ധീര രക്തസാക്ഷികള്‍: ഒഞ്ചിയം മുതല്‍ ലാഹോര്‍ വരെ

Posted on: May 4, 2013 6:01 am | Last updated: May 4, 2013 at 10:10 am
SHARE

tp slugഇന്ത്യക്ക് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയതിന്റെയും 1990ല്‍ ഫൈസാബാദിലും ലാഹോറിലും പതിനാല് പേര്‍ കൊല്ലപ്പെടാനിടയായ സ്‌ഫോടനങ്ങളില്‍ പങ്കാളിയായതിന്റെയും പേരില്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യാ പാക്ക് അതിര്‍ത്തിയിലെ ഭിക്കിവിന്ദ് സ്വദേശി സരബ്ജിത് സിംഗ് അതിദാരുണമായാണ് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വെച്ചു അന്ത്യശ്വാസം വലിച്ചത്. വധ ശിക്ഷക്ക് വിധിക്കപ്പെട്ടു വര്‍ഷങ്ങളായിട്ടും പലവിധ കാരണങ്ങള്‍ കൊണ്ട് സരബ്ജിത് സിംഗിന്റെ തൂക്കിലേറ്റല്‍ നീണ്ടുപോയി. വധ ശിക്ഷ നടപ്പിലാക്കുന്നതില്‍ സമീപകാലത്ത് ഇന്ത്യയിലെ ഭരണാധികാരികള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന തരം തിടുക്കവും രഹസ്യ സ്വഭാവവും പാക്കിസ്ഥാനും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആര്‍ക്കും തോന്നിപ്പോകുംവിധം ദയനീയമായാണ് സരബ്ജിത് സിംഗ് കോട് ലഖ്പത് ജയിലില്‍ സഹതടവുകാരുടെ ഇഷ്ടിക കൊണ്ടുള്ള മര്‍ദനമേറ്റു മരണപ്പെട്ടത്.

പക്ഷേ, ആ ദയനീയതയെ നാം എങ്ങനെയാണ് വിവര്‍ത്തനം ചെയ്യേണ്ടത്? സരബ്ജിത് സിംഗിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു വേണം രാഷ്ട്രം ഈ വേദന പങ്ക് വെക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വാദം. അദ്ദേഹം രാജ്യത്തിന്റെ ധീരനായ പുത്രനാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഔദ്യോഗിക ബഹുമതികളും ആദരവും നല്‍കി വേണം സരബ്ജിത് സംഗിനോട് ഐക്യദാര്‍ഢ്യപ്പെടേണ്ടത് എന്ന് മറ്റൊരു വിഭാഗം. രാജ്യത്തിന്റെ ദേശീയ ദുരന്തമായി കണക്കാക്കി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇരുപത്തിയഞ്ച് ലക്ഷവും പഞ്ചാബ് സര്‍ക്കാരിന്റെ ഒരു കോടിയും നല്‍്കിയും ഈ വേദനയില്‍ പങ്കാളികളാകാം എന്ന് സര്‍ക്കാറുകളും. മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ പാകിസ്ഥാനില്‍ തീര്‍ഥാടനത്തിന് പോയി തിരിച്ചുവരുന്ന വഴി, രാജ്യത്തിന്റെ ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ട ഒരു വ്യക്തിയാണ് സരബ്ജിത് സിംഗ് എന്ന് തോന്നിപ്പോകും.
പൊതുവില്‍ വേദനാജനകമായ മരണങ്ങളെ, കൊലപാതകങ്ങളെ അപ്രിയമായ പല കാര്യങ്ങളും മൂടിവെക്കാനുള്ള ഒരുപായമായി രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും ഉപയോഗപ്പെടുത്തുന്ന രീതി ഇന്ന് വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട്. സമീപ കാലത്ത് ഇന്ത്യയില്‍ നടന്ന രണ്ട് വധശിക്ഷകള്‍, അജ്മല്‍ കസബ് എന്ന പാക്കിസ്ഥാനി പൗരന്റെയും അഫ്‌സല്‍ ഗുരു എന്ന കാശ്മീരിയുടെയും നടപ്പിലാക്കിയ രീതിയും അതിനു തിരഞ്ഞെടുത്ത സമയവും മുന്‍നിര്‍ത്തി നിരവധിയാളുകള്‍ ഈ സംശയം കൂടുതല്‍ ബലത്തോടെ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. ഈ രണ്ട് വധശിക്ഷകളും സര്‍ക്കാരിന്റെ’ പ്രതിച്ഛായ’ മെച്ചപ്പെടുത്തുന്നതിനും പല ആരോപണങ്ങളെയും പ്രതിരോധിക്കാനുള്ള പരിചയായും വര്‍ത്തിച്ചിട്ടുണ്ട് എന്ന് ആരെങ്കിലും വിലയിരുത്തിയാല്‍ അവരെ കുറ്റം പറയാനുമൊക്കില്ല. അവ്വിധം ഭരണകൂടങ്ങളും അവയോടു ഒട്ടിനില്‍ക്കുന്ന മറ്റു സ്ഥാപനങ്ങളും ഓരോ കൊലപാതകത്തില്‍ നിന്നും വധശിക്ഷയില്‍ നിന്നും വിളവെടുക്കല്‍ ഒരു ശീലമാക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട് .
പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നു ഇന്ത്യ ആരോപിക്കുകയും തെളിവുകള്‍ നിരത്തുകയും ചെയ്ത രണ്ട് പ്രതികളെ ഇന്ത്യ തൂക്കിലേറ്റിയിട്ടും വധശിക്ഷ വിധിച്ചു കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞ സരബ്ജിത് സിംഗിനെ തൂക്കിലേറ്റാത്തത് ഒരു പക്ഷേ പാക്കിസ്ഥാനേക്കാള്‍ ഇന്ത്യയെയാണ് ധര്‍മസങ്കടത്തിലാക്കിയിട്ടുണ്ടാകുക. ഇന്ത്യ രണ്ട് പേരെ തൂക്കിലേറ്റി അഭിമാനം കൊണ്ടപ്പോള്‍, സരബ്ജിത് സിംഗിനെ തൂക്കിലേറ്റാതെ വെച്ച് പാക്കിസ്ഥാന്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു എന്ന് വേണമെങ്കില്‍ കരുതാം. ഇങ്ങനെയൊരു പൊതു പശ്ചാത്തലത്തില്‍ വേണം സരബ്ജിത് സിംഗിന്റെ കൊലപാതകത്തെ മനസ്സിലാക്കേണ്ടത്.
പക്ഷേ, ഈ കൊലപാതകത്തോടുള്ള ഇന്ത്യയുടെ നിലപാട് പല അര്‍ഥത്തിലും വൈരുധ്യങ്ങള്‍ നിറഞ്ഞതും അന്താരാഷ്ട്രപ്രധാനമായ പല കേസുകളിലും ഇന്ത്യ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകള്‍ക്ക് എതിരുമാണ് എന്ന് പാക്കിസ്ഥാന് ആരോപിക്കാം. കേരളത്തിലെ കൊല്ലം ജില്ലയിലെ രണ്ട് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവം ഉദാഹരണമായി എടുക്കുക. ഈ വിഷയത്തില്‍, അവരെ ഇറ്റലിയില്‍ നിലവിലുള്ള നിയമം അനുസരിച്ചു വിചാരണ ചെയ്തുകൊള്ളാം എന്ന ഇറ്റലിയുടെ നിലപാടിനെ നാം പരിഹാസത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് ഇറ്റാലിയന്‍ നാവികര്‍ക്ക് അവര്‍ ഓരോ തവണ നാട്ടിലെത്തുമ്പോഴും ലഭിക്കുന്ന സ്വീകരണത്തെയും അവരുടെ കേസ് നടത്തിപ്പിലും അവര്‍ക്ക് ലഭ്യമാക്കേണ്ട ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ ഇറ്റലിയുടെ വിദേശകാര്യ മന്ത്രി നേരിട്ട് ഇടപെടുന്നതിനെയും നാം സംശയത്തോടെ കാണുന്നത്.
ഏതാണ്ട് ഇറ്റാലിയന്‍ നാവികര്‍ ചെയ്ത പാതകത്തിന് സമാനമോ അതിനേക്കാള്‍ ഭീകരമോ ആണ് പാക്കിസ്ഥാന്‍ സരബ്ജിതിനു മേല്‍ ആരോപിക്കുന്ന കുറ്റം. ചാരപ്രവര്‍ത്തനം നടത്തുകയും നിരവധിയാളുകള്‍ കൊല്ലപ്പെട്ട സ്‌ഫോടനങ്ങളില്‍ പങ്കുകാരനാകുകയും ചെയ്തു എന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുകയും അവിടുത്തെ കോടതികള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്ത കുറ്റങ്ങള്‍. ഈ കുറ്റങ്ങളെ മാറ്റി നിര്‍ത്തി ഒരാളെ ധീരപുത്രന്‍, രക്തസാക്ഷി എന്നൊക്കെ വാഴ്ത്താമോ ഇറ്റലി ചോദിച്ചാല്‍ നമ്മള്‍ എന്ത് മറുപടി പറയും? അങ്ങനെയെങ്കില്‍ ഇറ്റാലിയന്‍ നാവികരെ ധീരപുത്രര്‍ എന്ന് ഇറ്റലിക്കാര്‍ വിശേഷിപ്പിക്കുകയും അവിടുത്തെ പരമോന്നത ബഹുമതികളും ആദരവുകളും അവര്‍ക്ക് നല്‍കുകയും ചെയ്താല്‍ ഇന്ത്യയുടെ അതിനോടുള്ള പൊതു വികാരം എന്തായിരിക്കും? സരബ്ജ്ത് സിംഗിന്റെ കാര്യത്തില്‍ ഇന്ത്യ എടുത്ത നിലപാട് അയാള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളെ ഒട്ടും പരിഗണിക്കാതെയായിപ്പോയി എന്നത് പല തരത്തിലുള്ള തെറ്റായ കീഴ്‌വഴക്കങ്ങളും ഉണ്ടാക്കിയേക്കാം.
