അനിശ്ചിതത്വം തുടരുന്നു; കണ്ണൂര്‍ നഗരസഭയിലെ അധികാര കൈമാറ്റം നീളും

Posted on: May 5, 2013 6:48 am | Last updated: May 5, 2013 at 6:48 am
SHARE

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയിലെ അധികാര കൈമാറ്റം നീളുന്നു. രണ്ടര വര്‍ഷം വീതം ചെയര്‍പേഴ്‌സന്‍ സ്ഥാനം പങ്കിട്ടെടുക്കാമെന്നുള്ള യു ഡി എഫ് ധാരണ പാലിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നുവെങ്കിലും രാജിവെക്കാന്‍ നിശ്ചയിച്ച ദിവസം വീണ്ടും മാറിമറയുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ചെയര്‍പേഴ്‌സന്‍ എം സി ശ്രീജയും വൈസ് ചെയര്‍മാന്‍ സി സമീറും രാജിവെക്കുമെന്നായിരുന്നു ഇരു പാര്‍ട്ടി നേതൃത്വങ്ങളും തമ്മിലുണ്ടാക്കിയ ധാരണ. എന്നാല്‍ വൈകുന്നേരം വരെ രാജിക്കത്തുമായി ചെയര്‍പേഴ്‌സന്‍ നഗരസഭാ ഓഫീസില്‍ കാത്തിരുന്നുവെങ്കിലും വൈസ് ചെയര്‍മാന്‍ എത്തിച്ചേര്‍ന്നില്ല. ഇതേത്തുടര്‍ന്ന് ചെയര്‍പേഴ്‌സന്റെ രാജി മാറ്റിവെക്കുകയായിരുന്നു. വൈസ് ചെയര്‍മാന്‍ രാജിക്കത്ത് നല്‍കാത്തതിനെ തുടര്‍ന്ന് നഗരസഭയിലെ അധികാര കൈമാറ്റം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്നലെ കോണ്‍ഗ്രസിലെയും മുസ്‌ലിംലീഗിലെയും നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ മാസം കൂടി ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് എം സി ശ്രീജയെ തുടരാന്‍ അനുവദിക്കണമെന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്. ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും ഒരുമിച്ച് രാജിവെക്കേണ്ടതില്ലെന്ന അഭിപ്രായം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് നേതാക്കള്‍ കെ സുധാകരന്‍ എം പി, ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ ചെയര്‍പേഴ്‌സന്‍ ആരാകണമെന്നതിനെ ചൊല്ലി മുസ്‌ലിംലീഗിലും തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. റോഷ്‌നി ഖാലിദാണ് പരിഗണിക്കപ്പെട്ടതെങ്കിലും സി സീനത്തിന് വേണ്ടി കേന്ദ്ര മന്ത്രി ഇ അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. ലീഗ് ജില്ലാ നേതൃത്വവും കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും റോഷ്‌നി ഖാലിദ് ചെയര്‍പേഴ്‌സനാകണമെന്ന താത്പര്യക്കാരാണ്. എന്നാല്‍ ലീഗ് ദേശീയ പ്രസിഡന്റ് കൂടിയായ ഇ അഹമ്മദിന്റെ ഇടപെടല്‍ ലീഗില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. മുസ്‌ലിംലീഗിലെ അധികാര കൈമാറ്റമാണ് നഗരസഭയിലെ അധികാര കൈമാറ്റം നീണ്ടുപോകുന്നതെന്നും കോണ്‍ഗ്രസ് അധികാരം കൈമാറാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here