Connect with us

Editorial

ക്രൂരമായ വീഴ്ച

Published

|

Last Updated

siraj copyരക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി മരിക്കാനിടയായത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. ഉദരരോഗത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം രോഗം സുഖപ്പെട്ട് വീട്ടിലേക്ക് പോകാനിരുന്ന കോഴിക്കോടിന് സമീപം കുറ്റിയില്‍ താഴം സ്വദേശിനിയായ തങ്കമാണ് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചത്. ഇവരുടെ രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ്. എ പോസിറ്റീവ് രക്തമാണ് ഇവര്‍ക്ക് കയറ്റിയത്. തങ്കമ്മ എന്ന രോഗിക്കുള്ള രക്തമാണ് ഇവര്‍ക്ക് ഉപയോഗിച്ചത്. തങ്കത്തിന് രക്തം കയറ്റേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടക്കുമെന്ന് ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.
ആരോഗ്യം ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ ഉത്കണ്ഠയാണ്. സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നിഗൂഢതയുമാണ് അത്. എന്ത് മരുന്നാണ് താന്‍ കഴിക്കുന്നത്, എന്ത് പരിശോധനകള്‍ക്കാണ് വിധേയമാകുന്നത്, ഉപയോഗിക്കുന്ന ചികിത്സാ രീതികളും തന്ത്രങ്ങളും സമീപനങ്ങളും എന്താണ് എന്നൊന്നും രോഗിക്ക് അറിയില്ല. ഡോക്ടറെയും ആശുപത്രിയെയും അയാള്‍ പൂര്‍ണമായി വിശ്വസിക്കുകയാണ്. കുറിച്ചു തരുന്ന എല്ലാ മരുന്നും കഴിക്കുന്നു. എല്ലാ പരിശോധനകളും നടത്തുന്നു. എല്ലാ നിര്‍ദേശങ്ങളും വിലക്കുകളും പാലിക്കുന്നു. ഡോക്ടര്‍ നടത്തിയ രോഗനിര്‍ണയം ഒരു നിഗമനം മാത്രമായിരിക്കാം. ഡോക്ടറുടെ തീര്‍പ്പ് തീര്‍ത്തും തെറ്റായിരിക്കാം. പിന്നെ തിരിച്ച് നടത്തമാണ്. ഈ ചികിത്സ കൊണ്ട് മാത്രം രോഗി മറ്റ് രോഗങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കാം.
ഈ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഇത്തരം ക്രൂരമായ പിഴവുകള്‍ സംഭവിക്കുന്നത്. ഇതിന് ഇരയായ രോഗി മരിച്ചുവെന്നത് മാത്രമല്ല പ്രശ്‌നം. മെഡിക്കല്‍ കോളജ് ആശുപത്രി പോലുള്ള പൊതു ആരോഗ്യ സംവിധാനം മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ അകപ്പെടുകയാണ്. വല്ലാത്ത ആശങ്കയാണ് രോഗികളില്‍ ഇത് ഉണ്ടാക്കുക. ആശുപത്രികളുടെ അന്തരീക്ഷം തന്നെ ഇത് താറുമാറാക്കും. രോഗികളും ആശുപത്രി അധികൃതരും തമ്മില്‍ സംഘര്‍ഷം പതിവാകും. നിവൃത്തിയുള്ളവര്‍ മുഴുവന്‍ സ്വകാര്യ, വന്‍കിട ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുക. പൊതു ആരോഗ്യ സംവിധാനത്തിന്റെ തകര്‍ച്ചയാകും ആത്യന്തിക ഫലം. അത്യാധുനിക സംവിധാനങ്ങളുടെ ആര്‍ഭാടമുള്ള സ്വകാര്യ ആശുപത്രികളിലും ഇതൊക്കെ സംഭവിക്കുന്നുവെന്നത് മറ്റൊരു കാര്യം.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത്തരം പിഴവുകള്‍ ഒറ്റപ്പെട്ട സംഭവമല്ല എന്ന് പറയേണ്ടിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കോഴിക്കോട് പേരാമ്പ്രക്കടുത്ത യുവതി വലതുകാലിലെ എല്ല് പൊട്ടിയാണ് ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനക്കൊടുവില്‍ യുവതിയുടെ കാല്‍ ഓപറേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ശസ്ത്രക്രിയ നടന്നു, വലതു കാലിനല്ല ഇടതു കാലിന്. പല്ലു വേദനയുമായെത്തിയ യുവതിയുടെ ആരോഗ്യമുള്ള പല്ലുകള്‍ പറിച്ച് “കാര്യക്ഷമത” തെളിയച്ചതും ഇവിടെ തന്നെ. രക്തം സ്വീകരിച്ച ബാലികക്ക് എച്ച് ഐ വി ബാധിച്ചത് ഇവിടെ നിന്ന് തന്നെയാണോ എന്നാണ് അടുത്തതായി അറിയാനുള്ളത്. ഈ എട്ട് വയസ്സുകാരി മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിക്ക് പുറമെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് രക്തം സ്വീകരിച്ചിരിക്കുന്നത്. അച്ഛനും അമ്മയും സഹോദരങ്ങളുമടക്കം കുടുംബത്തില്‍ ആരും എച്ച് ഐ വി പോസിറ്റീവല്ല.
ഇവ കോഴിക്കോട്ട് മാത്രം നടക്കുന്നതാണെന്നോ ഈ അവസ്ഥയുടെ ഉത്തരവാദികള്‍ ജീവനക്കാര്‍ മാത്രമാണെന്നോ പറയാനാകില്ല. ആവശ്യത്തിന് ജീവനക്കാരില്ലാതിരിക്കല്‍, ആധുനിക സജ്ജീകരണങ്ങളുടെ അഭാവം, പരിമിതമായ സൗകര്യങ്ങള്‍, നല്ല മാനേജ്‌മെന്റ് സംവിധാനങ്ങളില്ലായ്മ, നയപരമായ പാളിച്ചകള്‍, രോഗികളുടെ ബാഹുല്യം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുണ്ട്. നാല് വാര്‍ഡുകള്‍ക്ക് ഒരു സ്റ്റാഫ് നഴ്‌സ് എന്നതാണ് സ്ഥിതി. ഇവരെ സഹായിക്കാനാരുമില്ല. അത്യന്തം അവധാനതയോടെ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ അലസമായി ചെയ്തു തീര്‍ത്ത് പണികഴിക്കുന്ന ജീവനക്കാരും ഡോക്ടര്‍മാരും തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ടതാണ്. അതോടൊപ്പം നമ്മുടെ പൊതു ആരോഗ്യ കേന്ദ്രങ്ങളില്‍ അവശ്യം വേണ്ട സംവിധാനങ്ങളെങ്കിലും ഉറപ്പ് വരുത്തണം. ഒരാള്‍ മരിക്കുമ്പോഴോ വാര്‍ത്തയാകുമ്പോഴോ ഉണരുകയും അതിന്റെ ഞെട്ടല്‍ മാറുമ്പോള്‍ അസ്തമിക്കുകയും ചെയ്യുന്ന ജാഗ്രതയല്ല വേണ്ടത്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണം. ഇത് ജീവന്റെ കാര്യമാണ്.

---- facebook comment plugin here -----