കുറ്റം ചെയ്തയാളുടെ ദേശീയ സ്വത്വമോ അയാള്‍ക്ക് ശിക്ഷ വിധിച്ച കോടതി എത് അതിര്‍ത്തിക്കകത്താണോ എന്നതോ അല്ല കുറ്റവാളിയെന്നു ഒരു രാജ്യം വിധിച്ച ഒരാളോട് സ്വീകരിക്കേണ്ട നിലപാടിന്റെ മാനദണ്ഡം. അങ്ങനെ ആകരുത് എന്ന് നിര്‍ബന്ധം ഉള്ളതു കൊണ്ടാണ് നാവികര്‍ തിരിച്ചുവരില്ല എന്ന് ഇറ്റലി അറിയിച്ചപ്പോള്‍ ഇന്ത്യ ഒട്ടാകെ രോഷം കൊണ്ടത്, പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ കൊണ്ട് അമ്മനമാടിയത്, കോടതികള്‍ ക്ഷോഭം കൊണ്ട് പൊട്ടിത്തെറിച്ചത്, അംബാസഡര്‍ നാട് വിടരുതെന്ന് വിലക്കിയത്.
ഒരാള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ അയാളുടെ ദേശവും ഭാഷയും പാര്‍ട്ടിയും മാനദണ്ഡമാക്കി ഓര്‍ക്കുകയോ മറക്കുകയോ ചെയ്യുന്നതാണ് നാം നേരിടുന്ന വലിയ ദുരന്തങ്ങളിലൊന്ന്. ടി പി ചന്ദ്രശേഖരന്‍ വധം മുതല്‍ സരബ്ജിത് സിംഗ് വധം വരെയുള്ള കേസുകളില്‍ നാം കാണുന്നത് അതാണ്. ഒരാള്‍ കൊല്ലപ്പെട്ടതെങ്ങനെയാണെന്നതിനെ അടിസ്ഥാനമാക്കി മാത്രം അയാളെ മൊത്തത്തില്‍ വിലയിരുത്തുന്നത് താത്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ കൊയ്യാന്‍ പലരെയും സഹായിച്ചേക്കാം. പക്ഷേ, അത് നമ്മുടെ നീതിബോധത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന വിടവ് വളരെ കനത്തതാണ്. അക്രമരാഷ്ട്രീയത്തോട് യാതൊരു വിധത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിക്കാതിരിക്കുക മാത്രമല്ല ഒരളവോളം അതിന്റെ ഗുണഭോക്താവ് കൂടിയായിരുന്ന ടി പി ചന്ദ്രശേഖരന് അന്‍പത്തൊന്ന് വെട്ടേറ്റു എന്ന കാരണത്താല്‍ മാത്രം ധീരനായ കമ്യൂണിസ്റ്റാകുന്നതിന്റെയും പാക്കിസ്ഥാനിലെ ജയിലില്‍ വെച്ച് ആക്രമിക്കപ്പെട്ടു എന്ന കാരണത്താല്‍ മാത്രം സരബ്ജിത് സിംഗ് ധീരനായ പുത്രനാകുന്നതിന്റെയും യുക്തി ഒന്ന് തന്നെയാണ്. ആ യുക്തിയെയാണ് നിങ്ങളുടെ നീതി ബോധവും രാഷ്ട്രീയ ബോധവും ആശ്രയിച്ചിരിക്കുന്നതെങ്കില്‍ നമ്മുടെ ഭാവി അത്രയൊന്നും ശുഭകരമല്ലെന്ന് വിശ്വസിക്കുക മാത്രമാണ് ഒരേയൊരു മാര്‍ഗം. ചന്ദ്രശേഖരന്‍ മുതല്‍ സരബ്ജ്ത് സിംഗ് വരെയുള്ളവര്‍ ധീരരോ രക്തസാക്ഷികളോ ആകേണ്ടത് അവര്‍ ജീവിത കാലത്ത് എന്ത് പ്രവര്‍ത്തിച്ചു എന്ന പേരിലാണ്. സ്വന്തം ജീവിതം കൊണ്ട് രക്തസാക്ഷിത്വം നേടാനാകാത്തവര്‍ മരണം കൊണ്ട് അത് നേടിയെടുക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
