പ്രശ്‌നം പ്രാഥമികം

Posted on: May 10, 2013 6:00 am | Last updated: May 9, 2013 at 11:23 pm
SHARE

94 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. വൃത്തിയിലും വെടിപ്പിലും നിഷ്‌കര്‍ഷത പുലര്‍ത്തുന്ന കേരളീയര്‍, പക്ഷേ മാലിന്യസംസ്‌കരണകാര്യത്തില്‍ മതിയായ ശ്രദ്ധ ചെലുത്താറില്ല. സ്വന്തം വീട്ടിലെ മാലിന്യം അയല്‍ക്കാരന്റെ പറമ്പില്‍ നിക്ഷേപിച്ച് വൃത്തി പുലര്‍ത്തുന്ന വ്യക്തികളെ പോലെ സമൂഹവും ചുളുവില്‍ കാര്യം നടത്താനാണ് ശ്രമിക്കാറുള്ളത്. മാലിന്യം നീക്കം ചെയ്യേണ്ടതും അത് ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതും തദ്ദേശ ഭരണ സമിതികളുടെ ചുമതലയാണ്. ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ നഗരസഭകള്‍ വരെ ഈ ഉത്തരവാദിത്വം വേണ്ടവിധം നിറവേറ്റുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നും വീഴ്ചകള്‍ ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ കാര്യമായ പങ്ക് വഹിക്കുന്ന കുടുംബശ്രീ യൂനിറ്റുകള്‍ക്കാണെങ്കില്‍ ആവശ്യത്തിന് ആളില്ല. ഉപകരണങ്ങളുമില്ല. അവര്‍ക്ക് ലഭിക്കുന്ന വരുമാനമാണെങ്കില്‍ തുലോം കുറവും. വിളപ്പില്‍ശാലയും ഞെളിയന്‍പറമ്പുമെല്ലാം എന്നും പ്രശ്‌നസങ്കീര്‍ണമായി തുടരുന്നതും അതുകൊണ്ടുതന്നെയാണ്. നഗരവാസികള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ പേറാന്‍ ഗ്രാമങ്ങളെ കുപ്പത്തൊട്ടികളാക്കുന്ന ഇപ്പോഴത്തെ പ്രവണതക്കെതിരെ ജനകീയ പ്രതിരോധമുയര്‍ന്നു വന്നിട്ടുണ്ട്. ഇതിന്റെ വലിയൊരു രൂപം വിളപ്പില്‍ശാലയില്‍ നാം കണ്ടു. ക്ലീന്‍ സിറ്റിയായി അധികാരികള്‍ പ്രഖ്യാപിച്ച കോഴിക്കോട് നഗരം വാസ്തവത്തില്‍ മാലിന്യക്കൂമ്പാരം കൊണ്ട് നിറഞ്ഞിരിക്കുന്നു. സംസ്ഥാന തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗങ്ങളില്‍ പോലും മൂക്ക് പൊത്താതെ വഴിനടക്കാനാകില്ല.

അതിനിടയിലാണ്, കേരളത്തില്‍ മതിയായ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഇല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കക്കൂസ്മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന് സാക്ഷര കേരളത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സാക്ഷരതയില്‍ രാജ്യത്തിനാകമാനം മാതൃകയായ കേരളം മാലിന്യ നിര്‍മാര്‍ജനത്തിന് താത്പര്യം കാണിക്കാത്തതിനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനം കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ സമര്‍പ്പിച്ച പദ്ധതി നടപ്പാക്കാന്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഹരജി പരിഗണനക്കെടുത്തപ്പോള്‍, ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലം തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്. 2011ല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു നല്‍കിയ ആദ്യത്തെ നിര്‍ദേശത്തിന് ശേഷം ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തെ കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയുടെ ഈ നിര്‍ദേശം വളരെ ഗൗരവമാര്‍ന്നതാണ്. കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യങ്ങളില്‍ നിന്നുള്ള കോളിഫാം ബാക്ടീരിയയും മറ്റു രോഗാണുക്കളും അടങ്ങിയിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സുപ്രീം കോടതി നിര്‍ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്. പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം, ഛര്‍ദ്യതിസാരം, കോളറ തുടങ്ങിയ മാരകരോഗങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രോഗബാധക്കു ശേഷം ചികിത്സ തേടുന്നതിലും ഭേദം രോഗപ്രതിരോധമാണ് എന്ന് ഉത്തമ ബോധ്യമുള്ളവരാണ് കേരളീയര്‍. ആരോഗ്യ പരിപാലനരംഗത്ത് ഒരു കാലത്ത് ഏറെ ശുഷ്‌കാന്തി പുലര്‍ത്തിയിരുന്ന സംസ്ഥാനം ഇപ്പോള്‍ ഇക്കാര്യത്തില്‍ പിന്നോട്ടടിച്ചിട്ടുണ്ട്. ഈ വസ്തുതകളെല്ലാം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാകണം സുപ്രീം കോടതിയുടെ വിമര്‍ശം. കാലവര്‍ഷമാരംഭിച്ച ശേഷം ജലജന്യ രോഗങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് പകരം ഇപ്പോഴേ മുന്‍ കരുതല്‍ നടപടികളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിക്കണം. രോഗപ്രതിരോധത്തിന് മതിയായ ഫണ്ട് അനുവദിച്ചുവെന്ന പ്രഖ്യാപനം മാത്രം പോരാ. നടപ്പാക്കാനുദേശിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കുമെന്ന നിര്‍ബന്ധ ബുദ്ധിയും സര്‍ക്കാറിനുണ്ടാകണം.
കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന കാര്യത്തിലാണ് കേരളം പിന്നോട്ട് പോയിരിക്കുന്നതെങ്കില്‍, രാജ്യത്തിന്റെ പൊതുസ്ഥിതി പരിഗണിക്കുമ്പോള്‍ കേരളം എത്രയോ ഭേദമാണെന്ന് പറയേണ്ടതുണ്ട്. മൂത്രപ്പുരകളും കക്കൂസുകളുമില്ലാത്ത ജനവാസ കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും എത്രയോ ചൂണ്ടിക്കാട്ടാനാകും. തുറസ്സായ സ്ഥലത്ത് പ്രാഥമിക കര്‍മങ്ങള്‍ നിറവേറ്റാന്‍ വിധിക്കപ്പെട്ട സഹോദരിമാരെ നമുക്ക് മറക്കാനാകില്ല. പ്രാഥമിക കര്‍മങ്ങള്‍ നിറവേറ്റാന്‍ സന്ധ്യ മയങ്ങും വരെ കാത്തിരിക്കേണ്ടിവരുന്നവരുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ദേശീയതലത്തില്‍ സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിന് അവരോടൊപ്പം ചേര്‍ന്നു നില്‍ക്കാനാകില്ല. എന്നും രാജ്യത്തിന് മാതൃകയായിട്ടുള്ള സംസ്ഥാനം ഈ രംഗത്തും രാജ്യത്തിന് വഴികാട്ടിയാകണം. സുപ്രീം കോടതി നിര്‍ദേശം അതിന് ഉപകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.