Connect with us

Ongoing News

ഘാനയില്‍ മലയാളി വെടിയേറ്റു മരിച്ചു

Published

|

Last Updated

കൊല്ലം: കശുവണ്ടി ഇറക്കുമതി ആവശ്യത്തിന് ഘാനയില്‍ പോയിരുന്ന കൊട്ടാരക്കര സ്വദേശിയായ യുവാവ് കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പുത്തൂര്‍ അല്‍ഫോണ്‍സാ കാഷ്യു ഫാക്ടറിയിലെ ക്വാളിറ്റി കണ്‍ട്രോളറായ രാജേഷ് (28) ആണ് മരിച്ചത്. കൊട്ടാരക്കര താമരക്കുടി ഒഴുകുപാറ രാജേഷ് ഭവനത്തില്‍ മുരളീധരന്‍ – രാജവല്ലി ദമ്പതികളുടെ മകനാണ്.
ആഫ്രിക്കന്‍ രാജ്യമായ ഘാനയിലുള്ള വെറ്റിമൂല എന്ന സ്ഥലത്തെ താമസ സ്ഥലത്ത് ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 11നാണ് വെടിയേറ്റത്. അഞ്ചല്‍ സ്വദേശിയായ സഹപ്രവര്‍ത്തകനൊപ്പം രാത്രി ഭക്ഷണം കഴിച്ച ശേഷം താമസസ്ഥലത്തെത്തിയപ്പോള്‍ മുറി തുറന്നു കിടക്കുകയായിരുന്നു. ഇതു പരിശോധിക്കുമ്പോള്‍ മുറിക്കുള്ളില്‍ നിന്ന് കൊള്ളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലക്ക് വെടിയേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി മരിച്ചു. സഹപ്രവര്‍ത്തകന് വെടിയേറ്റെങ്കിലും ഗുരുതരാവസ്ഥയിലല്ല.
ഗുണനിലവാരമുള്ള കശുവണ്ടി നാട്ടിലേക്ക് കയറ്റി അയക്കുന്നതിനാണ് കഴിഞ്ഞ ജനുവരിയില്‍ ആഫ്രിക്കയിലേക്ക് പോയത്. രാജേഷും സഹപ്രവര്‍ത്തകനും താമസിച്ചിരുന്ന സ്ഥലത്ത് ഇന്നും നാളെയും പ്രാദേശിക അവധിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് പ്രവാസികാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ശ്രമം നടന്നുവരുന്നു. രാജിയാണ് മരിച്ച രാജേഷിന്റെ സഹോദരി.

---- facebook comment plugin here -----

Latest