ചാരപ്പണി: ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 6:49 am
SHARE

SIRAJ.......കേരള-തമിഴ്‌നാട് നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലെ രഹസ്യങ്ങള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ചോര്‍ത്താന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥന് മൂന്ന് മലയാള പത്രങ്ങള്‍ സഹായിച്ചുവെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെക്കുറിച്ചു അന്വേഷിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കയാണല്ലോ. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ സക്കാറിന് സമര്‍പ്പിച്ച റിപോര്‍ട്ടിലെ ഒരു വശം മാത്രമാണ് സംഭവത്തില്‍ ചില പത്രങ്ങള്‍ക്കുണ്ടെന്ന് പറയപ്പെടുന്ന പങ്ക്. അതീവ ഗൗരവതരമായ ഈ സംഭവത്തില്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും പങ്കുണ്ടെന്ന് സെന്‍കുമാര്‍ സൂചിപ്പിക്കുന്നുണ്ട്. അവരാരെല്ലാമാണ്? പകരം അവര്‍ക്ക് തമിഴ്‌നാട് നല്‍കിയ പ്രതിഫലമെന്തെല്ലാം? തുടങ്ങി വിവിധ കാര്യങ്ങള്‍ ഇതുസംബന്ധിച്ചു പുറത്തുവരേണ്ടതുണ്ട്.
തമിഴ്‌നാട് പി ആര്‍ ഡി ഉദ്യോഗസ്ഥനും മലയാളിയുമായ ശാസ്തമംഗലം സ്വദേശി ഉണ്ണികൃഷ്‌നാണ് നദീജലത്തര്‍ക്കം സംബന്ധിച്ച ഫയലുകളിലെ രഹസ്യങ്ങള്‍ ചോര്‍ത്തി തമിഴ്‌നാടിന് കൈമാറിയതെന്നാണ് ഇന്റലിജന്‍സ് റിപോര്‍ട്ടിലുള്ളത്. രണ്ടു പതിറ്റാണ്ടിലേറെയായി ഇയാള്‍ ഈ ചാരപ്രവത്തനം തുടങ്ങിയിട്ട്. പറമ്പിക്കുളം-ആളിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനായി കേരളം തയാറാക്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളുടെ ചാരപ്പണി സംബന്ധിച്ച് സന്ദേഹം ജനിച്ചത്. ഉണ്ണികൃഷ്ണന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഇന്റലിജന്‍സ് പരിശോധിച്ചപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇയാള്‍ക്ക് രഹസ്യം ചോര്‍ത്താന്‍ കഴിയല്ലെന്നത് വ്യക്തം. ഈ ഒറ്റുകാര്‍ക്ക് തമിഴ്‌നാട് കുടുംബ സമേതമുള്ള ഉല്ലാസയാത്ര ഉള്‍പ്പെടെ മികച്ച പ്രതിഫലവും നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
തമിഴ്‌നാടുമായുളള നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പല കേസുകളും നിലനില്‍ക്കുന്നുണ്ട്. ന്യായം കേരളത്തിന്റെ ഭാഗത്താണെങ്കിലും കേസുകളില്‍ മിക്കപ്പോഴും കേരളത്തിന് പരാജയമാണ് സംഭവിക്കാറ്. ഇതെന്ത് കൊണ്ടെന്ന് ഇപ്പോള്‍ വ്യക്തമാണ്. കോടതികളില്‍ സമര്‍പ്പിക്കാന്‍ കേരളം തയാറാക്കിയ രേഖകളും സത്യവാങ്മൂലത്തിലെ വിവരങ്ങളുമെല്ലാം തമിഴ്‌നാട് ചോര്‍ത്തിയെടുത്ത് മുന്‍കൂട്ടി പ്രതിരോധം സൃഷ്ടിക്കുന്നു. അയല്‍ സംസ്ഥാനങ്ങളുമായുള്ള അവകാശത്തര്‍ക്കത്തില്‍ തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാറിന് അതിമിടുക്കാണ്. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ചാരപ്പണി അതിന്റെ ഒരു ഭാഗം മാത്രം. ന്യായമാകട്ടെ അല്ലാതിരിക്കട്ടെ അതവരുടെ പ്രാദേശിക പ്രതിബദ്ധതയും താത്പര്യവുമാണ്. എന്നാല്‍ അവര്‍ക്ക് രഹസ്യങ്ങള്‍ ചേര്‍ത്തിക്കൊടുത്ത നമ്മുടെ ഉദ്യോഗസ്ഥ പ്രമുഖരുടെ സ്ഥിതിയോ? സ്വന്തം നാടിനോടും ജനതയോടും കൊടിയ വഞ്ചനയും നെറികേടുമാണ് അവര്‍ കാണിച്ചത്. സംഭവത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനൊപ്പം, കേരളത്തിന്റെ ശമ്പളം പറ്റി കേരളത്തിനെതിരായി പണിയെടുക്കുന്ന ഉദ്യോഗസ്ഥ വഞ്ചകരുടെ തനിനിറം കൂടി പുറംലോകം അറിയട്ടെ. അന്വേഷണത്തിന്റെ പരിധിയില്‍ ഈ വക കാര്യങ്ങള്‍ കൂടി ഉള്‍ക്കൊളളിക്കേണ്ടതുണ്ട്.
വരുമാന സര്‍ട്ടിഫിക്കറ്റ്
കാലയളവ് പുനര്‍നിര്‍ണയം
വില്ലേജ്, താലൂക്ക് ഓഫീസുകള്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാധുതാ കാലാവധിയിലും മാനദണ്ഡങ്ങളിലും വരുത്തിയ മാറ്റം സ്വാഗതാര്‍ഹമാണ്. വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരാവശ്യത്തിന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ ഒരു വര്‍ഷം വരെ മറ്റാവശ്യങ്ങള്‍ക്കും അതുപയോഗപ്പെടുത്താമെന്ന ഇളവും പ്രഖ്യാപിച്ചിരിക്കയാണ്. ഒരു നിശ്ചിത ആവശ്യത്തിനായി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ആ പ്രത്യേക ആവശ്യമെന്തെന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്നായിരുന്നു നിലവിലുള്ള ചട്ടം. ഇക്കാരണത്താല്‍ മറ്റൊരാവശ്യത്തിന് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഇത് പൊതുജനത്തിന് കടുത്ത പ്രയാസം സൃഷ്ടിച്ചിരുന്നു. ഒന്നിലധികം ആവശ്യങ്ങള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ അത്രയും തവണ വില്ലേജ്, താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയായിരുന്നു ഇതുവരെ. ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി പല തവണ ഓഫീസുകളിലേക്ക് നടക്കേണ്ട ദുരനുഭവവുമുണ്ട് പലര്‍ക്കും.സര്‍ക്കാര്‍ ഓഫീസുകളിലെ സേവനാര്‍ഥികളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക് അറുതി വരുത്താനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പല നിയമങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും സേവനാര്‍ഥികളെ വട്ടം കറക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ജീവനക്കാര്‍ ഇന്നുമുണ്ട് നമ്മുടെ ഓഫീസുകളില്‍. റവന്യൂ വകുപ്പിന്റെ പരിഷ്‌കരണങ്ങള്‍ ഇത്തരക്കാരുടെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here