Connect with us

Kerala

അഴീക്കോടിന്റെ വീട് സര്‍ക്കാര്‍ ഏറ്റെടുത്തു

Published

|

Last Updated

തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്റെ സ്മാരകം യാഥാര്‍ഥ്യമാക്കുന്നതിനായി ഇരവിമംഗലത്തുള്ള അദ്ദേഹത്തിന്റെ വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രി കെ സി ജോസഫ് ഇതു സംബന്ധിച്ച രേഖകള്‍ അഴീക്കോടിന്റെ അവകാശികളില്‍ നിന്ന് ഏറ്റുവാങ്ങി. 22 സെന്റ് സ്ഥലും ഇരുനില വീടുമാണ് 51,25,000 രൂപ നല്‍കി ഏറ്റെടുത്തത്. വീടും സ്ഥലവും സ്മാരകമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചു.
വീടിന്റെ പവിത്രത നഷ്ടമാകാത്ത രീതിയിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാഹിത്യ പ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പഠനത്തിന് സഹായകമാകുന്ന തരത്തിലുള്ള സ്ഥാപനമാക്കി സ്മാരകത്തെ മാറ്റും. ആരുടെയും കീഴില്‍ അല്ലാതെ തികച്ചും സ്വതന്ത്ര സ്ഥാപനമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല സാഹിത്യ അക്കാദമിക്കാണ്. അഴീക്കോടിന്റെ സഹോദരീ പുത്രന്‍മാരായ മനോജ്, രാജേഷ്, സന്തത സഹചാരിയും െ്രെഡവറുമായിരുന്ന സുരേഷ് എന്നിവര്‍ പങ്കെടുത്തു. മറ്റൊരു അവകാശിയായ അഴീക്കോടിന്റെ സഹോദര ഭാര്യ സുമാലിനി ശാരീരിക അസ്വസ്ഥ കാരണം ചടങ്ങില്‍ പങ്കെടുത്തില്ല.
പ്രതിഫല തുക മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അവകാശികള്‍ക്ക് കൈമാറി. വീടിന്റെ താക്കോല്‍ കെ സി ജോസഫ് സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് കൈമാറി. പി സി ചാക്കോ എം പി മുഖ്യപ്രഭാഷണം നടത്തി. എം പി വിന്‍സന്റ് എം എല്‍ എ അധ്യക്ഷനായിരുന്നു.
എം എല്‍ എമാരായ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, കെ വി അബ്ദുല്‍ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ എന്നിവര്‍ പങ്കെടുത്തു.