Connect with us

Wayanad

കലക്ടര്‍ വാക്കു നല്‍കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൈവശക്കാര്‍ക്ക് പട്ടയം കിട്ടിയില്ല

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ കലക്ടര്‍ വാക്കുനല്‍കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൈവശക്കാര്‍ക്ക് പട്ടയം കിട്ടിയില്ല. മാനന്തവാടി വില്ലേജിലെ അമ്പുകുത്തി, കല്ലിയോട് നിവാസികളുടേതാണ് ഈ ദുര്യോഗം. പട്ടയം ഇല്ലാത്തതിനാല്‍ കൈവശക്കാരില്‍നിന്നു ഭൂനികുതി സ്വീകരിക്കുന്നില്ല. വീടുകള്‍ക്ക് നമ്പര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കെട്ടിട നികുതി വാങ്ങാന്‍ പഞ്ചായത്തും കൂട്ടാക്കുന്നില്ല. നികുതി ശീട്ടിന്റെ അഭാവത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ അടിയന്തര ആവശ്യത്തിനു ബാങ്ക് വായ്പ പോലും എടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കൈവശക്കാര്‍. ചെറുകിട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ഇവര്‍ക്ക് അന്യം.
മാനന്തവാടി വില്ലേജില്‍ 182/1, 182/1, 182/3, 182/5 എന്നീ സര്‍വേ നമ്പറുകളിലാണ് അമ്പകുത്തി, കല്ലിയോട് പ്രദേശങ്ങള്‍. ഇവിടെ 200 ഓളം എക്കര്‍ ഭൂമി കൈവശംവെച്ച് താമസിക്കുന്ന 149 കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി നീതിനിഷേധം നേരിടുന്നത്. പട്ടയത്തിനുവേണ്ടിയുള്ള മുറവിളികള്‍ വെറുതെയായപ്പോള്‍ കൈവശക്കാര്‍ സംയുക്ത സമരസമിതി രൂപീകരിച്ച് 2010ല്‍ മാനന്തവാടി ആര്‍.ഡി.ഒയുടെ കാര്യാലയത്തിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. ഈ പ്രക്ഷോഭം ഒത്തുതീര്‍ക്കുന്നതിനു നടത്തിയ ചര്‍ച്ചയിലാണ് മുഴുവന്‍ കൈവശക്കാര്‍ക്കും ഒരു മാസത്തിനകം പട്ടയം നല്‍കുമെന്ന് അന്നത്തെ ജില്ലാ കലക്ടര്‍പ്രഖ്യാപിച്ചത്. ആര്‍.ഡി.ഒ., നോര്‍ത്ത് വയനാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍, മാനന്തവാടി തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്കൊപ്പം സ്ഥലസന്ദര്‍ശനം നടത്തിയതിനുശേഷമായിരുന്നു കലക്ടറുടെ പ്രഖ്യാപനം.
നിയമ, സാങ്കേതിക തടസങ്ങള്‍ ഇല്ലാതിരുന്നിട്ടും പട്ടയം അനുവദിക്കാത്തതിനു പിന്നില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്ന് അമ്പുകുത്തി, കല്ലിയോട് സംയുക്ത സമരസമിതി ചെയര്‍മാന്‍ കെ.വി.രാമകൃഷ്ണന്‍ പറഞ്ഞു.
അവകാശികളില്ലാതെ മരിച്ച ബ്രിട്ടീഷ് വനിതയുടെ ഉടമസ്ഥതയിലായിരുന്നു അമ്പുകുത്തിയിലും കല്ലിയോടുമായി കൈവശക്കാര്‍ പട്ടയത്തിനു ശ്രമിക്കുന്ന ഭൂമി. 1967ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഈ ഭൂമി 1969ലാണ് മാനന്തവാടി ജസി എസ്റ്റേറ്റിലെ തൊഴിലാളികള്‍ കൈയേറിയത്. ധാരാളം വൃക്ഷങ്ങളുണ്ടായിരുന്ന ഈ ഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്തുന്നത് ഫലപ്രദമായി തടയാന്‍ റവന്യൂ വകുപ്പിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ഭൂമിയുടെ സംരക്ഷണ ചുമതല കണ്ണൂര്‍ ജില്ലാ കലക്ടര്‍ വനം വകുപ്പിനെ ഏല്‍പിച്ചു. അക്കാലത്ത് കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു മാനന്തവാടിയും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന വടക്കേ വയനാട്.