രണ്ടാമൂഴത്തില്‍ രണ്ടാം റാങ്ക്: ശ്രീരാമിനിത് ഇരട്ടി മധുരം

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 12:28 am
SHARE

കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്കുനേടി കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ഡോക്ടര്‍ വി ശ്രീരാമിന് ലഭിച്ചത് കഠിനാധ്വാനത്തിന്റെ ഇരട്ടിമധുരം. ആദ്യ ഉദ്യമത്തില്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാഡമിയില്‍ കോച്ചിംഗ് നേടിയാണ് ശ്രീരാം പരീക്ഷ എഴുതിയത്. പക്ഷേ റാങ്ക് പട്ടികയില്‍ ഏറെ താഴെയായി. കഴിഞ്ഞ തവണത്തെ പരിചയം മാത്രം പ്രയോജനപ്പെടുത്തി കോച്ചിംഗ് ഒന്നുമില്ലാതെ തന്നെയാണ് ഇത്തവണ പരീക്ഷ എഴുതിയതും രണ്ടാം റാങ്ക്് എത്തിപ്പിടിച്ചതും.

എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ സുവോളജി മുന്‍ മേധാവിയും കരിയര്‍ കണ്‍സള്‍ട്ടന്റുമായ പി ആര്‍ വെങ്കിട്ടരാമന്റേയും സ്‌റ്റേറ്റ് ബേങ്ക് വൈറ്റില ബ്രാഞ്ചില്‍ അസിസ്റ്റന്റായ ആര്‍ രാജത്തിന്റേയും മൂത്ത മകനായ ശ്രീരാം ഇപ്പോള്‍ കട്ടക്കിലെ എസ് സി ബി മെഡിക്കല്‍ കോളജില്‍ ജനറല്‍ മെഡിസിനില്‍ എം ഡിക്ക് പഠിക്കുകയാണ്. ആദ്യ തവണ എഴുതിയപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തെങ്കിലും പോയില്ല. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് എം ബി ബി എസ് എടുത്തത്. കമ്മ്യൂണിറ്റി മെഡിസിനില്‍ താത്പര്യമുണ്ടായിരുന്ന ശ്രീരാമിനെ അച്ഛനാണ് ഐ എ എസ് എഴുതാന്‍ പ്രേരിപ്പിച്ചത്.
പ്ലസ്ടുവരെ ഭാരതീയ വിദ്യാഭവനിലായിരുന്നു പഠനം. മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ 26-ാം റാങ്കോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം ബി ബി എസിന് ചേര്‍ന്നത്.
വെള്ളിയാഴ്ച രാവിലെ ശ്രീറാം കുടുംബാംഗങ്ങളെ വിളിച്ച് ഇന്ന് പരീക്ഷാഫലം വരുമെന്ന് അറിയിച്ചിരുന്നു. രാവിലെ പതിനൊന്നോടെ ഇന്റര്‍നെറ്റിലൂടെയാണ് വീട്ടുകാര്‍ റാങ്ക് നേട്ടം അറിഞ്ഞത്.
രണ്ടാം റാങ്ക് പ്രതീക്ഷിച്ചില്ലെന്നും വളരെ സന്തോഷമുണ്ടെന്നും അച്ഛന്‍ വെങ്കിട്ടരാമന്‍ പറഞ്ഞു. ചിട്ടയായ പഠനമാണ് മകന്‍ നടത്തിയിരുന്നത്. ദിവസവും മൂന്നോ നാലോ മണിക്കൂര്‍ മാത്രം പഠിക്കും. ആവശ്യത്തിന് വിനോദത്തിലും ഏര്‍പ്പെടാറുണ്ട്. കഴിഞ്ഞ തവണത്തെ റാങ്ക് ജേതാവും സീനിയറുമായ ആലപ്പുഴ സ്വദേശി സമിറനില്‍ നിന്നാണ് ശ്രീരാമിന് പ്രചോദനം ലഭിച്ചത്.
ഒരു സാധാരണ കുട്ടിയായ ശ്രീരാമിന്റെ ഈ വിജയം മറ്റു കുട്ടികള്‍ക്ക് കൂടി പ്രചോദനമാകട്ടെയെന്നും അടുത്ത തവണ കൂടുതല്‍ റാങ്കുകള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനയില്‍ ഏറെ തല്‍പരനായ ശ്രീരാമിന് പത്രപാരായണവും ബാസ്‌ക്കറ്റ് ബോളുമാണ് ഏറെ താല്‍പര്യം. ഒറ്റ സിനിമയും വിടാറില്ല. മിക്കവാറും കുടുംബത്തെയും കൂട്ടിയാണ് സിനിമക്ക് പോകാറെന്ന് അമ്മ രാജം പറഞ്ഞു.