Connect with us

Ongoing News

തുഷാരഗിരിയുടെ വിശേഷങ്ങള്‍...

Published

|

Last Updated

thusaragiri-3

മലപ്പുറം: പ്രകൃതി രമണീയമായ തുഷാരഗിരി വെള്ളച്ചാട്ടം വിനോദ സഞ്ചാരികളുടെ പറുദീസയാകുന്നു. നിറഞ്ഞൊഴുകുന്ന അരുവികളും സമൃദ്ധമായ വെള്ളച്ചാട്ടങ്ങളും പൂത്തുനില്‍ക്കുന്ന വൃക്ഷ ലതാതികളും പൂക്കളില്‍ നിന്ന് പൂക്കളിലേക്ക് തത്തിക്കളിക്കുന്ന ചിത്രശലഭങ്ങളുമാണ് ഇവിടുത്തേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

കോഴിക്കോട് വനം ഡിവിഷനില്‍ താമരശ്ശേരി റെയിഞ്ചില്‍ കോടഞ്ചേരി ഭാഗത്തുള്ള ജീരകപ്പാറ വനമേഖലയിലാണ് തുഷാരഗിരി പ്രദേശം പരന്ന് കിടക്കുന്നത്. സഞ്ചാരികളുടെ മനസ്സിന് കുളിരേകുന്ന മൂന്ന് പ്രധാന വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. കാടിന്റെ കുളിര് തൊട്ടറിഞ്ഞ് ചാലിപ്പുഴയുടെ രണ്ട് കൈവഴികള്‍ ഒന്നിക്കുന്ന ഈരാറ്റ്മുക്ക് വെള്ളച്ചാട്ടം, ഇവിടെ നിന്ന് അല്‍പ്പം മുകളിലേക്ക് കയറിയാല്‍ ജലകണങ്ങളില്‍ സൂര്യ രശ്മികളേറ്റ് വിരിഞ്ഞ് നില്‍ക്കുന്ന മഴവില്ലിന്റെ സപ്തവര്‍ണ്ണ ശോഭയോടെ കാണാവുന്ന വഴവില്‍ വെള്ളച്ചാട്ടം, വീണ്ടും മുകളിലേക്ക് നടന്നാല്‍ ഒഴുകി വരുന്ന കാട്ടരുവി 120 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന തുമ്പി തുള്ളും പാറ വെള്ളച്ചാട്ടം എന്നിവയാണ് പ്രധാന വെള്ളച്ചാട്ടങ്ങള്‍. കൂടാതെ മുകള്‍ തട്ടില്‍ നാല് ഏക്കറോളം വിസ്താരത്തില്‍ പരന്നുകിടക്കുന്ന തേന്‍പാറ സന്ദര്‍ശകരുടെ വിശ്രമ താവളവുമാണ്.

കാനന ഭംഗി കണ്‍കുളിര്‍ക്കെ കണ്ട് മുകളില്‍ നിന്ന് താഴ്‌വാരത്തിലേക്ക് വരുമ്പോള്‍ കാണാവുന്ന വര്‍ഷങ്ങള്‍ കാലപഴക്കമുള്ള താന്നി മുത്തശ്ശിയും ഇവിടുത്തെ പ്രത്യേകതയാണ്. പൊള്ളയായ ഈ മരത്തിന്റെ ഉള്‍വശത്ത് നാല് പേര്‍ക്കെങ്കിലും സുഖമായി കയറിയിരിക്കാം. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് വനം വകുപ്പും തുഷാരഗിരി വനം സംരക്ഷണ സമിതിയും സന്ദര്‍ശകര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. വനയാത്ര, വനത്തില്‍ തങ്ങാനുള്ള സൗകര്യം, ഭക്ഷണം, ഏറുമാടങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനും വനശാസ്ത്ര പഠനത്തിനും പ്രത്യേകം പരിശീലനം നേടിയ ഗൈഡുകളുടെ സേവനവും ഇവിടെ ലഭ്യമാണ്.

 

 

Latest