അടിയന്തരാവസ്ഥക്കാലത്ത് അമ്പുകുത്തിയിലും കല്ലിയോടുമുള്ള ഏതാനും കുടുംബങ്ങളെ വനംവകുപ്പ് ഒഴിപ്പിച്ചു. കുറെ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയെ അതിജീവിച്ച് പിടിച്ചുനിന്നു. പില്‍ക്കാലത്ത് ഇവര്‍ കൈവശഭൂമിക്ക് പട്ടയം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. 1989ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1977നു മുന്‍പുള്ള ചെറുകിട കൈയേറ്റക്കാര്‍ക്ക് കൈവശരേഖ നല്‍കാന്‍ ഉത്തരവിട്ടു. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനു മുന്‍പ് മന്ത്രിസഭ വീണു. ഇതേത്തുടര്‍ന്ന് അധികാരത്തില്‍വന്ന നായനാര്‍ സര്‍ക്കാര്‍ വനം-റവന്യൂ വകുപ്പുകള്‍ സംയുക്ത സര്‍വേ നടത്തി അര്‍ഹരായവര്‍ക്ക് കൈവശരേഖ നല്‍കാന്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പുകുത്തിയിലും കല്ലിയോടും നടത്തിയ സര്‍വേയില്‍ ആദിവാസികളടക്കം 149 കുടുംബങ്ങള്‍ കൈവശരേഖയ്ക്ക് അര്‍ഹരാണെന്ന് കണ്ടെത്തി. ഇവരുടെ പട്ടിക ആര്‍.ഡി.ഒയ്ക്ക് സമര്‍പിച്ചു. ഇതേത്തുടര്‍ന്ന് 118 പേര്‍ക്ക് കൈവശരേഖ അനുവദിച്ചു. ഭൂമിയില്‍ മതിയായ കുഴിക്കൂറുകള്‍ ഇല്ലെന്ന കാരണം പറഞ്ഞ് 31 പേര്‍ക്ക് രേഖ നിഷേധിച്ചു.
സംയുക്ത സര്‍വേയില്‍ അര്‍ഹരെന്ന് കണ്ടത്തിയതില്‍ 31 പേര്‍ക്ക് രേഖ നിഷേധിച്ചതിനെതിരെ സംയുക്ത സമര സമിതി ജനപ്രതിനികളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മാനന്തവാടി താലൂക്ക് സഭയില്‍ പരാതി നല്‍കിയിരുന്നു.
പരാതി പരിഗണിച്ച താലൂക്ക് സഭ ആര്‍.ഡി.ഒ., തഹസില്‍ദാര്‍ എന്നിവരോട് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍ പോലും ഇന്നോളം പരിശോധനയ്ക്ക് എത്തിയില്ല. പട്ടയത്തിനുവേണ്ടി കൈവശക്കാര്‍ 2013 ഫെബ്രുവരി 19ന് നല്‍കിയ അപേക്ഷയില്‍ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒ. മാനന്തവാടി അഡീഷണല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍.ഡി.ഒയുടെ നിര്‍ദേശം പ്രാവര്‍ത്തികമായില്ല.
അമ്പുകുത്തിയിലും കല്ലിയോടുമുള്ള കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അടുത്തിടെ സംയുക്തസമരസമിതി ചെയര്‍മാന്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പട്ടയപ്രശ്‌നത്തില്‍ തീരുമാനമെടുക്കേണ്ടത് റവന്യൂ വകുപ്പാണെന്നാണ് മറുപടിയില്‍ പറയുന്നത്. ഇക്കാര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി, ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് കല്‍പ്പറ്റയിലെത്തിയ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനു നിവേദനം നല്‍കി പട്ടയത്തിനു കാത്തിരിക്കുകയാണ് കൈവശ കുടുംബങ്ങള്‍.