Connect with us

Malappuram

കാര്‍ഷിക മേഖലയുടെ പുരോഗതി; വണ്ടൂര്‍ ബ്ലോക്കില്‍ മൂന്ന് പദ്ധതികള്‍

Published

|

Last Updated

വണ്ടൂര്‍: കാര്‍ഷികമേഖലയുടെ പുരോഗതിയോടൊപ്പം ജലസംരക്ഷണ പ്രവര്‍ത്തനത്തിനുമായി വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വ്യത്യസ്തമായ മൂന്ന് പദ്ധതികള്‍ നടപ്പിലാക്കുന്നു. മള്‍ബറി കൃഷി തുടങ്ങാനായി കര്‍ഷകര്‍ക്ക് 75 ശതമാനം വരെ സബ്‌സിഡി നല്‍കുന്ന സെറികള്‍ച്ചര്‍ പദ്ധതി, പഴം പച്ചക്കറി നഴ്‌സറി ആരംഭിക്കുന്നതിനുള്ള ഹാഡ പദ്ധതി, സംയോജിത നീര്‍ത്തട പരിപാലന പരിപാടി എന്നിവയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്ത് സെന്റ് ഭൂമിയുള്ള കര്‍ഷകര്‍ക്ക് മള്‍ബറി കൃഷിക്ക് അപേക്ഷിക്കാം.ഇതിനായി കര്‍ഷകര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ വില്ലേജ് എക്‌സ്റ്റഷന്‍ ഓഫീസര്‍ക്കോ ആണ് അപേക്ഷ നല്‍കേണ്ടത്.
പട്ടു നൂല്‍ പുഴു വളര്‍ത്താന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഇതിനായി പരീശീലനവും നല്‍കും.കിണര്‍ നിര്‍മ്മാണം,ഷെഡ് നിര്‍മ്മാണം,പമ്പ് സെറ്റ് വാങ്ങല്‍,ട്രേയും മറ്റു ഉപകരണങ്ങള്‍ വാങ്ങുന്നതിനും ധനസഹായവും 75 ശതമാനം വരെ സബ്‌സിഡിയും ഇതിനായി നല്‍കും.വിവരങ്ങള്‍ക്ക് 9446251296. ഹില്‍ ഏരിയാ ഡവലപ്‌മെന്റ് ഏജന്‍സി വഴി നടപ്പിലാക്കുന്ന പദ്ധതിയില്‍ പഴം പച്ചക്കറി എന്നിവക്കായി നഴ്‌സറി ആരംഭിക്കാന്‍ 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക.
ഇപ്രകാരം ഗുണമേന്മയുള്ള ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും സബ്‌സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും. പദ്ധതിയെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി യോജിപ്പിക്കാനും ലക്ഷ്യമിടുന്നു. രണ്ട് കോടി 96 ലക്ഷം രൂപയാണ് സംയോജിത നീര്‍ത്തട പരിപാലന പദ്ധതിക്കായി അനുവദിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ സര്‍വെയില്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശമായി കണ്ടെത്തിയ തൃക്കലങ്ങോട്, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന നോഡല്‍ ഏജന്‍സിയായ ഗ്രാമവികസന വകുപ്പിന്റെയും കേന്ദ്രഗ്രാമ വികസന മന്ത്രാലയത്തിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുതിരാടത്ത്, വൈസ് പ്രസിഡന്റ് ഇ അബ്ദുസ്സലാം, ബി ഡിഒ പി ജയപ്രകാശ്, വി അബ്ദുല്‍ മജീദ്, കെ ടി അബ്ബാസലി,നളിനി സംസാരിച്ചു.