പത്രങ്ങള്‍ക്കെതിരായ പരാമര്‍ശം ചീഫ് സെക്രട്ടറി അന്വേഷിക്കും

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 11:34 pm
SHARE

manorama തിരുവനന്തപുരം:അന്തര്‍സസ്ഥാന നദീജല കരാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് രേഖകള്‍ ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കും. തമിഴ്‌നാടിന് അനുകൂലമായി മൂന്ന് മാധ്യമങ്ങള്‍ വാര്‍ത്തയെഴുതിയെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് പ്രധാനമായും അന്വേഷിക്കുക. കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി പത്രങ്ങളുടെ പത്രാധിപന്മാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണോട് മൂന്ന് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അന്തര്‍ സംസ്ഥാന നദീജല കരാറുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതിരെയാണ് മൂന്ന് പത്ര ഉടമകള്‍ രംഗത്തെത്തിയത്. പത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പരമാര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളതെന്നായിരുന്നു ഇവരുടെ പരാതി. ഈ വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തി വ്യക്തമായ വിശദീകരണം നല്‍കണമെന്നും പത്ര ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്‍ മൂന്ന് പ്രമുഖ മലയാള ദിനപത്രങ്ങളുടെ ലേഖകരെ സ്വാധീനിച്ച് കേരളവിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും കേരളത്തിന്റെ വാദങ്ങളാണ് മുന്‍തൂക്കം നല്‍കി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പത്ര ഉടമകള്‍ നല്‍കിയ പരാതിയില്‍ അവകാശപ്പെട്ടിരുന്നു. മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍, കേരള കൗമുദി മാനേജിംഗ് ഡയറക്ടര്‍ എം എസ് രവി എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here