാഥയില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യവ്യാപകമായി നടത്തുന്ന പിക്കറ്റിംഗ് സമരങ്ങള്‍ക്ക് ഈ മാസം മധ്യത്തോടെ തുടക്കമാകും. ഭൂമിയും വീടും അവകാശമാക്കുക, ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും ഉറപ്പ് വരുത്തുക, സാമൂഹിക നീതി ഉറപ്പ് വരുത്തുക, അഴിമതി തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പിക്കറ്റിംഗ് സമരം.

 

LEAVE A REPLY

Please enter your comment!
Please enter your name here