Connect with us

Thiruvananthapuram

ഹരിതയുടെ കൈക്കുമ്പിളില്‍ മൂന്ന് തവണ കൈവിട്ട സ്വപ്നം

Published

|

Last Updated

തിരുവനന്തപുരം:സ്വപ്‌നം എന്നത് കണ്ട് മറക്കാനുള്ളതല്ല, പിന്തുടര്‍ന്ന് നേടാനുള്ളതാണെന്ന് ഹരിതയുടെ സാക്ഷ്യം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഈ മിടുക്കിയുടെ വിജയര ഹസ്യവും തോല്‍വിയില്‍ പിന്‍മാറാത്ത ഈ മനസ്സാണ്. മൂന്ന് തവണ കൈവിട്ട ഐ എ എസ് എന്ന സ്വപ്‌നം ഒന്നാം റാങ്കോടെ സ്വന്തമാക്കുമ്പോള്‍ കേരളത്തിനും ഇത് അഭിമാന മുഹൂര്‍ത്തം.

20 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സിവില്‍ സര്‍വീസ് പരീക്ഷയുടെ ഒന്നാം റാങ്ക് കൊണ്ടുവന്ന ഈ മിടുക്കിയെ തേടി തൈക്കാട്ടെ വാടകവീട്ടില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള ഫോണ്‍കോളുകള്‍ പ്രവഹിക്കുകയാണ്. വിളിക്കുന്നവര്‍ക്ക് അഭിനന്ദനം ഹരിതയെ നേരിട്ട് അറിയിക്കാനാകുന്നില്ല. കാരണം, ഹരിത ഫരീദാബാദില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ട്രെയിനിംഗിന്റെ തിരക്കിലാണ്. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസിലാണ്് ഹരിത ജോലി ചെയ്യുന്നത്.
വിജയകുമാര്‍, ചിത്ര ദമ്പതികളുടെ മൂത്ത മകളായ ഹരിതയെ തേടി ഐ എ എസ് എത്തുന്നത് നാലാമത്തെ അവസരത്തിലാണ.് ആദ്യം 2008-ല്‍, പിന്നീട് തൊട്ടടുത്ത വര്‍ഷം. അന്ന് സെലക്ഷന്‍ കിട്ടിയെങ്കിലും വേണ്ടെന്ന് വെച്ചു. മൂന്നാം തവണയാണ് 179-ാം റാങ്കോടെ ഐ ആര്‍ എസ് ലഭിച്ചത്.
പക്ഷെ, അതില്‍ തൃപ്തിപ്പെടാന്‍ ഹരിത ഒരുക്കമായില്ല. കേരളാ കേഡറില്‍ ഐ എ എസ്, ഇതായിരുന്നു സ്വപ്‌നം. ഇന്ത്യന്‍ റവന്യൂ സര്‍വീസിന്റെ 18 മാസത്തെ പരിശീലനത്തിനിടെ അടിയന്തര അവധിയെടുത്താണ് ഹരിത ഇക്കുറി ഒന്നാം റാങ്കിന് വേണ്ടി പരിശ്രമിച്ചത്.
ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ കേരള സിലബസില്‍ പഠിച്ച് സര്‍ക്കാര്‍ സ്‌കൂളിലാണ് പ്ലസ് ടൂ പഠനം പൂര്‍ത്തിയാക്കിയത്. നെയ്യാറ്റിന്‍കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 95 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായി. തുടര്‍ന്ന് ബാര്‍ട്ടന്‍ഹില്‍ എന്‍ജിനീയറിംഗ് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിംഗ് പാസായി. സാമ്പത്തിക ശാസ്ത്രവും മലയാളവും മെയിന്‍ വിഷയമായി തിരഞ്ഞെടുത്ത് പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷക്ക് വേണ്ടി തയാറെടുത്തത്.
കൈവച്ച മേഖലകളിലെല്ലാം ഹരിത മികവ് തെളിയിച്ചിട്ടുണ്ടെന്ന് അമ്മ ചിത്ര. എസ് എസ് എല്‍ സി പരീക്ഷയില്‍ ഏഴാം റാങ്ക് വാങ്ങി അച്ഛന് നല്‍കിയ വാക്കാണ് പാലിച്ചത്. പഠനത്തില്‍ മാത്രമല്ല, കലാരംഗത്തും കഴിവ് തെളിയിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍, ശാസ്ത്രീയ സംഗീതം, ലളിതഗാനം പഠനത്തിനൊപ്പം ഹരിത ഇവയെല്ലാം കൂടെക്കൊണ്ടു നടന്നു. 15 വര്‍ഷം ശാസ്ത്രീയസംഗീതം പഠിച്ചു. സ്‌കൂള്‍ തലങ്ങളില്‍ മത്സരിച്ച് പലതവണ കിരീടം നേടി.
സിവില്‍ സര്‍വീസ് എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് മനസ്സ് കേന്ദ്രീകരിച്ചപ്പോള്‍ ഹരിത, പാട്ടിനും ഡാന്‍സിനുമെല്ലാം ഇടവേള നല്‍കി. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കുക; ഇതാണ് ഹരിതയുടെ നയം.
ഇരട്ട സഹോദരങ്ങളായ സതീര്‍ത്ഥ് വി കുമാറും സാദര്‍ശ് വി കുമാറും ഹരിതയുടെ പാതയിലാണ്. എന്‍ജിനീയറിംഗ് കഴിഞ്ഞ അവരുടെയും സ്വപ്‌നം സിവില്‍ സര്‍വീസ് തന്നെ. സതീര്‍ത്ഥ് എന്‍ജിനീയറിംഗിന് ശേഷം ചെന്നൈയില്‍ ജോലി ചെയ്യുന്നു. സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലനത്തിലും.
നെയ്യാറ്റിന്‍കര ചിത്രാലയം എന്ന സ്വന്തം വീട്ടില്‍ നിന്ന് തൈക്കാട്ടെ വാടകവീട്ടിലേക്ക് താമസം മാറിയത് തന്നെ ഹരിതയുടെ സിവില്‍ സര്‍വീസ് സ്വപ്‌നം സാക്ഷാത്കരിക്കാനായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. ഏഴ് വര്‍ഷമായി ഈ വാടകവീട്ടിലാണ് താമസം.

---- facebook comment plugin here -----

Latest