മറ്റുള്ളവര്‍ നമ്മെ കുറിച്ചു എന്ത് നിലപാടെടുക്കണം എന്ന് നാം ആഗ്രഹിക്കുന്നുവോ അതേ നിലപാടും മാനദണ്ഡവും മറ്റുള്ളവരുടെ കാര്യത്തില്‍ പുലര്‍ത്താന്‍ നമുക്കും ബാധ്യതയുണ്ട്. ഇന്ത്യയിലെ നിലവിലുള്ള നിയമ വ്യവസ്ഥ ഇറ്റലിക്കാര്‍ പാലിക്കണം എന്ന് നാം ആഗ്രഹിക്കുന്നതു പോലെ പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യക്കാര്‍ അവിടുത്തെ നിയമവ്യവസ്ഥയെ അനുസരിക്കണം എന്ന് ആവശ്യപ്പെടാന്‍ നമുക്കും ധാര്‍മിക ബാധ്യതയുണ്ട്. അതേപോലെ തിരിച്ചും. അങ്ങനെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കുമല്ലോ അജ്മല്‍ കസബിനെ മുംബൈ സ്‌ഫോടനത്തിന്റെ പേരില്‍ തൂക്കിലേറ്റുന്നത്.
അതേ പോലെ, ടി പി ചന്ദ്രശേഖരനെ ഒരാഘോഷ വസ്തുവാക്കി മാറ്റാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ‘യഥാര്‍ഥ ഇടതുപക്ഷ’ വക്താക്കളും ഉപയോഗിക്കുന്ന മാനദണ്ഡങ്ങളും അളവുമാപിനികളും ടി പി യുടെ രാഷ്ട്രീയ ജീവിതത്തില്‍ എത്രമാത്രം പ്രതിഫലിച്ചിട്ടുണ്ട് എന്നുകൂടി പരിശോധിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ അത്രമേല്‍ നിഷ്‌കളങ്കമായ ഒരുപവാസ സമരമായിരുന്നില്ല ടി പി യുടെത് എന്ന് വ്യക്തമാകും. സി പി എം നേതാക്കള്‍ അറിയാതെ ടി പി കൊല്ലപ്പെടില്ല എന്ന് പറയാന്‍ ആര്‍ എം പിക്കാര്‍ ഉപയോഗിക്കുന്ന മാനദണ്ഡം വെച്ച് നോക്കുമ്പോള്‍ സി പി എമ്മിന്റെ ഭാഗമായിരുന്നപ്പോള്‍ കോഴിക്കോട് ജില്ലയില്‍ നടന്ന പല അതിക്രമങ്ങളിലും ടി പിക്കും പങ്കുണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. തന്റെ സി പി എം കാല ജീവിതത്തെയോ നടത്തിയ രാഷ്ട്രീയ ഇടപെടലുകളെയോ അദ്ദേഹം തള്ളിപ്പറയാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.
എല്ലാവര്‍ക്കും എളുപ്പത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായി മാറാനുള്ള ഒരവസരം എന്ന നിലയില്‍ ഇത്തരം കൊലപാതകങ്ങള്‍ മാറുന്നു എന്നതും രാഷ്ട്രീയമായി നമ്മെ കൂടുതല്‍ ഇടുങ്ങിയതും ദുര്‍ബലവുമായ ചിന്താ ശീലങ്ങളെ പിന്തുടരുന്നവരാക്കി മാറ്റുന്നു എന്നതുമാണ് ഈ കൊലപാതകങ്ങള്‍ ഒരു ജനതയോട് ചെയ്യുന്ന മഹാപാതകം. ആദ്യത്തേതില്‍ മനുഷ്യ ജീവനുകളും രണ്ടാമത്തേതില്‍ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കേണ്ട ഓര്‍മകളും കൊലചെയ്യപ്പെടുന്നു എന്നത് മാത്രമാണ് വ്യത്യാസം. മരിക്കുമ്പോഴല്ല, ജീവിക്കുമ്പോള്‍ ധീരരും രക്തസാക്ഷികളുമാകുന്നവര്‍ ആരുണ്ട് എന്നതാണ് രാഷ്ട്രീയമായി കൂടുതല്‍ ജാഗ്രതയുള്ളവര്‍ ചോദിക്കേണ്ട ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here