മന്ത്രിമാരുടെ രാജി: സംയുക്ത തീരുമാനമെന്ന് കോണ്‍ഗ്രസ്‌

Posted on: May 13, 2013 7:30 am | Last updated: May 13, 2013 at 11:09 am
SHARE

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും സംയുക്ത തീരുമാന പ്രകാരമാണ് കേന്ദ്ര മന്ത്രിമാരായ പവന്‍ കുമാര്‍ ബന്‍സാലിനെയും അശ്വനി കുമാറിനെയും പുറത്താക്കിയതെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷയുടെ നിര്‍ബന്ധപ്രകാരമാണ് നടപടിയെന്ന റിപ്പോര്‍ട്ടുകളെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു.
‘സോണിയയുടെ നിര്‍ബന്ധപ്രകാരമാണ് മന്ത്രിമാര്‍ പുറത്തുപോകേണ്ടിവന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരമൊരു നിഗമനം ശരിയല്ല. കോണ്‍ഗ്രസ് അധ്യക്ഷയുടെയും പ്രധാനമന്ത്രിയുടെയും സംയുക്ത തീരുമാനപ്രകാരമായിരുന്നു മന്ത്രിമാരുടെ രാജി.’ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അവകാശപ്പെട്ടു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അടുത്തയാളുകളായി അറിയപ്പെടുന്ന പവന്‍ കുമാര്‍ ബന്‍സാലിനെയും അശ്വനി കുമാറിനെയും ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച വൈകിട്ടാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. റെയില്‍വേ ബോര്‍ഡിലെ നിയമനത്തിന് അനന്തരവന്‍ കൈക്കൂലി വാങ്ങിയത് ബന്‍സാലിന് വിനയായപ്പോള്‍, കല്‍ക്കരി ഖനി അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിച്ച സി ബി ഐ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന ആരോപണമാണ് അശ്വനി കുമാര്‍ നേരിടുന്നത്. ആരോപണവിധേയരായ മന്ത്രിമാര്‍ സ്ഥാനത്ത് തുടരുന്നതില്‍ സോണിയ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനോട് രാജിവെച്ചൊഴിയാന്‍ ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി ആവശ്യപ്പെട്ടു. സ്വന്തം മന്ത്രിസഭയില്‍ ആര് വേണമെന്ന് തീരുമാനിക്കാനുള്ള ശക്തിപോലുമില്ലാത്ത പ്രധാനമന്ത്രി രാജിവെക്കുകയാണ് വേണ്ടത്. മന്ത്രിമാരുടെ രാജി അതാണ് ഊന്നിപ്പറയുന്നത്. സോണിയാ ഗാന്ധി പ്രധാനമന്ത്രിയുടെ ‘ആള്‍ക്കാരെ’ പുറത്തിയാക്കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും- അഡ്വാനി ബ്ലോഗില്‍ കുറിച്ചു.