ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷിക സമ്മേളനം ഇന്ന് തുടങ്ങും

Posted on: May 9, 2013 1:36 am | Last updated: May 9, 2013 at 1:36 am
SHARE

കൊളത്തൂര്‍: മര്‍കസുത്തസ്‌കിയത്തില്‍ ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷിക മഹാസമ്മേളനത്തിന് ഇര്‍ശാദിയ്യ നഗറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 28ന് പ്രഖ്യാപിച്ച സമ്മേളനം വൈവിധ്യമാര്‍ന്ന പരിപാടികള്‍ പൂര്‍ത്തിയാക്കിയാണ് മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിനൊരുങ്ങുന്നത്.
പന്തല്‍, പ്രധാനവേദി, വിപുലമായ ശബ്ദവെളിച്ച സംവിധാനങ്ങള്‍, മെഡിക്കല്‍ പോയിന്റ്, വിപുലമായ കമാനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്ന് ആരംഭിച്ച സമ്മേളന നഗരിയില്‍ സമാപിക്കും.
തുടര്‍ന്ന് 5.15മന് എ സി ഇബ്‌റാഹീം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലത്തിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തിരൂര്‍ക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. കിഡ്‌സ് ഗ്യാലറി ശിലാസ്ഥാപനം മന്ത്രി എം അലി നിര്‍വഹിക്കും. 8.30ന് സീനിയര്‍ സെക്കന്‍ഡറി ബ്ലോക്ക് കെട്ടിടോദ്ഘാടനവും ഇശല്‍ സമ്മേളനം എന്നിവ നടക്കും.
സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിക്ക് ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍, ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്കല്‍, അഹമ്മദ് നബീല്‍ ബാഗ്ലൂര്‍ നേതൃത്വം നല്‍കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഹിബത്തുല്ല തങ്ങള്‍ കുരുമ്പലം, എ സി ഇബ്‌റാഹീം മുസ്‌ലിയാര്‍, പി എസ് കെ ദാരിമി, എം ടി ഹംസഹാജി, കെ ടി എ ഗഫൂര്‍, പി കെ മുഹമ്മദ്ശാഫി പങ്കെടുത്തു.